Connect with us

Articles

തുടരുന്ന ദുര്‍മരണങ്ങള്‍

Published

|

Last Updated

ദുര്‍മരണമുണ്ടായാല്‍ പരിഹാരക്രിയ നിര്‍ബന്ധമാണ്. അതാണ് ആചാരം. ക്രിമിനല്‍ നടപടിച്ചട്ടമനുസരിച്ചുള്ള നടപടികള്‍ക്ക് പുറമെയുള്ള ആചാരങ്ങള്‍. ദുര്‍മരണത്തിന് ഇരയായ ദേഹത്തിന്റെ ആത്മാവ് മോക്ഷം കിട്ടാതെ അലയാതിരിക്കാനുള്ളതാണ് പരിഹാര ക്രിയ എന്നാണ് വിശ്വാസം. പരിഹാരക്രിയയുടെ ഭാഗമായും ദുര്‍മരണങ്ങളുണ്ടാകാം. പണം, അധികാരം, അധികാരസ്ഥാനവുമായുള്ള അടുപ്പം തുടങ്ങിയവയില്‍ ഏതെങ്കിലുമൊക്കെ വ്യവഹരിക്കുന്നിടത്താണ് സാധാരണ പരിഹാരക്രിയയുടെ ഭാഗമായുള്ള ദുര്‍മരണങ്ങളുണ്ടാകുക. അത്തരം ദുര്‍മരണങ്ങളും ആചാരമാണ്. അത്തരം ആചാരങ്ങളാകുമ്പോള്‍ അതു തന്നെ പരിഹാരമാകയാല്‍ ക്രിമിനല്‍ നടപടിച്ചട്ടമനുസരിച്ചുള്ള ക്രിയകള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കും. അഥവാ ഉണ്ടായാല്‍ തന്നെ പരിഹാരക്രിയയെ ബാധിക്കാത്ത വിധത്തില്‍, പരിഹാരക്രിയ നടപ്പാക്കിയവരെ സ്പര്‍ശിക്കാത്ത വിധത്തിലൊക്കെ മതിയെന്ന് ഉറപ്പാക്കും. അല്ലെങ്കില്‍ തന്നെ പുതിയ നിര്‍വചനമനുസരിച്ച് ആചാരങ്ങള്‍, നീതിന്യായ വ്യവസ്ഥയുടെ പരിശോധനകള്‍ക്ക് പുറത്താകുന്നതാണ് നല്ലത്. ഭരണഘടനാ വ്യവസ്ഥകള്‍ക്ക് വിധേയമാണോ ആചാരങ്ങളെന്ന് പരിശോധിച്ചേ അടങ്ങൂ എന്ന് വാശിയുള്ളവര്‍ക്ക് അതാകാം, പക്ഷേ, നടപ്പാക്കണമെന്ന് നിര്‍ബന്ധം പിടിക്കരുത്. അത്തരം നാണംകെട്ട പ്രവൃത്തി ചെയ്യുന്നവരല്ല തങ്ങള്‍. ആകയാല്‍ പരിഹാരക്രിയയുടെ ഭാഗമായുള്ള ദുര്‍മരണങ്ങളെ ക്രിമിനല്‍ നടപടിച്ചട്ടങ്ങള്‍ക്ക് വിധേയമാക്കുന്നതിനോട് യോജിപ്പില്ല. അഥവാ അങ്ങനെ സംഭവിച്ചാല്‍ അത്തരം നാണംകെട്ട പ്രവൃത്തിയെ ഇല്ലാതാക്കാനുള്ള സകല നടപടിയും സ്വീകരിക്കുകയും ചെയ്യും.
പറഞ്ഞുവന്നത് കേന്ദ്ര മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത്, ഗ്രാമവികസന വകുപ്പില്‍ ഉത്തരവാദിത്വമേറ്റ് രണ്ടാഴ്ച തികയും മുമ്പ് രാജധാനിക്കരികെ റോഡില്‍ പൊലിഞ്ഞ മറാത്ത്‌വാഡയിലെ കരുത്തനായ നേതാവ് ഗോപിനാഥ് മുണ്ടെയടക്കമുള്ളവരെക്കുറിച്ചാണ്. പുലര്‍ച്ചെ ഡല്‍ഹി വിമാനത്താവളത്തിലേക്ക് പുറപ്പെട്ട മുണ്ടെയുടെ വാഹനം ട്രാഫിക് സിഗ്നലില്‍ അപകടത്തില്‍പ്പെട്ടു. അദ്ദേഹം സഞ്ചരിച്ച മാരുതി എസ് എക്‌സ് ഫോര്‍ കാറിലേക്ക് ടാറ്റ ഇന്‍ഡിക്ക വന്നിടിച്ചു. ഇടിയുടെ ആഘാതത്തില്‍ മുന്നിലേക്ക് ആഞ്ഞ ഗോപിനാഥ് മുണ്ടെയുടെ മുഖം മുന്നിലെ സീറ്റില്‍ ഇടിച്ചു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ മാനസികാഘാതം, അപകടത്തിന്റെ ഉപോത്പന്നം പോലെ കരളിനുണ്ടായ തകരാറ് ഒക്കെയാണ് മരണ കാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് ആദ്യമാരോപിച്ചത് മഹാരാഷ്ട്രയിലെ ബി ജെ പി നേതാക്കള്‍ തന്നെ. അവിടെ കാല്‍ നൂറ്റാണ്ടിലേറെയായി ബി ജെ പിയുടെ സഖ്യകക്ഷിയായ ശിവസേനയുടെ പരമാധ്യക്ഷന്‍ ഉദ്ധവ് താക്കറെയാണ് പിന്നീട് ദുരൂഹതയാരോപിച്ചത്. എന്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വരെ, അന്ന് അപകടത്തില്‍ ദുരൂഹത കണ്ടു. കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങള്‍ക്കകമുള്ള മരണം. പുലര്‍ച്ചെ, ഡല്‍ഹിയുടെ തെരുവുകള്‍ വാഹനങ്ങളെക്കൊണ്ട് നിറയുന്നതിന് മുമ്പുണ്ടായ അപകടം. ആശുപത്രിയിലെത്തും മുമ്പേയുള്ള മരണം. ദുരൂഹത ആരോപിക്കപ്പെടാന്‍ മറ്റെന്ത് വേണം. അന്വേഷണം സി ബി ഐയെ ഏല്‍പ്പിച്ച് ഉത്തരവായി.
2014 മെയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ഗോപിനാഥ് മുണ്ടെ അംഗമാകുന്നത്. മരണം 2014 ജൂണ്‍ മൂന്നിനും. അതേക്കുറിച്ചുള്ള അന്വേഷണമാണ് ജൂലൈ മാസത്തില്‍ സി ബി ഐയെ ഏല്‍പ്പിച്ചത്. ഇന്ന് രാജ്യം കാണും വിധത്തില്‍ പഴുത്ത് പാകപ്പെട്ടിരുന്നില്ല സി ബി ഐ അക്കാലത്ത്. പഴുപ്പിക്കാനായി പുകയത്ത് ഇട്ടിട്ടുമുണ്ടായിരുന്നില്ല. പോയ സര്‍ക്കാറിന്റെ കാലത്തെ കൂട്ടിലെ തത്ത മാത്രമായിരുന്നു അത്. എന്തായാലും അവരന്വേഷിച്ച് കുറ്റപത്രം നല്‍കി. അപകടത്തില്‍ പങ്കാളികളായ കാറുകള്‍ രണ്ടും ഇന്ത്യന്‍ കമ്പനികളുടേതാകയാല്‍ സംഗതിയില്‍ വിദേശഗൂഢാലോചന ആരോപിക്കാനാകില്ലെന്ന് വിലയിരുത്തി. ആഭ്യന്തര ഗൂഢാലോചനയുടെ വിവിധ സാധ്യതകള്‍ കൂലംങ്കഷമായി പരിശോധിച്ചു. ആരുടെയെങ്കിലും അധികാരമോഹത്തിന് അല്ലെങ്കില്‍ അധികാരത്തുടര്‍ച്ചക്ക് ഭീഷണിയായിരുന്നോ തെരുവില്‍ വീണ ജീവനെന്ന് ചോദിച്ചു. ഇല്ലെന്ന് കണ്ടെത്തി. സഹപ്രവര്‍ത്തകരുടെയും കീഴ്ജീവനക്കാരുടെയും മൊഴി വിശദമായി രേഖപ്പെടുത്തി. ജീവനില്‍ ഭീതിയുണ്ടെന്ന ശങ്ക ലേശം പോലും പ്രകടിപ്പിച്ചിരുന്നില്ലെന്ന് ബോധ്യപ്പെട്ടു. മന്ത്രി വാഹനത്തിലേക്ക് വന്നിടിച്ച ഇന്‍ഡിക്കയുടെ സാരഥി തന്നെ കുറ്റക്കാരനെന്ന് പത്രം തയ്യാറാക്കി കോടതിയില്‍ കൊടുത്തു. അതിന്‍മേല്‍ ന്യായാന്യായ പരിശോധന തീര്‍ന്നിട്ടില്ല. മന്ത്രിയുടെ കാര്‍, സിഗ്നല്‍ ലംഘിച്ച് മുന്നോട്ടുവന്നതാണ് അപകടത്തിന് കാരണമെന്ന പ്രതിഭാഗം മൊഴി സി ബി ഐ വിശ്വസിച്ചില്ല, വരുംകാലങ്ങളിലും വിശ്വസിക്കില്ല. അവന്റെ ശ്രദ്ധക്കുറവുണ്ടാക്കിയ അപകടമെന്ന് വിധിച്ചാല്‍ പിന്നെ ദുരൂഹതകളില്ലല്ലോ!

