Connect with us

Eranakulam

തലവര മാറ്റം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ്

Published

|

Last Updated

കൊച്ചി: നീണ്ട ഇടവേളക്ക് ശേഷം പുനരാരംഭിക്കുന്ന ഐ എസ് എല്‍ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ന് കൊച്ചിയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് കല്‍ക്കത്ത എ ടി ക്കെയെ നേരിടും. പുതിയ കോച്ചിന് കീഴില്‍ സ്വന്തം മൈതാനത്തിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷകളുടെ അമിത ഭാരമില്ല. 12 മത്സരങ്ങളില്‍ നിന്ന് 9 പോയിന്റുമായി എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേഓഫ് സാധ്യത ഏറെക്കുറേ അവസാനിച്ചു. എന്നാല്‍, സൂപ്പര്‍ കപ്പിനുള്ള യോഗ്യതയും വിജയവഴിയില്‍ തിരികെ എത്തുകയുമാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. ലീഗിലെ ആദ്യ ആറ് സ്ഥാനക്കാര്‍ക്കാണ് സൂപ്പര്‍ കപ്പ് യോഗ്യത. സൂപ്പര്‍ കപ്പ് യോഗ്യതയെക്കാള്‍ കാണികളെ വീണ്ടും സ്റ്റേഡിയത്തിലേക്കെത്തിക്കുകയാണ് നെലോ വിന്‍ഗാദയുടെ വെല്ലുവിളി.

ഉദ്ഘാടന മത്സരത്തില്‍ എ ടി കെയെ തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്സിന് പിന്നീട് ഒരു കളിയിലും ജയിക്കാനായിട്ടില്ല. ഹോം ഗ്രൗണ്ടിലെ ആറ് മത്സരങ്ങളിലും വിജയമുണ്ടായില്ല. മുംബൈ സിറ്റിയോട് 6-1ന് തോറ്റതോടെ ഇംഗ്ലീഷ് കോച്ച് ഡേവിഡ് ജെയിംസിനെ പുറത്താക്കുകയും ചെയ്തു. പകരക്കാരനായെത്തിയ മുന്‍ നോര്‍ത്ത് ഈസ്റ്റ് പരിശീലകന്‍ നെലോ വിന്‍ഗാദയുടെ കീഴില്‍ ആദ്യ മത്സരമാണിന്ന്.

ജനുവരി ട്രാന്‍സ്ഫര്‍ വഴി സി കെ വിനീത്, ഹാളിചരണ്‍ നര്‍സാരി അടക്കമുള്ള താരങ്ങള്‍ ടീം വിട്ടതും മിഡ്ഫീല്‍ഡല്‍ സക്കീര്‍ മുണ്ടംപാറക്ക് ആറ് ളിയില്‍ വിലക്ക് വന്നതും ടീമിന് തിരിച്ചടിയായിട്ടുണ്ട്. ക്രച്മറേവിച്ച്, മുഹമ്മദ് റാകിപ് എന്നിവര്‍ പരുക്കിന്റെ പിടിയിലുമാണ്. ചെന്നൈയിന്‍ എഫ് സിയിലേക്ക് വായ്പ അടിസ്ഥാനത്തില്‍ കൈമാറിയ വിനീതിന്റെയും നര്‍സാരിയുടെയും മാറ്റം ഇന്നലെയാണ് ഇരു ക്ലബ്ബുകളും ഔദ്യോഗികമായി അറിയിച്ചത്. അസമീസ് മുന്നേറ്റക്കാരന്‍ ബെവറിഭംഗ്ഡാവോ ബോഡോ നര്‍സാരിക്ക് പകരമായി ചെന്നൈയില്‍ നിന്ന് ബ്ലാസ്റ്റേഴ്സിലെത്തി. 18 കാരനായ ബോഡോ ഈ സീസണില്‍ ഗോകുലം എഫ് സിക്കായും കളിച്ചിരുന്നു.

ഗോള്‍കീപ്പര്‍ നവീന്‍ കുമാര്‍ പഴയ തട്ടകമായ ഗോവയിലേക്ക് ചേക്കേറിയപ്പോള്‍ ലാല്‍തുമാവിയ റാള്‍ട്ടെയാണ് ബ്ലാസ്റ്റേഴ്സില്‍ പകരമെത്തിയത്. യുവതാരം നോംഗ്ദാംബ നോറോമാണ് ബ്ലാസ്റ്റേഴ്സില്‍ പുതുതായി എത്തിയ മറ്റൊരു താരം. അതേസമയം, എ ടി ക്കെക്ക് അവസാന നാലില്‍ എത്താന്‍ ഇനിയും സാധ്യതകളുണ്ട്. 12 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി ആറാം സ്ഥാനത്താണ് എ ടി കെ. നാല് മത്സരങ്ങള്‍ ജയിക്കാനായി. കഴിഞ്ഞ സീസണില്‍ ബെംഗളൂരിനായി തിളങ്ങിയ എദു ഗാര്‍സ്യയെയും ഡല്‍ഹിയുടെ പ്രീതം കോട്ടലിനെയും എ ടി കെ ട്രാന്‍സഫറിലൂടെ സ്വന്തമാക്കി. പരുക്കേറ്റ സൂപ്പര്‍ സ്ട്രൈക്കര്‍ കാലു ഉച്ചെ ടീമില്‍ തിരിച്ചെത്തുകയും ചെയ്തു. ബ്ലാസ്റ്റേഴ്‌സ് മുന്‍ പരിശീലകന്‍ കൂടിയായ കോപ്പലാണ് എ ടി ക്കെയുടെ തന്ത്രങ്ങളൊരുക്കുന്നത്. ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനോട് തോറ്റതിന് മധുര പ്രതികാരത്തിന് കൂടിയാണ് എ ടി ക്കെക്ക് അവസരമൊരുങ്ങിയിരിക്കുന്നത്.

ബെംഗളൂരു എഫ് സി, മുംബൈ സിറ്റി, ജംഷെഡ്പൂര്‍ എഫ് സി, എഫ് സി ഗോവ, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എന്നിവരാണ് നിലവില്‍ പോയന്റ് പട്ടികയില്‍ മുന്നിലുള്ളത്.

 

കെ എം സിജു
കൊച്ചി

 

sijukm707@gmail.com

Latest