Connect with us

Articles

കേരളത്തിന്റെ ആരോഗ്യം ഇങ്ങനെ നയിക്കും

Published

|

Last Updated

കേരളത്തിലെ ആരോഗ്യരംഗം ഇന്ന് ലോകത്തിന് തന്നെ മാതൃകയാണ്. ആരോഗ്യ സൂചികയുടെ കാര്യത്തിലും ആരോഗ്യ നിലവാരത്തിന്റെ കാര്യത്തിലും വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളം എത്തിച്ചേര്‍ന്നു. ദേശീയതലത്തില്‍ ഒരു ആരോഗ്യനയം ഉണ്ടെങ്കിലും സംസ്ഥാന തലത്തില്‍ അത് ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിന് വേണ്ടി സമഗ്രമായ ആരോഗ്യനയം രൂപപ്പെടുത്തിയത്. ആരോഗ്യ സംരക്ഷണത്തിന് അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുക എന്നത് സര്‍ക്കാറില്‍ നിക്ഷിപ്തമാണ്. ഇതിനായി പൗരന്റെ ആരോഗ്യപരമായ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അത്തരം അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ഉതകുന്ന ആരോഗ്യ നയത്തിനാണ് ഇപ്പോള്‍ രൂപം നല്‍കിയിരിക്കുന്നത്.
ആരോഗ്യനയം രൂപവത്കരിക്കുന്നതിന് ഡോ. ബി. ഇക്ബാല്‍ ചെയര്‍മാനായ 17 അംഗ വിദഗ്ധ സമിതിയെ നിയമിക്കുകയുണ്ടായി. ജനങ്ങള്‍ നേരിട്ടും ഇമെയിലായും നല്‍കിയ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് ആരോഗ്യ നയത്തിന് അന്തിമ രൂപം നല്‍കിയത്. ഇതാണ് ഇന്നലത്തെ മന്ത്രിസഭായോഗം അംഗീകരിച്ചത്.
വെല്ലുവിളികള്‍
ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് ഗാര്‍ഹിക തലത്തില്‍ വര്‍ധിച്ചുവരുന്ന ചികിത്സാച്ചെലവാണ്. ജീവിതശൈലീരോഗങ്ങളുടെ ഭാരം, പരിസ്ഥിതിജന്യ രോഗങ്ങള്‍, ജനസംഖ്യാ മാറ്റവും മുതിര്‍ന്ന പൗരരുടെ ആരോഗ്യപ്രശ്‌നങ്ങളും, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍, അപകടങ്ങളും പരുക്കുകളും, ആത്മഹത്യ, മാനസികാരോഗ്യം, ആരോഗ്യരംഗത്തെ മനുഷ്യവിഭവശേഷിയുടെ ഗുണനിലവാരം എന്നിവ പ്രധാന വെല്ലുവിളികളാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും പാരാ മെഡിക്കല്‍ സ്റ്റാഫിന്റെയും കുറവ് പരിഹരിക്കേണ്ടതുണ്ട്.
പകര്‍ച്ചവ്യാധികളുടെ നിയന്ത്രണം, പ്രാഥമികതലത്തില്‍തന്നെ ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണം, കാര്യക്ഷമമായ ആരോഗ്യപരിപാലന സംവിധാനങ്ങള്‍, പ്രാഥമിക ചികിത്സാ സ്ഥാപനങ്ങളുടെ എണ്ണവും നിലവാരവും വര്‍ധിപ്പിക്കല്‍, ദ്വിതീയതലത്തില്‍ രോഗ സങ്കീര്‍ണതകളുടെ നിയന്ത്രണം, ദ്വിതീയ തൃതീയ തല ചികിത്സാ സൗകര്യങ്ങളുടെ ആധുനികവത്കരണം, ത്രിതല റഫറല്‍ സമ്പ്രദായം നടപ്പാക്കല്‍, ചികിത്സാരംഗത്ത് ആവശ്യമായ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തല്‍ എന്നീ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ കഴിയണം. സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യ ചെലവ് സംസ്ഥാന ഉത്പാദനത്തിന്റെ 0.6 ശതമാനത്തില്‍ നിന്നും വര്‍ഷം കണ്ട് ഒരു ശതമാനം വര്‍ധിപ്പിച്ച് അഞ്ച് ശതമാനത്തില്‍ എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത്.
