പ്രണബ് കുമാര്‍ മുഖര്‍ജി ഉള്‍പ്പടെ മൂന്നു പേര്‍ക്ക് ഭാരതരത്‌ന

Posted on: January 25, 2019 9:59 pm | Last updated: January 26, 2019 at 1:34 pm

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജിക്ക് രാജ്യത്തെ പരമോന്നത പുരസ്‌കാരമായ ഭാരതരത്‌ന. ഗായകനും സംഗീത സംവിധായകനുമായ ഭൂപന്‍ ഹസാരിക, സാമൂഹിക പ്രവര്‍ത്തകന്‍ നാനാജി ദേശ്മുഖ് എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായും ഭാരതരത്‌ന നല്‍കുമെന്ന് രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയുടെ 13ാമത് രാഷ്ട്രപതിയായിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജി. യു പി എ സര്‍ക്കാറിന്റെ കാലത്ത് ധനകാര്യ വകുപ്പു മന്ത്രിയായി സേവനമനുഷ്ഠിച്ചു. പശ്ചിമ ബംഗാളിലെ ജംഗിപ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ലോക്‌സഭാംഗമായത്.

ജനതാ പാര്‍ട്ടി സ്ഥാപാകാംഗമായ നാനാജി ദേശ്മുഖ് മധ്യപ്രദേശ്, യു പി സംസ്ഥാനങ്ങളിലെ 500ഓളം ഗ്രാമങ്ങളിലെ സാമൂഹികാവസ്ഥ മെച്ചപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ച അദ്ദേഹം 2010ല്‍ നിര്യാതനായി.
അസം സ്വദേശിയായ ഹസാരികക്ക് നേരത്തെ പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍, സംഗീത നാടക അക്കാദമി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2012ല്‍ പത്മവിഭൂഷണും അദ്ദേഹത്തെ തേടിയെത്തി. 2011 നവംബറിലാണ് നിര്യാതനായത്.