സി ബി ഐ ഡയറക്ടര്‍: ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനമായില്ല

Posted on: January 24, 2019 9:45 pm | Last updated: January 25, 2019 at 10:50 am

ന്യൂഡല്‍ഹി: പുതിയ സി ബി ഐ ഡയറക്ടറുടെ കാര്യത്തില്‍ തീരുമാനമായില്ല. ഡയറക്ടറെ തിരഞ്ഞെടുക്കാന്‍ ഇന്നു ചേര്‍ന്ന ഉന്നതാധികാര സമിതി യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ കാര്‍ഗെ എന്നിവര്‍ പങ്കെടുത്തു. യോഗം താമസിയാതെ വീണ്ടും ചേരും.

രണ്ടാഴ്ച മുമ്പ് അലോക് വര്‍മയെ ഡയറക്ടര്‍ പദവിയില്‍ നിന്നു മാറ്റാനുള്ള തീരുമാനമെടുത്ത ശേഷം ആദ്യമായാണ് സമിതി യോഗം ചേര്‍ന്നത്. സി ബി ഐ പ്രത്യേക ഡയറക്ടര്‍ രാകേഷ് അസ്താനയുമായുണ്ടായ പടലപ്പിണക്കങ്ങളും ഇതേ തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് അലോക് വര്‍മയുടെ സ്ഥാനം തെറിക്കുന്നതിലേക്കു നയിച്ചത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനാണ് രാകേഷ് അസ്താന.