ഹ്രസ്വ, ദീര്‍ഘകാല ലക്ഷ്യങ്ങള്‍
സാര്‍വത്രികവും സൗജന്യവും സമഗ്രവുമായ ആരോഗ്യരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുക, ശിശു, ബാല, മാതൃ മരണനിരക്കുകള്‍ വികസിത രാജ്യങ്ങളിലേതിനു തുല്യ തലത്തില്‍ എത്തിക്കുക, ജനങ്ങളുടെ ആരോഗ്യത്തോടെയുള്ള ആയുര്‍ദൈര്‍ഘ്യം കൂട്ടുക എന്നിവയാണ് ദീര്‍ഘകാല ലക്ഷ്യങ്ങള്‍. മാതൃമരണ നിരക്ക് ഒരു ലക്ഷം ജനങ്ങളില്‍ 66 എന്നതില്‍ നിന്ന് 30 ആക്കുക, ശിശുമരണനിരക്ക് 12 ല്‍ നിന്ന് എട്ട് ആക്കുക, നവജാത ശിശുക്കളുടെ മരണനിരക്ക് ഏഴില്‍ നിന്നും അഞ്ച് ആക്കുക, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 14 ല്‍ നിന്നും ഒമ്പത് ആയി മാറ്റുക, പകര്‍ച്ചവ്യാധികളുടെ വാര്‍ഷിക രോഗബാധ 50 ശതമാനമായി കുറക്കുക എന്നതാണ് ഹ്രസ്വകാല ലക്ഷ്യങ്ങളില്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
എന്തുകൊണ്ട് റഫറല്‍ സംവിധാനം?
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും അവയുടെ ഉപകേന്ദ്രങ്ങളും മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയാണ് ത്രിതല സംവിധാനം. സ്ഥാപനങ്ങള്‍ക്ക് വ്യക്തമായ ഉത്തരവാദിത്വമുണ്ടെങ്കിലും ഇത് ലംഘിക്കപ്പെടുമ്പോഴാണ് ഏറ്റവും മുകളിലത്തെ തട്ടിലുള്ള അമിതമായ ജനത്തിരക്കും ഏറ്റവും താഴേത്തട്ടിനോടുള്ള അവഗണനയും ഉണ്ടാകുന്നത്. ഈ സ്ഥിതിക്ക് മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആരോഗ്യമേഖലയിലെ എല്ലാ സ്ഥാപനങ്ങളെയും തരം തിരിക്കുകയും കര്‍ശനമായ റഫറല്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും. സര്‍ക്കാര്‍ തലത്തിലുള്ള ഈ സ്ഥാപനങ്ങളെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജനറല്‍, ജില്ലാ, മെഡിക്കല്‍ കോളജ് ആശുപത്രികള്‍ എന്നനിലയില്‍ തരംതിരിക്കും. പ്രാഥമികാരോഗ്യ ഉപകേന്ദ്രം, പ്രാഥമികാരോഗ്യകേന്ദ്രം, നഗരങ്ങളിലെ പൊതുജനാരോഗ്യം, ത്രിതല ചികിത്സാ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, ആയുര്‍വേദ ഡിസ്‌പെന്‍സറികളും ആശുപത്രികളും, ഹോമിയോപ്പതി ഡിസ്‌പെന്‍സറികളും ആശുപത്രികളും, ഹോമിയോപ്പതി മെഡിക്കല്‍ കോളജുകള്‍ എന്നിങ്ങനെ തരം തിരിച്ചാണ് ഇടപെടല്‍ നടത്തുന്നത്. ആരോഗ്യവകുപ്പിനെ മോഡേണ്‍ മെഡിസിന്‍, ആയുഷ് എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും മറ്റും നേര്‍ക്കുണ്ടാകുന്ന കൈയേറ്റങ്ങളുമായി ബന്ധപ്പെട്ടും ജനങ്ങളുടെ ആരോഗ്യാവകാശങ്ങളുടെ ലംഘനം സംബന്ധിച്ചും ഉയര്‍ന്നുവരുന്ന പരാതികള്‍ പരിഹരിക്കുന്നതിന് ഒരു പരാതി പരിഹാര സംവിധാനത്തിന് രൂപം കൊടുക്കും.
