Connect with us

Editorial

ഓപറേഷന്‍ തണ്ടറിന് തുടര്‍ച്ച വേണം

Published

|

Last Updated

പോലീസിലെ ക്രിമിനലുകളെ ലക്ഷ്യമിട്ട് വിജിലന്‍സ് നടത്തിയ “ഓപറേഷന്‍ തണ്ടറി”ല്‍ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കഞ്ചാവ്, സ്വര്‍ണം, ആഭരങ്ങള്‍, മൊബൈല്‍ ഫോണുകള്‍, കണക്കില്‍ പെടാത്ത പണം തുടങ്ങിയ വസ്തുക്കളും കേസുകളില്ലാതെ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളും ഷജിസ്റ്ററില്‍ ചേര്‍ക്കാത്ത നൂറ് കണക്കിന് പെറ്റീഷനുകളും കണ്ടെത്തി. പരാതിക്കാര്‍ക്ക് രസീതുകള്‍ നല്‍കുന്നില്ലെന്നും പല സ്‌റ്റേഷനുകളിലും ക്യാഷ് ബുക്കിലുള്ളതിനെക്കാള്‍ തുക കുറവാണെന്നും വിജലന്‍സ് വെളിപ്പെടുത്തി. പോലീസ് സ്റ്റേഷനുകളിലെ ക്രമക്കേടുകളെക്കുറിച്ചും പോലീസ്- മാഫിയാ ബന്ധത്തെക്കുറിച്ചും പരാതി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്.
പോലീസിലെ ക്രിമിനല്‍ വാഴ്ചയും മാഫിയാ ബന്ധവും പുതിയ വിവരമല്ല. പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് മണല്‍, ക്വാറി മാഫിയകളുമായുള്ള പോലീസ് കൂട്ടുകെട്ടിന്. വിജിലന്‍സ് മുമ്പും പലപ്പോഴായി ഇതേക്കുറിച്ച് ആഭ്യന്തര വകുപ്പിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാറിവരുന്ന സര്‍ക്കാറുകളെ സ്വാധീനിച്ചാണ് ഇവര്‍ സര്‍വീസില്‍ തുടരുന്നത്. കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരില്‍ 1129 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇവരില്‍ 10 പേര്‍ ഡി വൈ എസ് പിമാരും എട്ട് പേര്‍ സി ഐ മാരുമാണ്. വനിതാ പോലീസുകാരുമുണ്ട് ഇക്കൂട്ടത്തില്‍. 2015-ല്‍ 654 ആയിരുന്നു ക്രിമിനലുകളുടെ എണ്ണം. മൂന്ന് വര്‍ഷത്തിനുള്ളില്‍ 475 പേരാണ് വര്‍ധിച്ചത്.

ആരാലും ചോദ്യം ചെയ്യപ്പെടാനാകാത്ത അധികാരവര്‍ഗമാണ് തങ്ങളെന്ന പഴയ കൊളോണിയല്‍ വീക്ഷണം പുലര്‍ത്തുന്നവരാണ് പോലീസുകാരില്‍ ചിലരെങ്കിലും. അറസ്റ്റ് ചെയ്യാനുള്ള അധികാരം ദുരുപയോഗപ്പെടുത്തി നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി തടങ്കലില്‍ പാര്‍പ്പിക്കുന്നതും ലോക്കപ്പ് മര്‍ദനവും വര്‍ധിച്ചു വരികയുമാണ്. പല ക്വട്ടേഷന്‍ ഗ്രൂപ്പുകള്‍ക്കും പരോക്ഷമായി നേതൃത്വം നല്‍ക്കുന്നത്ചില പോലീസുദ്യോഗസ്ഥരാെണന്നതും പരസ്യമായ രഹസ്യമാണ്. തൊണ്ടി മുതല്‍ പിടിച്ചെടുത്താല്‍ അത് റിക്കാര്‍ഡില്‍ ചേര്‍ക്കാതെ അടിച്ചെടുക്കുന്നവരും കുറവല്ല. ഓപറേഷന്‍ തണ്ടറില്‍ പിടിച്ചെടുത്ത മയക്കുമരുന്നും സ്വര്‍ണവും മൊബൈല്‍ ഫോണുകളും ഈ ഗണത്തില്‍ പെട്ടതായിരിക്കാനാണ് സാധ്യത. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും ക്രമസമാധാനം ഉറപ്പാക്കാനും നിയോഗിക്കപ്പെട്ടവര്‍ തന്നെ ജനങ്ങളുടെ സ്വത്ത് കൈയടക്കുകയും കുറ്റവാളികളുടെ സ്വാധീനത്തിനു വഴങ്ങി ഇരകളെ അവഗണിക്കുകയും ചെയ്താല്‍ എങ്ങനെ സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാനാകും?
പോലീസിനെ ജനകീയമാക്കുമെന്നും കാക്കിയിട്ട ക്രിമിനലുകളെ വെച്ചു പൊറുപ്പിക്കില്ലെന്നും അധികാരമേല്‍ക്കുമ്പോള്‍ സര്‍ക്കാറുകള്‍ പ്രഖ്യാപിക്കാറുണ്ട്. അത് നടപ്പാക്കാനുള്ള ആര്‍ജവം ഒരു ഭരണകൂടവും ഇന്നുവരെ കാണിച്ചിട്ടില്ല. 2011ല്‍ സംസ്ഥാന പോലീസ് മേധാവി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്താനായി ഒരു സമിതിയെ നിയോഗിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍ അടങ്ങിയ ലിസ്റ്റ് തയ്യാറാക്കിയ സമിതി അത് വിശദമായ പരിശോധനക്കു വിധേയമാക്കി ഗുരുതരമായ കുറ്റം ചെയ്തവരെ സേനയില്‍ നിന്ന് പുറത്താക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, റിപ്പോര്‍ട്ടില്‍ തുടര്‍നടപടിയുണ്ടായില്ല. അധികാര കേന്ദ്രങ്ങളെ സ്വാധീനിച്ച് സേനയിലെ ക്രിമിനലുകള്‍ റിപ്പോര്‍ട്ട് മരവിപ്പിക്കുകയായിരുന്നു.

