തോട്ടം തൊഴിലാളി മേഖലയില്‍ ചൂഷണങ്ങള്‍ ശക്തമാവുന്നു

കല്‍പ്പറ്റ
Posted on: January 25, 2019 6:05 pm | Last updated: January 25, 2019 at 6:05 pm

കല്‍പ്പറ്റ: ജില്ലയിലെ തോട്ടം തൊഴില്‍ മേഖലയില്‍ കൊടിയ ചൂഷണം വയനാട്ടിലെ തേയില-കാപ്പിത്തോട്ടം തൊഴില്‍ മേഖലകളിലാണ് കൊടിയ ചൂഷണം നടക്കുന്നത്. കൂലിയിനത്തിലും മറ്റ് ആനുകൂല്യങ്ങള്‍, താമസ ചികിത്സാ സൗകര്യങ്ങള്‍ എന്നിവ തോട്ടം തൊഴിലാളികള്‍ക്ക് അന്യമാവുകയാണ്. ജില്ലയിലെ വന്‍ തോട്ടങ്ങളായ ഹാരിസണ്‍സ് മലയാളം ചുണ്ട എസ്റ്റേറ്റ് അച്ചൂര്‍ എസ്റ്റേറ്റ് തലപ്പുഴ എസ്റ്റേറ്റ് തുടങ്ങിയ വന്‍കിട തോട്ടങ്ങളില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.

എന്നാല്‍ ഇവരുടെ താമസ സൗകര്യങ്ങള്‍ പോലും ഏറെ പരിതാപകരമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇംഗ്ലീഷുകാരുടെ കാലത്ത് നിര്‍മിച്ച പാടികളിലാണ് തൊഴിലാളികള്‍ താമസിക്കുന്നത് പാടികളുടെ അറ്റകുറ്റപണികള്‍ ചെയ്തിട്ട് പതിറ്റാണ്ടുകളായി. ഇടിഞ്ഞ് പൊളിഞ്ഞ് നിലംപൊത്താറായ പാടികളിലാണ് ജീവന്‍ പണയം വെച്ച് അന്തിയുറങ്ങുന്നത് പല ഭാഗങ്ങളിലും പ്രളയകാലത്ത് ഇത്തരം പാടികള്‍ നിലംപൊത്തിയിരുന്നു.കൂലിയിനത്തിലും കൊടിയ ചൂഷണങ്ങളാണ് നടക്കുന്നത് നഷ്ടങ്ങളുടെ കണക്കുകകള്‍ ചൂണ്ടിക്കാട്ടി കൂലിയും ബോണസ് ചികിത്സാ ആനുകൂല്യങ്ങള്‍ എന്നിവ പൂര്‍ണമായും വെട്ടിക്കുറക്കുന്ന നിലപാടുകളാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നത്.കാര്‍ഷിക വിളകളുടെയും തേയിലയുടെയുമൊക്കെ വിലയിടിവാണ് മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ നല്ല വിലയുള്ള കാലത്തും ജീവനക്കാരോട് ഇതെ ചൂഷണം തന്നെയാണ് വന്‍കിട മാനേജ്‌മെന്റുകള്‍ സ്വീകരിച്ചിരുന്നത്‌.

തോട്ടം മേഖകളിലെ സ്‌കൂളുകളുടെ അവസ്ഥയും ഏറെ ദയനീയമാണ്. വിദ്യഭ്യാസ രംഗത്തും മറ്റും കടുത്ത അവഗണനയാണ് ഇത്തരം മാനേജ്‌മെന്റുകള്‍ സ്വീകരിക്കുന്നത്. ലേബര്‍ ഡിപ്പാര്‍ട്ടുമെന്റും തൊഴിലാളികളുടെ കാര്യത്തില്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല. സര്‍ക്കാര്‍ ആനുകൂല്യങ്ങളൊക്കെ തോട്ടം തൊഴിലാളികള്‍ക്ക് അപര്യാപ്തമാണ്. തൊഴില്‍ മേഖലയില്‍ നടക്കുന്ന ഇത്തരം ചൂഷണങ്ങള്‍ക്കെതിരെയും കടുത്ത മനുഷ്യാവകാശ ലംഘനത്തിനെതിരെയും തോട്ടം തൊഴില്‍ മേഖലയില്‍ പ്രതിഷേധം ശക്തമാവുകയാണ്.