സ്വകാര്യ മേഖലയും നിയന്ത്രണങ്ങളും
സ്വകാര്യ ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ സര്‍വതന്ത്ര സ്വതന്ത്രമായാണ് നിലനില്‍ക്കുന്നത്. സ്വകാര്യ ആശുപത്രികളുടെ രജിസ്‌ട്രേഷന്‍ സംവിധാനവും സ്വകാര്യ ആരോഗ്യ മേഖല പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനം നിലവാരമുള്ളതാണ് എന്ന് ഉറപ്പാക്കാനുള്ള സംവിധാനവും ആവശ്യമാണ്. ഒരു ഡോക്ടര്‍ മാത്രമുള്ള ആശുപത്രികളും ചെറുകിട ആശുപത്രികളും മുതല്‍ കോര്‍പറേറ്റ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ വരെയുള്‍പ്പെടുന്നതാണത്. ചെറിയ ആശുപത്രികളും ജീവകാരുണ്യത്തിന്റെ ഭാഗമായി നടത്തുന്ന ആശുപത്രികളും താരതമ്യേന കുറഞ്ഞ തുകയേ ഈടാക്കുന്നുള്ളൂ. വന്‍കിട ആശുപത്രികളുടെ വരവ് ഇത്തരം ചെറിയ ആശുപത്രികളുടെ നിലനില്‍പ്പിനെ ദോഷകരമായി ബാധിച്ചിട്ടുമുണ്ട്. കോര്‍പറേറ്റ് ആശുപത്രികളുടെ സേവനമാകട്ടെ, സമൂഹത്തിലെ ന്യൂനപക്ഷത്തിനുമാത്രമാണ് പ്രാപ്യമായിട്ടുള്ളത്. അതുകൊണ്ടുതന്നെ, ചെലവുകുറഞ്ഞ ആശുപത്രികളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. വിവിധ തരം ആശുപത്രികളില്‍ മിനിമം നിലവാരം ഉറപ്പാക്കാന്‍ വേണ്ടി ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് നടപ്പാക്കും. യോഗ്യതയുള്ള നഴ്‌സുമാരെയും ടെക്‌നീഷ്യന്മാരെയും ഫാര്‍മസിസ്റ്റുകളെയും മാത്രമേ നിയമിക്കാവൂ. എല്ലാവര്‍ക്കും മിനിമം വേതനം നടപ്പാക്കുകയും അത് സുതാര്യമായിരിക്കുകയും വേണം. ഡോക്ടര്‍മാര്‍ക്ക് അവര്‍ മൂലം ആശുപത്രിക്ക് ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പളം നല്‍കുന്ന പ്രവണത ഒഴിവാക്കണം. ഡോക്ടര്‍മാര്‍ക്കും മറ്റ് സ്റ്റാഫിനും തികച്ചും സുതാര്യമായ രീതിയില്‍ ശമ്പളം ഉറപ്പാക്കണം.
ഓരോ ചികിത്സയുടെയും പരിശോധനയുടെയും നിരക്കുകള്‍ പരസ്യമാക്കി ആശുപത്രിയിലും ഓണ്‍ലൈന്‍ സംവിധാനത്തിലും നല്‍കിയിരിക്കണം. സംസ്ഥാന ആരോഗ്യ അധികൃതര്‍ ആവശ്യപ്പെടുന്ന ഏത് അത്യാവശ്യ വിവരവും നല്‍കാന്‍ എല്ലാ സ്വകാര്യ ആശുപത്രികളേയും ബാധ്യസ്ഥമാക്കും.
