Connect with us

Wayanad

ആരാധനാലയങ്ങളിലെ ഭക്ഷ്യവിതരണത്തിന് ഫുഡ്‌സേഫ്ടി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

Published

|

Last Updated

മാനന്തവാടി: ആരാധനാലയങ്ങളിലൂടെ വിതരണം ചെയ്യുന്ന പ്രസാദം, അന്നദാനം, നേര്‍ച്ച ഭക്ഷണം മുതലായ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ എടുത്തിരിക്കണമെന്ന സര്‍ക്കാര്‍ നിയമം ജില്ലയിലും കര്‍ശനമാക്കുന്നു. ഫിബ്രുവരി 28 ന് മുമ്പായി ഇത്തരം ഭക്ഷണം വിതരണം ചെയ്യുന്ന മുഴുവന്‍ കൃസ്ത്യന്‍, മുസ്ലിം പള്ളികള്‍, ഹൈന്ദവക്ഷേത്രങ്ങള്‍ എന്നിവ മാനദണ്ഡം പാലിച്ചു മാത്രമേ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യാവൂ എന്ന് ഫുഡ് സേഫ്ടി വിഭാഗം മുന്നറിയിപ്പ് നല്‍കി.

ആരാധനാലയങ്ങള്‍ വഴിയുള്ള ഭക്ഷണപദാര്‍ത്ഥ വിതരണം പൂര്‍ണ്ണമായും ശുചിത്വപൂര്‍ണ്ണമായിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യസുരക്ഷാഗുണനിലവാര നിയമം 2006 ജില്ലയിലും ഫലപ്രദമായി നടപ്പിലാക്കുന്നത്.
വിശേഷാവസരങ്ങളില്‍ ഹാളുകള്‍ ഭക്ഷണ വിതരണം നടത്തുന്ന കാറ്ററിംഗ് വിഭാഗമോ വ്യക്തികളോ ഏജന്‍സികളോ ഫുഡ് സേഫ്ടി രജിസ്ട്രഷന്‍ എടുത്തവരാണെന്ന് ഉറപ്പ് വരുത്തണമെന്നും അല്ലാത്ത പക്ഷം ഭക്ഷ്യവിഷബാധപോലുള്ള അനിഷ്ട സംഭവങ്ങളുണ്ടായാല്‍ സ്ഥാപന ഉടമ ഉത്തരവാദിയായിരിക്കുമെന്നും ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി ജെ വര്‍ഗ്ഗീസ് അറിയിച്ചു.

ഇത്തരത്തില്‍ പരിശോധനയില്‍ രജിസ്‌ട്രേഷനോ ലൈസന്‍സോ ഇല്ലാത്തവര്‍ ഭക്ഷണ വിതരണം നടത്തുന്നത് പിടിക്കപെട്ടാല്‍ ആറ് മാസം തടവും അഞ്ചു ലക്ഷംരൂപാ വരെ പിഴയുമീടാക്കുന്ന വകുപ്പുകള്‍ പ്രകാരം കേസ് ചുമത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.