Connect with us

Kerala

ബി ഡി ജെ എസിനു നാലു സീറ്റു നല്‍കാന്‍ ബി ജെ പിയില്‍ ധാരണ; രണ്ടു സീറ്റിന്റെ കാര്യത്തില്‍ തീരുമാനം പിന്നീട്

Published

|

Last Updated

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ഡി ജെ എസിന് നാല് സീറ്റ് നീക്കിവെച്ച് ബി ജെ പി. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എട്ടു സീറ്റാണ് ബി ഡി ജെ എസ് ആവശ്യപ്പെട്ടിരുന്നത്. ആറു സീറ്റ് കുറയരുതെന്ന നിലപാടില്‍ അവര്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ രണ്ടു സീറ്റുകളുടെ കാര്യം ചര്‍ച്ചകള്‍ക്കു ശേഷം തീരുമാനിക്കും. ആലത്തൂര്‍, വയനാട്, ആലപ്പുഴ, ഇടുക്കി സീറ്റുകളാണ് ബി ഡി ജെ എസിനു നല്‍കാന്‍ കോര്‍ കമ്മിറ്റിയില്‍ ഏകദേശ ധാരണയായിട്ടുള്ളത്.

ബി ജെ പിയില്‍ തൃശൂര്‍ സീറ്റിനെ ചൊല്ലി കൃഷ്ണദാസ്-മുരളീധരന്‍ പക്ഷങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. എ എന്‍ രാധാകൃഷ്ണനെ അവിടെ മത്സരിപ്പിക്കണമെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ ആവശ്യം. കെ സുരേന്ദ്രനു സീറ്റ് നല്‍കണമെന്ന് മുരളീധരന്‍ പക്ഷം പറയുന്നു. തൃശൂര്‍ തങ്ങള്‍ക്കു വേണമെന്ന് ബി ഡി ജെ എസും ആവശ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ടയിലും അവര്‍ അവകാവാദമുന്നയിക്കുന്നു. എന്നാല്‍, ഈ രണ്ടു സീറ്റിലും വിട്ടുവീഴ്ച വേണ്ടിവരുമെന്ന് ബി ഡി ജെ എസ് നേതൃത്വത്തെ ബി ജെ പി അറിയിച്ചതായാണ് വിവരം.

അതിനിടെ, ശബരിമല സമരത്തിന്റെ ജയപരാജയങ്ങളെ ചൊല്ലി യോഗത്തില്‍ വാക് തര്‍ക്കമുണ്ടായി. സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നെന്നും അത് പാര്‍ട്ടിയെ അപഹാസ്യമാക്കിയെന്നും മുരളീധരന്‍ പക്ഷം പറഞ്ഞു. എന്നാല്‍, പാര്‍ട്ടിയിലെ ഒരു വിഭാഗം സഹകരിച്ചില്ലെങ്കിലും സമരം വിജയിച്ചതായാണ് കൃഷ്ണദാസ് പക്ഷം അഭിപ്രായപ്പെട്ടത്. സമരം വലിയ വിജയമായിരുന്നുവെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

Latest