വിദ്യാര്‍ഥികള്‍ നിര്‍മിച്ച ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആര്‍ഒ

Posted on: January 25, 2019 10:50 am | Last updated: January 25, 2019 at 12:25 pm

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആര്‍ഒ. ചെന്നൈയിലെ സ്‌പേസ് കിഡ്‌സ് ഇന്ത്യ എന്ന സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച 1.26 കിലോ ഭാരമുള്ള ഉപഗ്രഹമാണ് ഇന്നലെ രാത്രി ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. കലാം സാറ്റ് വി2 എന്നാണ് ഉപഗ്രഹത്തിന്റെ പേര്. 64 ഗ്രാം ഭാരമുള്ള കലാംസാറ്റ് 2017ല്‍ നാസ വിക്ഷേപിച്ചിരുന്നുവെങ്കിലും ഭ്രമണപഥത്തിലെത്തിയിരുന്നില്ല.

പന്ത്രണ്ടു ലക്ഷം ചെലവഴിച്ച് ആറു ദിവസം കൊണ്ടാണ് വിദ്യാര്‍ഥികള്‍ കലാം സാററ്് വി2 ഉപഗ്രഹം നിര്‍മിച്ചത്. എന്നാല്‍ ആറു വര്‍ഷം കൊണ്ടാണ് ഇതിനുള്ള സാങ്കേതികവിദ്യ സ്വായത്തമാക്കിയതെന്നും വിദ്യാര്‍ഥികള്‍ക്ക് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ശ്രിമതി കേശന്‍ പറഞ്ഞു. സ്വകാര്യ സ്ഥാപനം ഡിസൈന്‍ ചെയ്തു വികസിപ്പിച്ച് ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹമാണിത്.