ഹാര്‍ദിക് പാണ്ഡ്യയുടെയും കെ എല്‍ രാഹുലിന്റെയും സസ്‌പെന്‍ഷന്‍ ബി സി സി ഐ പിന്‍വലിച്ചു

Posted on: January 24, 2019 7:16 pm | Last updated: January 24, 2019 at 8:51 pm

ന്യൂഡല്‍ഹി: സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യക്കും കെ എല്‍ രാഹുലിനും ഏര്‍പ്പെടുത്തിയ വിലക്ക് ബി സി സി ഐ പിന്‍വലിച്ചു. അമിക്കസ് ക്യൂറി പി നരസിംഹയുമായുള്ള ചര്‍ച്ചക്കു ശേഷമാണ് ഇവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള തീരുമാനം ബി സി സി ഐ കൈക്കൊണ്ടത്.

ഇരുവര്‍ക്കുമെതിരായ കേസിലെ അന്വേഷണം നടന്നുവരുന്നേയുള്ളൂ. സുപ്രീം കോടതി നിയോഗിക്കുന്ന ഓംബുഡ്‌സ്മാനാണ് പാണ്ഡ്യക്കും രാഹുലിനുമെതിരായ ആരോപണങ്ങള്‍ പരിശോധിക്കുക. കേസ് ഫെബ്രുവരി അഞ്ചിനു പരിഗണിക്കാനാണ് കോടതി തീരുമാനം. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ബി സി സി ഐ തീരുമാനമെടുത്തത്. ഇതോടെ ന്യൂസിലന്‍ഡിനെതിരെ നിലവില്‍ നടക്കുന്ന പരമ്പരയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ പാണ്ഡ്യക്കു സാധിക്കും. ആഭ്യന്തര മത്സരങ്ങളില്‍ കളിക്കാന്‍ രാഹുലിനുമാകും.