നടിയെ ആക്രമിച്ച കേസ്: വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന ആവശ്യത്തോട് ഹൈക്കോടതിക്ക് അനുകൂല സമീപനം

Posted on: January 24, 2019 9:09 pm | Last updated: January 25, 2019 at 10:50 am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജി വാദം കേള്‍ക്കണമെന്ന ഇരയുടെ ആവശ്യത്തിന് ഹൈക്കോടതിക്ക് അനുകൂല സമീപനം. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ വനിതാ ജഡ്ജിമാര്‍ ലഭ്യമാണോയെന്നു പരിശോധിക്കാന്‍ രജിസ്റ്റാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരുന്ന വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.

സ്ത്രീകളും കുട്ടികളും ഇരകളാകുന്ന കേസുകള്‍ പരിഗണിക്കാന്‍ സംസ്ഥാനത്ത് മതിയായ തോതില്‍ കോടതികളില്ലാത്തത് ഗുരുതരമായ സ്ഥിതിവിശേഷമാണെന്ന് ഹൈക്കോടതി വിലയിരുത്തി. പ്രതിയുടെ മുന്നിലൂടെ കോടതിയിലെത്തേണ്ടി വരുന്നതു മൂലം ഇരക്കു പലപ്പോഴും നിര്‍ഭയമായി മൊഴി നല്‍കാന്‍ കഴിയുന്നില്ലെന്ന സ്ഥിതിയുണ്ട്. കഴിഞ്ഞ ആറു മാസത്തിനിടയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പീഡനങ്ങള്‍ ഏറെ വര്‍ധിച്ചതായും ഹൈക്കോടതി നിരീക്ഷിച്ചു.

മറ്റു സംസ്ഥാനങ്ങളില്‍ പീഡനക്കേസുകളിലെ ഇരകള്‍ക്ക് മൊഴി നല്‍കാന്‍ കോടതികളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇവിടുത്തെ സ്ഥിതി പരിതാപകരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.