മുന്‍നിലപാടില്‍നിന്നും മാറി ഉമ്മന്‍ചാണ്ടി; ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന്

Posted on: January 24, 2019 3:38 pm | Last updated: January 25, 2019 at 10:51 am

കോട്ടയം: ലോക്‌സഭാ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച നിലപാടില്‍നിന്നും മാറ്റം വരുത്തി ഉമ്മന്‍ചാണ്ടി. സ്ഥാനാര്‍ഥിയാകാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ അപ്പോള്‍ ആലോചിക്കാമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ ആരംഭിച്ചിട്ടില്ല. ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ സീറ്റ് വിഭജന ഘട്ടത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേ സമയം നിലവില്‍ എംഎല്‍എമാര്‍ മത്സരിക്കേണ്ടതില്ലെന്നാണ് ധാരണയെന്നും താന്‍ ഇപ്പോള്‍ എംഎല്‍എയാണെന്നും ഉമ്മന്‍ചാണ്ടി രാവിലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എംഎല്‍എമാര്‍ മത്സരിക്കുന്നത് ഹൈക്കമാന്‍ഡ് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇതിനോട് പ്രതികരിച്ചിരുന്നു. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ താഴെത്തട്ടിലുള്ള അഭിപ്രായങ്ങള്‍വരെ പരിഗണിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്‌നിക്കും വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെയാണ് ഉമ്മന്‍ചാണ്ടി തന്റെ നിലപാടില്‍ അയവ് വരുത്തിയത്. ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വത്തിനായി പാര്‍ട്ടിയില്‍ ശക്തമായ സമ്മര്‍ദമുണ്ട്.