Connect with us

Ongoing News

രഞ്ജി: കേരളം തിരിച്ചടിക്കുന്നു; 171 റണ്‍സില്‍ വീഴ്ത്തിയത് വിദര്‍ഭയുടെ അഞ്ചു വിക്കറ്റുകള്‍

Published

|

Last Updated

കൃഷ്ണഗിരി (വയനാട്): വിദര്‍ഭക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ 106 റണ്‍സിന് വിക്കറ്റുകളെല്ലാം അടിയറ വെക്കേണ്ടി വന്ന കേരളം ബൗളിംഗില്‍ തിരിച്ചടിക്കുന്നു. 171 റണ്‍സിലെത്തുമ്പോഴേക്കും വിദര്‍ഭയുടെ വിക്കറ്റുകളില്‍ പകുതി നഷ്ടപ്പെട്ടു.

ഒരു വിക്കറ്റിന് 113 എന്ന ശക്തമായ നിലയില്‍ കുതിക്കുകയായിരുന്ന വിദര്‍ഭയെ തുടര്‍ച്ചയായ ഇടവേളകളില്‍ നാലു വിക്കറ്റ് പിഴുത് കേരളം പിടിച്ചുകെട്ടുകയായിരുന്നു. അക്കൗണ്ട് തുറന്നിട്ടില്ലാത്ത ആദിത്യ സര്‍വതെയും ഗണേഷ് സതീഷുമാണ് ഇന്ന് കളിയവസാനിക്കുമ്പോള്‍ ക്രീസിലുള്ളത്. അഞ്ചു വിക്കറ്റ് അവശേഷിക്കെ 65 റണ്‍സ് ലീഡാണ് വിദര്‍ഭക്കുള്ളത്.

പുറത്തായവരില്‍ 75 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫായിസ് ഫസലും വസിം ജാഫറും (34) ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 80 റണ്‍സാണ് വിദര്‍ഭക്കു താങ്ങായത്. 142 പന്തുകളില്‍ നിന്ന് 13 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ഫായിസിന്റെ 75 പിറന്നത്. വസിമിനെ പുറത്താക്കി എം ഡി നിധീഷാണ് കൂട്ടുകെട്ട് തകര്‍ത്തത്. മൂന്നാം വിക്കറ്റില്‍ അഥര്‍വ ടയ്‌ഡെയുമായി ചേര്‍ന്നും ഫായിസ് മെച്ചപ്പെട്ട കൂട്ടുകെട്ടുണ്ടാക്കി. സ്‌കോര്‍ 170ല്‍ നില്‍ക്കെ ഫസലിനെ സന്ദീപ് വാര്യര്‍ മടക്കി. ഒരു റണ്‍ കൂടി മാത്രം വിദര്‍ഭയുടെ സ്‌കോറില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഉടന്‍ ബേസില്‍ തമ്പിയുടെ പന്തില്‍ നൈറ്റ് വാച്ച്മാന്‍ രജനീഷ് ഗുര്‍ബാനി മടങ്ങി. 23 റണ്‍സെടുത്ത അഥര്‍വ ടയ്‌ഡെ സന്ദീപിനു മുന്നിലും വീണു. സഞ്ജയ് രാമസ്വാമി (19)യാണ് പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍. കേരളത്തിനു വേണ്ടി എം ഡി നിധീഷ്, സന്ദീപ് വാര്യര്‍ എന്നിവര്‍ രണ്ടു വീതവും ബേസില്‍ തമ്പി ഒരു വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി സച്ചിന്‍ ബേബി (22) ക്ക് മാത്രമാണ് അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. ബേബിയെ കൂടാതെ വിഷ്ണു വിനോദ് (37*), ബേസില്‍ തമ്പി (10) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കത്തിലെത്തിയത്. വിദര്‍ഭ നിരയില്‍ 12 ഓവര്‍ പന്തെറിഞ്ഞ ഉമേഷ് യാദവ് 48 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റെടുത്തു. ടോസ് നേടിയ വിദര്‍ഭ കേരളത്തിനെ ബാറ്റിംഗിനയക്കുകയായിരുന്നു.

Latest