യന്ത്രത്തില്‍ പതിയുന്ന വോട്ടുകളില്‍ പ്രതിയോഗിക്ക് പതിയേണ്ടത് കൂടി സ്വന്തമാക്കാനുള്ള “ഒടിവിദ്യ” പ്രയോഗിച്ചാണ് 2014ല്‍ പുമാന്‍ അധികാരം പുല്‍കിയതെന്നും അക്കാര്യം അറിയാമായിരുന്നതുകൊണ്ട് മുണ്ടെയെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പുതിയ ആരോപണം. നെല്ലും പതിരും ഇവിടെയും തിരിയില്ല. പതിരില്ലാത്ത ആരോപണമാണെങ്കിലും നെല്ലാണെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. അതിലുള്ള വൈദഗ്ധ്യം അന്യാദൃശമാണ്. 2001 അവസാനം ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലേക്ക് അവരോധിക്കപ്പെട്ടപ്പോള്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ ഉന്നമിട്ടത് അക്കാലം ഹരേണ്‍ പാണ്ഡ്യ കൈവശം വെച്ച സീറ്റായിരുന്നു. സീറ്റ് വിട്ടുകളിയില്ലെന്ന് പാണ്ഡ്യ പറഞ്ഞതോടെ മന്ത്രിസഭയിലെ ആഭ്യന്തരക്കസേരയില്‍ നിന്ന് റവന്യൂവിലേക്ക് മാറ്റി. വിജയകരമായ വംശഹത്യാ ശ്രമത്തിന് ശേഷം നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഹരേണ്‍ പാണ്ഡ്യ ഉണ്ടാകരുതെന്ന് നിബന്ധന വെച്ചു. എം എല്‍ എയോ മന്ത്രിയോ അല്ലാതെ പുറത്തുനില്‍ക്കുന്ന പാണ്ഡ്യ പ്രശ്‌നക്കാരനാണെന്ന് വംശഹത്യാ ശ്രമത്തെക്കുറിച്ച് അന്വേഷിച്ച സ്വതന്ത്ര കമ്മീഷന് മുമ്പാകെ മൊഴി നല്‍കിയെന്ന് അറിഞ്ഞപ്പോള്‍ ബോധ്യപ്പെട്ടു. എന്തായാലും 2003ല്‍ അജ്ഞാതരായ അക്രമികളുടെ തോക്കിന് പാണ്ഡ്യ ഇരയായി. അക്കാലം സി ബി ഐയുടെ ഭരണം വാജ്പയ് – അഡ്വാനി ദ്വന്ദ്വങ്ങളുടെ കൈവശമായിരുന്നു. കൊല നടന്ന് മൂന്നാം പക്കം അന്വേഷണം സി ബി ഐക്ക് കൈമാറി. ആറ് മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കിയ അവര്‍, വംശഹത്യാ ശ്രമത്തില്‍ പ്രതികാരം തോന്നിയ മുസ്‌ലിം തീവ്രവാദികളുടെ കൈക്രിയയിലാണ് ഹരേണ്‍ പാണ്ഡ്യ കൊല്ലപ്പെട്ടത് എന്ന് കണ്ടെത്തി.