ലാബുകളും മരുന്നു വിപണിയും
എല്ലാ ക്ലിനിക്കല്‍ ലബോറട്ടറികള്‍ക്കും ഇമേജിംഗ് കേന്ദ്രങ്ങള്‍ക്കും രജിസ്‌ട്രേഷനും, നല്‍കുന്ന സേവനത്തിനനുസൃതമായ ഗ്രേഡിംഗും നിര്‍ബന്ധമാക്കും. ഈ മേഖലയുടെ മേല്‍നോട്ടത്തിനും ഗുണമേന്മ ഉറപ്പുവരുത്തുന്നതിനും ഒരു ക്ലിനിക്കല്‍ ഡയഗ്‌ണോസ്റ്റിക് ടെക്‌നോളജി കൗണ്‍സില്‍ രൂപവത്കരിക്കും. ലാബുകളിലും ഇമേജിംഗ് സെന്ററുകളിലും നിര്‍ദിഷ്ട മിനിമം യോഗ്യതയുള്ള ടെക്‌നീഷ്യന്മാരുണ്ട് എന്ന് ഉറപ്പുവരുത്തേണ്ട ചുമതല സി ഡി ടി സിക്കാകും. സുസജ്ജമായ പബ്ലിക്ക് ഹെല്‍ത്ത് ലാബുകള്‍ എല്ലാ ജില്ലകളിലും സ്ഥാപിക്കും. സര്‍ജിക്കല്‍ പത്തോളജി, മൈക്രോബയോളജി, ഇമ്മ്യൂണോളജി ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്താന്‍ സൗകര്യം ഈ ലാബുകളില്‍ ഉണ്ടാകും. ഇന്നുള്ള മിക്ക മോളിക്യുലര്‍ അധിഷ്ഠിത ടെസ്റ്റുകളും സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലേറെ ചെലവുള്ളതാണ്. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും കുറഞ്ഞ ചെലവില്‍ ഇത്തരം ടെസ്റ്റുകള്‍ നടത്താന്‍ പാകത്തില്‍ അത്യാധുനിക ക്ലിനിക്കല്‍ ലാബുകള്‍ സജ്ജമാക്കും. കേരളത്തിന്റെ ജനസംഖ്യ രാജ്യത്തേതിന്റെ മൂന്ന് ശതമാനം മാത്രമേ ആകുന്നുള്ളൂ. എങ്കിലും, രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്ന മരുന്നുകളുടെ 10 ശതമാനം ഇവിടെയാണ് വില്‍ക്കുന്നത്. വര്‍ഷത്തില്‍ 6000 കോടി മുതല്‍ 8000 കോടി രൂപവരെയാണ് മരുന്നിനത്തില്‍ കേരളം ചെലവാക്കുന്നത്. മരുന്നുകള്‍ ജനങ്ങള്‍ക്ക് താങ്ങാവുന്ന വിലക്ക് ലഭ്യമാക്കാന്‍ വേണ്ടി പൊതു മേഖലാ സ്ഥാപനങ്ങളിലൂടെ ഉത്പാദിപ്പിച്ച് വിപണനം ചെയ്യാന്‍ ഇന്ത്യന്‍ പേറ്റന്റ് ആക്ടിലെ നടപടികള്‍ പാലിച്ചുകൊണ്ട്, സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതാണ്. മെഡിക്കല്‍ ഉപകരണങ്ങളുടെയും സാമഗ്രികളുടെയും നിര്‍മാണത്തിനായി മെഡിക്കല്‍ ഡിവൈസസ് ഉണ്ടാക്കുന്ന ഫാക്ടറികള്‍ സ്ഥാപിക്കുന്നതിനും പ്രോത്സാഹനം നല്‍കും.
