ബന്ധുവിനെ നിയമിച്ചത് അഭിമുഖം നടത്താതെയെന്ന് മന്ത്രി കെടി ജലീല്‍

Posted on: January 25, 2019 12:17 pm | Last updated: January 25, 2019 at 9:01 pm

തിരുവനന്തപുരം: ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജറായി നിയമിതനായിരുന്ന തന്റെ ബന്ധു കെടി അദീബ് തസ്തികയിലേക്കുള്ള അഭിമുഖ പരീക്ഷയില്‍ പങ്കെടുത്തിരുന്നില്ലെന്ന് മന്ത്രി കെടി ജലീല്‍ നിയമസഭയില്‍. മുസ്്‌ലിം ലീഗ് എംഎല്‍എ പാറക്കല്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഭരണപ്രതിസന്ധി ഒഴിവാക്കാനാണ് ഒഴിവുവന്ന തസ്തികയില്‍ നിയമനം നടത്തിയത്. യോഗ്യതയുള്ള ആളെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് ചുമതലപ്പെടുത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ നിയമനം നടത്തിയതെന്നും മന്ത്രി കെടി ജലീല്‍ പറഞ്ഞു. വിദ്യാഭ്യാസ യോഗ്യത നേരത്തെ നിശ്ചയിച്ചത് മന്ത്രിസഭാ തീരുമാനപ്രകാരമായിരുന്നില്ല. കൂടുതല്‍ യോഗ്യതകള്‍ ഉള്‍പ്പെടുത്തിയത് മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയായിരുന്നുവെന്നും കെടി ജലീല്‍ പറഞ്ഞു. കെടി ആദീബ് അപേക്ഷയോടൊപ്പം തന്‍രെ പിജിഡിബിഎയുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നുവോ , ഈ കോഴ്‌സിന് കേരളത്തില്‍ അംഗീകാരമുണ്ടോയെന്ന ചോദ്യത്തിന് അക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി മറുപടി നല്‍കി. അദീബിന്റെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ചുവെന്നും നിയമനത്തില്‍ കോര്‍പ്പറേഷന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും മന്ത്രി ജലീല്‍ മറുപടിയില്‍ വ്യക്തമാക്കി.