കൊലക്ക് പിന്നില്‍ നരേന്ദ്ര മോദിയെന്ന് പാണ്ഡ്യയുടെ പിതാവും ഭാര്യയും ആരോപിച്ചു. അന്വേഷണത്തിലെ പാളിച്ചകള്‍ പലത് ചൂണ്ടിക്കാട്ടപ്പെട്ടു. വെടിയേറ്റ് മരിച്ച നിലയില്‍ കാറിന്റെ മുന്‍ സീറ്റില്‍ കാണപ്പെട്ടിട്ടും പാണ്ഡ്യയുടെ ഒരു തുള്ളിചോര കാറിലെങ്ങും കാണാത്തത് എന്തുകൊണ്ടെന്ന ചോദ്യമുയര്‍ന്നു. കാറിലിരിക്കെ വെടിയേറ്റിട്ടും കാറിനുള്ളില്‍ വെടിമരുന്നിന്റെ തരിപോലുമില്ലാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യവുമുണ്ടായി. എല്ലാറ്റിനുമൊടുവില്‍ സി ബി ഐ പ്രതി ചേര്‍ത്തവരെ ഒന്നൊഴിയാതെ വിട്ടയച്ച് ഹൈക്കോടതി കൈകഴുകി. ഹൈക്കോടതി വിധിക്കുമേലെ അപ്പീല്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍ ക്രിമിനല്‍ നടപടിച്ചട്ടം കാത്തു. പരിഹാരക്രിയക്കിടയിലെ ദുര്‍മരണമാണോ ഹരേണ്‍ പാണ്ഡ്യയെ തേടിയെത്തിയതെന്ന ചോദ്യത്തിന് ഒരുകാലത്തും ഉത്തരമുണ്ടാകില്ലെന്ന് ഉറപ്പ്.

ഗോള്‍വാര്‍ക്കറിന് ശേഷം ഗുരുജിയെന്ന് തികച്ചു വിളി കേട്ടവര്‍ അപൂര്‍വമാണ് രാഷ്ട്രീയ സ്വയം സേവക് സംഘിലും പരിവാരത്തിലും. ആ വിളി കേള്‍പ്പിച്ചവനാണ് സുനില്‍ ജോഷി. അജ്മീര്‍ ദര്‍ഗയിലും ഹൈദരാബാദിലെ മക്ക മസ്ജിദിലുമൊക്കെയുണ്ടായ സ്‌ഫോടനങ്ങളില്‍ ആരോപണ വിധേയന്‍. 2007 ഡിസംബര്‍ 29ന് മധ്യപ്രദേശിലെ ദേവാസില്‍ വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ അജ്ഞാതരായ ചിലരുടെ വെടിയുണ്ടകള്‍ക്ക് ഇരയായി. അജ്മീര്‍, മക്ക മസ്ജിദ്, സംഝോത എക്‌സ്പ്രസ്, മലേഗാവ് തുടങ്ങി പല സ്‌ഫോടനങ്ങള്‍ക്ക് പിറകിലും പ്രവര്‍ത്തിച്ച ഹിന്ദുത്വ ഭീകരവാദ ശൃംഖലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നയാളെന്ന നിലക്ക് ഗുരുജി ജീവനോടെയിരിക്കുന്നത് പരിവാരത്തിന് ബുദ്ധിമുട്ടാകുമെന്ന നിഗമനമാണ് അജ്ഞാതരുടെ വെടിയുണ്ടകള്‍ക്ക് പിറകിലെന്നായിരുന്നു നിഗമനം. അക്കാലം മധ്യപ്രദേശില്‍ ബി ജെ പി ഭരണത്തിലേറി വര്‍ഷം നാല് പിന്നിട്ടിരുന്നു. പരിഹാരക്രിയയുടെ ഭാഗമായുള്ള ദുര്‍മരണമാകയാല്‍ സംസ്ഥാന പോലീസിന്റെ അന്വേഷണം വേണ്ടത്ര മുന്നേറിയില്ല. പില്‍ക്കാലം ഹിന്ദുത്വ ഭീകരവാദ ശൃംഖലകളെക്കുറിച്ചുള്ള വിവരങ്ങള്‍, പിന്നീട് നിഷേധിക്കാവുന്ന കുറ്റസമ്മതമൊഴിയായി സ്വാമി അസിമാനന്ദ രേഖപ്പെടുത്തിയ ശേഷം ഗുരുജിയുടെ വധമന്വേഷിക്കാന്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന യു പി എ സര്‍ക്കാര്‍ ശ്രമിച്ചു. കേസുകെട്ടുകള്‍ കൈമാറാന്‍ വൈകിപ്പിച്ചും കെട്ടുകള്‍ മുഴുവന്‍ കൈമാറാതെയും ചട്ടപ്പടി അട്ടിമറി നടത്തി മധ്യപ്രദേശം. ആ ദേശത്ത് വ്യാപത്തില്‍ വ്യാപകമായി അഴിമതി ആരോപണമുണ്ടായി, മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംഗ് ചൗഹാനെയും വാമഭാഗമുള്‍പ്പെടെ കുടുംബാംഗങ്ങളെയും ചേറില്‍ മുക്കുമെന്നും പാര്‍ട്ടിയുടെയും ഭരണത്തിന്റെയും വേരറുക്കുമെന്നുമായതോടെ ദുര്‍മരണമുണ്ടായത് അമ്പതോളം പേര്‍ക്കായിരുന്നു. ഉത്തര്‍ പ്രദേശില്‍ ഇപ്പോള്‍ അരങ്ങേറുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ഇല്ലാതാകുന്നത് നുറുകണക്കിന് ആളുകളാണ്. പരിഹാരക്രിയയായതിനാല്‍ ക്രിമിനല്‍ നടപടിച്ചട്ടമനുസരിച്ചുള്ള വ്യവഹാര വിജയത്തിനുള്ള തെളിവുകളൊക്കെ ഇല്ലായ്മ ചെയ്തിട്ടുണ്ടാകും.

