രാഹുലിന്റെ സന്ദര്‍ശനം: 29ന് നിയമസഭ യോഗം ചേരില്ല; നന്ദിപ്രമേയ ചര്‍ച്ച രണ്ടു ദിവസം മാത്രം

Posted on: January 26, 2019 12:18 am | Last updated: January 26, 2019 at 12:18 am

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്ന ജനുവരി 29ന് നിയമസഭ ചേരേണ്ടതില്ലെന്ന് കാര്യോപദേശക സമിതിയില്‍ ധാരണ. യു ഡി എഫിന്റെ ആവശ്യ പ്രകാരമാണിത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള സഭയിലെ നന്ദിപ്രമേയ ചര്‍ച്ച രണ്ടു ദിവസമായി ചുരുക്കാനും ധാരണയായിട്ടുണ്ട്.
നേരത്തെ 28 മുതല്‍ 30 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന നന്ദിപ്രമേയ ചര്‍ച്ചയാണ് ഒരു ദിവസം കുറച്ചത്.

31ന് ബജറ്റ് അവതരണം നടത്തും. തൊട്ടടുത്ത ദിവസമായ ഫെബ്രുവരി ഒന്നിനും 12നും സഭ ചേരും. ബജറ്റ് അവതരണം കഴിഞ്ഞ് ഫെബ്രുവരി ഒന്നിനു സഭ ചേരാമെന്ന മുന്‍ തീരുമാനത്തിലാണ് മാറ്റം വരുത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനം മാര്‍ച്ച് തുടക്കത്തിലുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നാലു മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി അനിശ്ചിത കാലത്തേക്ക് സഭ പിരിയേണ്ട സാഹചര്യമാണുള്ളത്. വോട്ട് ഓണ്‍ അക്കൗണ്ട് കൂടി പാസാക്കേണ്ടതു കൊണ്ടാണ് രണ്ടു ദിവസം അധികം സഭ ചേരാന്‍ തീരുമാനിച്ചിട്ടുള്ളത്.