ഹിന്ദ് സഫര്‍: സമാപന സമ്മേളന വിളംബരമായി ഹിന്ദ് റേഡിയോ

Posted on: January 25, 2019 5:46 pm | Last updated: January 25, 2019 at 5:47 pm

കോഴിക്കോട്: എസ് എസ് എഫ് ഹിന്ദ് സഫര്‍ ദേശീയ യാത്രയുടെ സമാപന സമ്മേളത്തിന്റെ വിളംബരമായി റിപബ്ലിക് ദിനമായ നാളെ കുട്ടികള്‍ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള സ്വപ്‌നം പങ്കുവെക്കുന്നു.

വിദ്യാഭ്യാസം, ഗവേഷണം, സൗഹൃദം, വികസനം, സര്‍ഗാത്മക ചിന്ത തുടങ്ങി ഇനിയും സഫലമാകാത്ത പ്രതീക്ഷകളെക്കുറിച്ചും പട്ടിണി, അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത, തകര്‍ന്നുകൊണ്ടിരിക്കുന്ന മതേതര- ജനാധിപത്യ മൂല്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകളും ജില്ലയിലെ ആയിരത്തില്‍പ്പരം തെരുവുകളില്‍ മഴവില്‍സംഘം വിളിച്ചുപറയും. ലോകത്തിനിടയില്‍ അഭിമാനപൂര്‍വം തലയുയര്‍ത്തി നില്‍ക്കാന്‍ രാജ്യം കടന്നുചെല്ലേണ്ട വഴികളെക്കുറിച്ചുള്ള സ്വപ്‌നങ്ങളും ഹിന്ദ് റേഡിയോയിലൂടെ അവര്‍ പങ്കുവെക്കും.

തുടര്‍ന്ന് രാജ്യത്തിന്റെ ഭരണഘടന വായിക്കും. ഭരണഘടനയുടെ ആത്മാവായ മൗലികാവകാശങ്ങളും കര്‍ത്തവ്യങ്ങളും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് കുട്ടികള്‍ പ്രഖ്യാപിക്കും. ഹിന്ദ് റേഡിയോയുടെ ഭാഗമായി പ്രഭാഷണം, പ്രകടനം, കൊളാഷ് പ്രദര്‍ശനം എന്നിവയും നടക്കും.

ഇതു സംബന്ധമായി ചേര്‍ന്ന യോഗം സിദ്ദീഖ് അസ്ഹരിയുടെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി സി ആര്‍ കെ മുഹമ്മദ് വള്ളിയാട് ഉദ്ഘാടനം ചെയ്തു. റിയാസ് കക്കംവള്ളി, ജാബിര്‍ നെരോത്ത്, ശരീഫ് സഖാഫി താത്തൂര്‍, ഡോ. എം എസ് മുഹമ്മദ്, സ്വഫ്‌വാന്‍ സഖാഫി, സിറാജ് ചെറുവാടി, റാഫി അഹ്‌സനി, വാഹിദ് സഖാഫി, റഊഫ് സഖാഫി, വി പി കെ ഉമറലി, ശമീര്‍ വാളന്നൂര്‍, റാസിഖ് ഒളവണ്ണ സംബന്ധിച്ചു.