ഏറ്റുമുട്ടല്‍ കൊലകളും ഉത്തമമായ പരിഹാരക്രിയയായിരുന്നു. ഗുജറാത്തില്‍ അരങ്ങേറിയ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ ചിലത് അപ്രതീക്ഷിതമായി കോടതി കയറിയപ്പോള്‍ ആരോപണവിധേയരുടെ പട്ടിക നീണ്ടു. കറുത്ത താടിയും വെളുത്ത താടിയുമൊക്കെ പരാമര്‍ശിക്കപ്പെട്ടു. പ്രതിപ്പട്ടികയില്‍ അമിത് ഷാക്കും ഇടം കിട്ടി. 2014ല്‍ കേന്ദ്രാധികാരം പിടിച്ചതോടെ കേസ് ഇല്ലാതാക്കാന്‍ ശ്രമം തുടങ്ങി. അപ്പോഴാണ് പ്രതിപ്പട്ടികയിലുള്ളവരൊക്കെ കോടയില്‍ ഹാജരാകണമെന്ന് ജഡ്ജിക്ക് നിര്‍ബന്ധം. വിചാരണ കാര്യക്ഷമമായി നടത്തുമെന്ന വാശിയും. നാഗ്പൂരില്‍ വിവാഹത്തിന് പോയ ജഡ്ജി ലോയ, പൊടുന്നനെ ഹൃദയാഘാതത്തിന് കീഴടങ്ങി. തിടുക്കപ്പെട്ട് പോസ്റ്റ്‌മോര്‍ട്ടം, ഉറ്റവര്‍ മുഴുവന്‍ എത്തും മുമ്പുള്ള സംസ്‌കാരം, മരണത്തില്‍ സംശയമുന്നയിച്ച ബന്ധുക്കളെ മുഴുവന്‍ നിശ്ശബ്ദരാക്കാന്‍ പാകത്തിലുള്ള ഭീഷണി. മരണത്തില്‍ ദുരൂഹത ആരോപിക്കാന്‍ കാരണങ്ങള്‍ പലതുണ്ടായി. സംശയമെന്ന് ശങ്കിക്കാന്‍ പോലും ഇടയില്ലെന്ന് പരമോന്നത കോടതി വിധിച്ചതോടെ വ്യവഹാര സാധ്യത അടഞ്ഞു. സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സകല പ്രതികളെയും വെറുതെ വിടുകയും ആ വിധിയില്‍ അപ്പീല്‍ വേണ്ടെന്ന് സി ബി ഐ തീരുമാനിക്കുകയും ചെയ്തതോടെ ജഡ്ജി ലോയയുടെ മരണത്തിലെ ദുരൂഹതകള്‍ ഇനി കഥകളില്‍ മാത്രം ശേഷിക്കും.
ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധാബോല്‍ക്കര്‍, ഗൗരി ലങ്കേഷ് എന്നിങ്ങനെ ദുര്‍മരണങ്ങള്‍ക്ക് ഇരകളായവരുടെ പട്ടിക നീളുകയാണ്. ഇതില്‍ ചിലകാലം ചിലരെ അറസ്റ്റ് ചെയ്ത് നീതിയോട് പ്രതിബദ്ധതയുണ്ടെന്ന് അവകാശപ്പെടും. പരിഹാരക്രിയയുടെ ഭാഗമായ ദുര്‍മരണങ്ങളുടെ കേസുകള്‍ കോടതിയില്‍ പരാജയപ്പെടുന്നുവെന്നും പ്രതിസ്ഥാനത്തുള്ളവര്‍ രക്ഷപ്പെടുന്നുവെന്നും ഉറപ്പാക്കുകയും ചെയ്യും.

ആര്‍ വിജയലക്ഷ്മി

Latest