കേരളത്തില്‍ വില്‍ക്കുന്നതും നിര്‍മിക്കുന്നതുമായ ഔഷധങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ആഗോള നിലവാരത്തിനനുസരിച്ച് ഉറപ്പാക്കുന്നതിന് ഡ്രഗ്് കണ്‍ട്രോളര്‍ വിഭാഗത്തെ ആവശ്യമുള്ള ജീവനക്കാരെയും സാങ്കേതിക വിഭവശേഷിയും നല്‍കി ശക്തിപ്പെടുത്തും. ഒരു ആധുനിക ബഹുവൈജ്ഞാനിക ഔഷധ ഗവേഷണകേന്ദ്രം കേരളത്തില്‍ സ്ഥാപിക്കുന്നതാണ്. കേരളത്തില്‍ നല്ല ഗുണനിലവാരമുള്ള ആയുര്‍വേദ, സിദ്ധ, യുനാനി മരുന്നുകള്‍ ഉത്പാദിപ്പിക്കാന്‍ അനന്തസാധ്യതകളാണുള്ളത്. ശുദ്ധമായ ആയുര്‍വേദ മരുന്നുകള്‍ ലഭ്യമാക്കാന്‍ ഉചിതമായ ലൈസന്‍സ്, രജിസ്‌ട്രേഷന്‍, വിപണന സംവിധാനം ഏര്‍പ്പെടുത്തും.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍. ആദിവാസികള്‍, ട്രാന്‍സ്‌ജെന്ററുകള്‍, വയോജനങ്ങള്‍ തുടങ്ങിയവരുടെ മേഖലകളിലും പ്രാധാന്യത്തോടെ ഇടപെടേണ്ടതാണ്. ശിശുക്കള്‍ക്ക് പ്രതിരോധകുത്തിവെപ്പില്‍ പ്രത്യേക ശ്രദ്ധചെലുത്തും. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യത്തിന് പ്രത്യേക പ്രാധാന്യം നല്‍കും.
പൊതുജനാരോഗ്യ നിയമങ്ങള്‍
ആരോഗ്യ വിദ്യാഭ്യാസവും അതെത്തുടര്‍ന്നുളള ജീവിതശൈലീമാറ്റവും കൊണ്ടു മാത്രം പൊതുജനാരോഗ്യം മെച്ചപ്പെടില്ല. ഇത് സംബന്ധിച്ച നിയമനിര്‍മാണവും അവയുടെ കര്‍ക്കശമായ നടപ്പാക്കലും ആവശ്യമാണ്. സംസ്ഥാനത്ത് പാരിസ്ഥിതികവും ജീവിതശൈലീപരവും മറ്റുമായി ഇന്നുള്ള എല്ലാ പ്രശ്‌നങ്ങളും കൂടി കണക്കിലെടുക്കുന്ന ഒരു പുതിയ “കേരള പൊതുജന ആരോഗ്യ നിയമം” കൊണ്ടുവരാനുളള നിയമനിര്‍മാണ നടപടികള്‍ സ്വീകരിക്കുന്നതാണ്. ഇന്ന് നിലവിലിരിക്കുന്ന രണ്ട് പൊതുജനാരോഗ്യ നിയമങ്ങളിലെ (തിരുവിതാംകൂര്‍ കൊച്ചിയും മലബാറും) പ്രസക്തമായ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ഈ നിയമം വരുന്നതോടെ, പഴയ രണ്ട് നിയമങ്ങളും ഇല്ലാതാകും. എല്ലാ വൈദ്യ ശാഖകളും ഈ നിയമത്തിനുകീഴില്‍ കൊണ്ടുവരും.
