Connect with us

National

സാമ്പത്തിക സംവരണത്തിന് തല്‍ക്കാലം സ്റ്റേയില്ല; കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മുന്നോക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണം സുപ്രീം കോടതി സ്‌റ്റേ ചെയ്തില്ല. അതേ സമയം നിയമത്തിന്റെ സാധുത പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാറിന് കോടതി നോട്ടീസയച്ചു. സാമ്പത്തിക സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നാലാഴ്ചക്കകം വിശദീകരണം നല്‍കാനും കോടതി ഉത്തരവിട്ടു. അമ്പത് ശതമാനത്തില്‍ കൂടുതല്‍ സംവരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന ഹരജികള്‍ ഒന്നിച്ച് പരിഗണിക്കവെയാണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തിന് താഴെയുള്ളവര്‍ക്ക് സംവരണ യോഗ്യത നല്‍കുന്നതാണ് സാമ്പത്തിക സംവരണ ബില്‍. അമ്പത് ശതമാനത്തിലേറെ സംവരണം നല്‍കരുതെന്ന സുപ്രീം കോടതി വിധി ലംഘിച്ച് പത്ത് ശതമാനംകൂടി ഉയര്‍ത്തി സംവരണം അറുപത് ശതമാനമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അടുത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദു മുന്നാക്ക വിഭാഗത്തന്റെ വോട്ട് ലക്ഷ്യമിട്ടാണ് കേന്ദ്രം സംവരണം കൊണ്ടുവന്നതെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ ജോലിയിലും ഉന്നത വിദ്യാഭ്യാസ രംഗത്തും പത്ത് ശതമാനം സംവരണം ലഭ്യമാകും. നോട്ട് നിരോധത്തിന് ശേഷം മോദി സര്‍ക്കാറിന്റെ നിര്‍ണായക തീരുമാനമാണിത്.

Latest