സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമാറ്റത്തിന് ശിപാര്‍ശ; അധ്യാപകര്‍ക്ക് ബിഎഡ് നിര്‍ബന്ധം

Posted on: January 24, 2019 2:01 pm | Last updated: January 24, 2019 at 10:39 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമാറ്റത്തിന് ശിപാര്‍ശ ചെയ്ത് വിദഗ്ധ സമതിയുടെ റിപ്പോര്‍ട്ട്. നിലവില്‍ മൂന്ന് ഡയറക്ടറേറ്റുകളുള്ളവ ലയിപ്പിച്ച് ഒന്നാക്കി ഡയറക്ടറേറ്റ് ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍ എന്നാക്കി മാറ്റണമെന്ന് റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. എസ്ഇആര്‍ടി മുന്‍ ഡയറക്ടര്‍ ഡോ.എംഎം ഖാദര്‍ അധ്യക്ഷനായ സമതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് എന്നിവയാണ് ലയിപ്പിച്ച് ഒന്നാക്കി മാറ്റേണ്ടത്. സ്‌കൂളുകളിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ഘടനയിലും സമതി മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒന്ന് മുതല്‍ ഏഴ് വരെ ഒരു സ്ട്രീമും എട്ട് മുതല്‍ 12 വരെ ക്ലാസുകള്‍ക്ക് മറ്റൊരു സ്ട്രീമുമാണ് ശിപാര്‍ശയിലുള്ളത്. ഇതില്‍ എട്ടുമുതല്‍ 12 വരെ ക്ലാസുകളിലെ അധ്യാപകര്‍ക്ക് പിജിയും ബിഎഡും, ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ അധ്യാപകര്‍ക്ക് ബിരുദവും ബിഎഡുമാണ് യോഗ്യതയായി സമതി ശിപാര്‍ശ ചെയ്യുന്നത്. ഇതില്‍ പ്രൈമറി അധ്യാപക യോഗ്യതയിലെ മാറ്റത്തിന് പത്ത് വര്‍ഷത്തെ സാവകാശം നിര്‍ദേശിച്ചിട്ടുണ്ട്. നിലവിലുള്ള അധ്യാപകരേയും ജീവനക്കാരേയും ബാധിക്കാതിരിക്കാനാണിത്. സ്‌കൂളുകളില്‍ ഹെഡ്മാസ്റ്റര്‍ , പ്രിന്‍സിപ്പല്‍ എന്നീ രണ്ട് മേധാവികള്‍ക്ക് പകരം പ്രിന്‍സിപ്പല്‍ ആയിരിക്കും സ്ഥാപന മേധാവി. പ്രിന്‍സിപ്പലിനെ സഹായിക്കാന്‍ വൈസ് പ്രിന്‍സിപ്പലെന്ന തസ്തികയുമുണ്ടാകും. ജില്ലാതലങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസ ഓഫീസുകള്‍ വേണം, മുഴുവന്‍ വിഎച്ച്എസ്ഇകളും സെക്കന്‍ഡറി സ്‌കൂളുകളാക്കണമെന്നും ഡോ. സി രാമകൃഷ്ണന്‍, ജി ജ്യോതിചൂഢന്‍ എന്നിവര്‍ അംഗങ്ങളായ റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.