കേരളത്തില്‍ ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ തിരുവിതാംകൂര്‍ കൊച്ചി പ്രദേശങ്ങളിലുള്ളവരുടേത് തിരുവിതാംകൂര്‍ കൊച്ചി മെഡിക്കല്‍ പ്രാക്റ്റീഷനേഴ്‌സ് ആക്ട് 1953 പ്രകാരവും മലബാര്‍ പ്രദേശത്തുള്ളവരുടേത് മദ്രാസ് മെഡിക്കല്‍ പ്രാക്റ്റീഷനേഴ്‌സ് ആക്ട് 1914 പ്രകാരവുമാണ് നടത്തുന്നത്. തിരുവിതാംകൂര്‍ കൊച്ചി ആക്ട് എല്ലാ വൈദ്യ വിഭാഗങ്ങളുടെയും രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ മദ്രാസ് ആക്ട് ആധുനിക ചികിത്സകരുടേത് മാത്രമാണ് നടത്തുന്നത്. ഇതെല്ലാം പരിഗണിച്ച് അടിയന്തരമായി ഒരു കേരള ഏകീകൃത മെഡിക്കല്‍ പ്രാക്റ്റീഷണേഴ്‌സ് ആക്ട് നടപ്പിലാക്കുന്നതാണ്. നിലവിലുള്ള ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലുകള്‍ കേരള മെഡിക്കല്‍ കൗണ്‍സിലായി പുനര്‍നാമകരണം ചെയ്യുന്നതാണ്.ഇതിനുപുറമേ, പരിസ്ഥിതി സംരക്ഷണനിയമം, 2007 ലെ രക്ഷാകര്‍ത്താക്കളുടെയും മുതിര്‍ന്ന പൗരരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം, മലീനികരണ നിയന്ത്രണ നിയമം, ആശുപത്രി സംരക്ഷണ നിയമം തുടങ്ങി ആരോഗ്യപാലനവുമായി ബന്ധമുള്ള പല നിയമങ്ങളുണ്ട്. ഇവ കര്‍ശനമായി നടപ്പാക്കും.
എല്ലാം അറിയാം
എല്ലാ സ്ഥാപനങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടും രോഗികളുടെ വിവരങ്ങളുടെ രഹസ്യ സ്വഭാവം സൂക്ഷിച്ചുകൊണ്ടും ആരോഗ്യ ഇന്‍ഫര്‍മേഷന്‍ സംവിധാനം വരും. രോഗികള്‍ക്ക് ഉപദേശങ്ങള്‍ നല്‍കുന്നതിനും മറ്റ് ആശുപത്രികളിലേക്കു റഫര്‍ ചെയ്യുന്നതിനും ഡോക്ടര്‍മാരെ കാണുന്നതിനുള്ള അനുവാദം തേടുന്നതിനുമൊക്കെ ഇത് സഹായകമാകും. അതിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ രോഗ വിവരങ്ങളും സ്‌റ്റോര്‍ സ്‌റ്റോക്കും തയ്യാറാക്കാനും കഴിയും. ഇതിനു പുറമേ, ജീവനക്കാരുടെ വിവരങ്ങള്‍ അറിയാനും അത്യാവശ്യ വിവരങ്ങള്‍ കൈമാറാനും സാധിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ജില്ലാ ആശുപത്രികളിലെ വിവര വിനിമയ കേന്ദ്രങ്ങളും സംസ്ഥാന വിവര വിനിമയ കേന്ദ്രവും ചേര്‍ന്നതാണ് ഈ ശൃംഖല. സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ഹൈവേ വഴിയാവും ഇവയെ ബന്ധിപ്പിക്കുക.
ആരോഗ്യ ഗവേഷണം
കേരളം ആരോഗ്യ സൂചികകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും മെഡിക്കല്‍ ഗവേഷണത്തിന്റെയും ഗവേഷണ ഫലങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിന്റെയും കാര്യത്തില്‍ പിന്നിലാണ്. അന്വേഷണത്വരയും പുതിയ ആശയങ്ങള്‍ സൃഷ്ടിക്കുന്നതിലെ താത്പര്യവും ബിരുദതലത്തില്‍ത്തന്നെ ഒരു സംസ്‌കാരമായി വളര്‍ത്തിയെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കേന്ദ്ര ആരോഗ്യ ഗവേഷണ വകുപ്പിന്റെ സഹായത്താല്‍ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ബഹുവൈജ്ഞാനിക ഗവേഷണ യൂണിറ്റുകള്‍ സ്ഥാപിക്കും. എല്ലാ മെഡിക്കല്‍ കോളജുകളിലും മുഴുസമയ പി എച്ച് ഡി പ്രോഗ്രാം ആരംഭിക്കും.

ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