ലീഗിലെ വിഭാഗീയത: പഞ്ചായത്ത് പ്രതിനിധി സമ്മേളനം മാറ്റി

Posted on: January 25, 2019 6:00 pm | Last updated: January 25, 2019 at 6:00 pm

 വേങ്ങര: ശക്തമായ വിഭാഗീയതയെ തുടര്‍ന്ന് വേങ്ങര പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രതിനിധി സമ്മേളനം മാറ്റിവെച്ചു. അടുത്ത മാസം 13ന് നിശ്ചയിച്ച സമ്മേളനമാണ് വിഭാഗീയത കാരണം മാറ്റി വെച്ചത്.

പഞ്ചായത്ത് ലീഗില്‍ ശക്തമായ വിഭാഗീയതയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്റെ സോഷ്യല്‍ മീഡിയ വിവാദവും രാജി ആവശ്യപ്പെടലും നടപടികളുമാണ് വിഭാഗീയത രൂക്ഷമാകാനിടയാക്കിയത്. പാര്‍ട്ടിയുടെ എഴുപതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പഞ്ചായത്ത്, മണ്ഡലം, ജില്ലാ സമ്മേനങ്ങള്‍ നടത്തുന്നത്. 16 നാണ് വേങ്ങര മണ്ഡലം സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. അതിന് മുമ്പേ പഞ്ചായത്ത് സമ്മേളനങ്ങള്‍ നടത്തണമെന്നാണ് നിര്‍ദേശം. വേങ്ങര പഞ്ചായത്ത് സമ്മേളനം തീരുമാനിക്കുകയും പല അഥിതികളെയും ക്ഷണിക്കുകയും ചെയ്തിരുന്നു.

പ്രവര്‍ത്തകരുടെ ശക്തമായ വിയോജിപ്പുകളാണ് സമ്മേളനം മാറ്റി വെക്കാന്‍ പഞ്ചായത്ത് നേതൃത്വത്തെ നിര്‍ബന്ധിതരാക്കിയത്. നേരത്തേ പാര്‍ട്ടിക്കുള്ളില്‍ നിലനിന്നിരുന്ന വിഭാഗീയത സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്റെ സോഷ്യല്‍ മീഡിയ സന്ദേശം വിവാദമായതോടെ കൂടുതല്‍ രൂക്ഷമായതാണ് പഞ്ചായത്ത് സമ്മേളനത്തെ ബാധിച്ചത്.

മന്‍സൂറിനെതിരെ നടപടി കത്ത് നല്‍കിയ പഞ്ചായത്ത് കമ്മിറ്റിക്കെതിരെ മന്‍സൂറിനെ അനുകൂലിക്കുന്നവരും മന്‍സൂറിനെതിരെ നടപടികള്‍ ആവശ്യപ്പെട്ട് എതിര്‍ വിഭാഗവും രംഗത്ത് സജീവമായതാണ് നേതൃത്വത്തെ ത്രിശങ്കുവിലാക്കിയത്.