സിബിഐ ഡയറക്ടര്‍ നിയമനം: കേസ് പരിഗണിക്കുന്നതില്‍നിന്നും ജസ്റ്റിസ് സിക്രിയും പിന്‍മാറി

Posted on: January 24, 2019 1:18 pm | Last updated: January 24, 2019 at 9:11 pm

ന്യൂഡല്‍ഹി: സിബിഐ ഇടക്കാല ഡയറക്ടറായി എം നാഗേശ്വര റാവുവിനെ നിയമിച്ചതിനെതിരെയുള്ള കേസ് പരിഗണിക്കുന്നതില്‍നിന്നു ജസ്റ്റിസ് എകെ സിക്രിയും പിന്‍മാറി. എന്നാല്‍ പിന്‍മാറ്റത്തിനുള്ള കാരണം ജസ്റ്റിസ് സിക്രി വിശദീകരിച്ചില്ല. ചീഫ് ജസ്റ്റിസും നേരത്തെ ഈ കേസില്‍നിന്നും പിന്‍മാറിയിരുന്നു. കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കുമെന്ന് ജസ്റ്റിസ് സിക്രി വ്യക്തമാക്കി.

പുതിയ സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള യോഗത്തില്‍ പങ്കെടുക്കേണ്ടത് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയി പിന്‍മാറിയത്. ഇതേത്തുടര്‍ന്ന് കേസ് ജസ്റ്റിസ് സിക്രിയുടെ പരിഗണനക്കെത്തുകയായിരുന്നു. ഇത്തരത്തില്‍ കേസില്‍നിന്നും ജഡ്ജിമാര്‍ പിന്‍മാറുന്നത് ജനങ്ങളില്‍ തെറ്റിദ്ധരിക്കാനിടയാക്കുമെന്നും കേസ് പരിഗണിക്കണമെന്നും ഹരജിക്കാര്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദിച്ചെങ്കിലും ജസ്റ്റിസ് സിക്രി അതിന് തയ്യാറായില്ല.