Connect with us

Kozhikode

ബേപ്പൂര്‍- കോഴിക്കോട് കടല്‍യാത്ര നാളെ മുതല്‍

Published

|

Last Updated

ബേപ്പൂരില്‍ കടല്‍യാത്രക്കു തയ്യാറായ ടൂറിസ്റ്റ് ഫെറി ക്ലിയോപാട്ര ബോട്ട്

ബേപ്പൂര്‍: കടലിന്റെ സൗന്ദര്യം അവോളം ആസ്വദിക്കാന്‍ കൊച്ചിയില്‍ നിന്ന് ബേപ്പൂര്‍ തീരത്തെത്തിച്ച ടൂറിസ്റ്റ് ഫെറി ബോട്ട് “ക്ലിയോപാട്ര” യുടെ ആദ്യ സഞ്ചാരം നാളെ. വിനോദ സഞ്ചാരികള്‍ക്കു കടലിലെ ഉല്ലാസ യാത്ര ലക്ഷ്യമിട്ടു തയ്യാറാക്കിയ ക്ലിയോപാട്ര ബോട്ടിന്റെ കന്നിയാത്ര നാളെ ഉച്ചക്ക് മന്ത്രി എ കെ ശശീന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.
കോഴിക്കോടിന്റെ കടല്‍ക്കാഴ്ചകള്‍ കണ്ടറിയാനും തിരമാലകളെ തഴുകി യാത്ര ചെയ്യാനും ഇനി ക്ലിയോപാട്ര ബേപ്പൂരിലുണ്ടാകും. ബോട്ടിന്റെ സുരക്ഷാ സര്‍വേകളും വിദഗ്ധ സംഘത്തിന്റെ പരിശോധനയും കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് പെയിന്റടിച്ച് പുതുമോടിയിലേക്കെത്തിച്ചിട്ടുണ്ട്. ബേപ്പൂരില്‍ ടൂറിസ്റ്റ് ബോട്ട് സര്‍വീസിനായുള്ള പ്രത്യേക ജെട്ടി നിര്‍മാണം പൂര്‍ത്തിയായി. ബോട്ടിലേക്ക് യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യാര്‍ഥം പുലിമുട്ടിനു സമീപമുള്ള മറീന ജെട്ടിയാണ് വിപുലീകരിച്ചത്.

ബേപ്പൂരില്‍ നിന്ന് കോഴിക്കോട്ടേക്കും അവിടെ നിന്ന് തിരിച്ചും യാത്ര ചെയ്യുന്നതിന് ഒന്നര മണിക്കൂര്‍ സമയമാണ് വേണ്ടിവരിക. ഒരാള്‍ക്ക് മുന്നൂറ് രൂപയാണ് ചാര്‍ജ്. ടൂര്‍ പാക്കേജ് പ്രകാരം എത്തുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 250 രൂപയാണ് ഈടാക്കുക. ശീതീകരിച്ച കോണ്‍ഫ്രന്‍സ് ഹാള്‍ സംവിധാനമുള്ള വി ഐ പി ക്യാബിനില്‍ യാത്ര ചെയ്യാന്‍ ഒരാള്‍ 450 രൂപ നല്‍കണം. ക്യാപ്റ്റന്‍ കെ കെ ഹരിദാസിന്റെ നേതൃത്വത്തിലാണ് ക്ലിയോപാട്രയുടെ സര്‍വീസ്. 100 പേര്‍ക്കു ബോട്ടില്‍ സഞ്ചരിക്കാം. കോഴിക്കോടിന്റെ കടല്‍പരിധിയില്‍ നാല് മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെ ബോട്ടില്‍ ചുറ്റിക്കറങ്ങാന്‍ കഴിയും. കടല്‍ ക്ഷോഭിക്കുന്ന കാലങ്ങളില്‍ ചാലിയാറിലൂടെ സഞ്ചാരം നടത്താനും സാധിക്കും.

കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ക്ലിയോപാട്ര എന്ന ഫെറി ബോട്ടിനെ സ്വകാര്യ കമ്പനിയാണ് കോഴിക്കോട്ടേക്കു കൊണ്ടുവന്നത്. ആലപ്പുഴയിലേക്കു കൊണ്ടുപോകാനുള്ള ശ്രമം മറികടന്നാണ് ബോട്ടിനെ കോഴിക്കോടന്‍ തീരത്തേക്കെത്തിച്ചത്.

Latest