സത്യസന്ധതയും ഉത്തരവാദിത്വ ബോധവും മാനുഷിക മുഖവുമുള്ളവരാണ് പോലീസുകാരില്‍ നല്ലൊരു വിഭാഗവും. കളഞ്ഞുകിട്ടിയ പണവും ആഭരണങ്ങളും ഉടമസ്ഥരെ തേടിപ്പിടിച്ചു ഏല്‍പ്പിച്ചു കൊടുത്ത് പോലീസ് മാനുഷിക മുഖം പ്രകടമാക്കിയ സംഭവങ്ങള്‍ പലപ്പോഴായി മാധ്യമങ്ങളില്‍ വന്നതാണ്. ഹര്‍ത്താല്‍ ദിനത്തില്‍ വഴിയില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് പോലീസ് വാഹനങ്ങള്‍ രക്ഷക്കെത്താറുണ്ട്. പ്രളയ കാലത്ത് പ്രളയബാധിതരെ സഹായിക്കാന്‍ ഊണും ഉറക്കവുമില്ലാതെ പോലീസുകാര്‍ നടത്തിയ ത്യാഗ, സേവന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാല്‍, സേനയിലെ ക്രിമിനല്‍ വിഭാഗത്തിന്റെ ചെയ്തികള്‍ കാരണം സമൂഹം സേനയെ മൊത്തം സംശയിക്കാനിടയാക്കുകയും നല്ലവരുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്പ്രഭമാക്കുകയുമാണ്്. ഹൈക്കോടതി ചോദിച്ചതുപോലെ “പാലില്‍ ഒരുതുള്ളി വിഷം കലര്‍ന്നാല്‍ അത് അരിച്ചു മാറ്റി ഉപയോഗിക്കാനാവുമോ?” പോലീസിന്റെ ക്രിമിനല്‍ മാഫിയാ ബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കവെയായിരുന്നു കോടതിയുടെ ഈ പ്രയോഗം.

മാറിമാറി ഭരണത്തിലേറുന്ന രാഷ്ട്രീയ കക്ഷികള്‍ അധികാര, പാര്‍ട്ടി താത്പര്യങ്ങള്‍ക്കും നേതാക്കളുടെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്കുമെല്ലാം നിയമവും നീതിയും മറികടന്ന് ഉപയോഗിക്കുന്നതാണ് പോലീസില്‍ ക്രിമിനലിസം വളരാന്‍ മുഖ്യ കാരണം. ഈ വിധം വഴിവിട്ടു പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഭരണതലത്തില്‍ നിന്ന് സംരക്ഷണവും ലഭിക്കുന്നു. ഈ സുരക്ഷാബോധമാണ് പോലീസുദ്യോഗസ്ഥരില്‍ പലരെയും കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ഓപറേഷന്‍ തണ്ടറില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് ആഭ്യന്തര വകുപ്പും പോലീസ് മേധാവികളും പറയുന്നത്. നടക്കാത്ത ഇത്തരം പ്രഖ്യാപനങ്ങള്‍ എത്ര കേട്ടതാണ് കേരള ജനത.

Latest