കുഞ്ഞനന്തന്റെ അസുഖത്തിനുള്ള ചികിത്സ പരോളല്ലെന്ന് ഹൈക്കോടതി; സര്‍ക്കാര്‍ വിശദീകരണം നല്‍കണം

Posted on: January 24, 2019 3:14 pm | Last updated: January 24, 2019 at 9:46 pm

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പികെ കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി. കുഞ്ഞനന്തന് അസുഖമുണ്ടെങ്കില്‍ പരോള്‍ നല്‍കുകയല്ല ചികിത്സിക്കുകയാണെന്ന് വേണ്ടതെന്ന് കോടതി പറഞ്ഞു. തടവുകാരന് ചകിത്സ നല്‍കേണ്ടത് സര്‍ക്കാറാണെന്നും ഹൈക്കോടതി വ്യക്തമാക്കി. സംഭവത്തില്‍ രണ്ടാഴ്ചക്കകം വിശദീകരണം നല്‍കാനും കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി. കുഞ്ഞനന്തനും കോടതി നോട്ടീസ് നല്‍കും.

ചികിത്സയുടെ പേരില്‍ പരോളിലിറങ്ങുന്ന കുഞ്ഞനന്തന്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയാണെന്ന് കാണിച്ച് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ നല്‍കിയ ഹരജിയിലാണ് കോടതി നടപടി. ടിപി വധക്കേസില്‍ പതിമൂന്നാം പ്രതിയായ കുഞ്ഞനന്തന്‍ 2014 ജനുവരിയിലാണ് ജയിലിലാകുന്നത്. നാല് വര്‍ഷം പിന്നിടുമ്പോള്‍ കുഞ്ഞനന്തന്‍ 389 ദിവസം പുറത്തായിരുന്നുവെന്ന് പുറത്തായിരുന്നുവെന്ന് പരോള്‍ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാറിന്റെ ഈ നടപടിയെയാണ് കെകെ രമ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്.