മുണ്ടെയുടെ മരണവും വെളിപ്പെടുത്തലും

Posted on: January 24, 2019 6:01 am | Last updated: January 23, 2019 at 11:32 pm

പൊതുതിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ ബി ജെ പിയെ പ്രതിസന്ധിയിലാക്കുന്നതാണ് പാര്‍ട്ടി നേതാവും കേന്ദ്ര മന്ത്രിസഭയിലെ അംഗവുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച് പുറത്തുവന്ന വിവരങ്ങള്‍. 2014ല്‍ മോദി മന്ത്രിസഭയില്‍ ഗ്രാമവികസന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചക്കുള്ളില്‍ വാഹനാപകടത്തിലായിരുന്നു ഗോപിനാഥ് മുണ്ടെയുടെ മരണം. 2014 ജൂണ്‍ മൂന്നിന് കാലത്ത് മുണ്ടെ സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ഈ അപകടം മുണ്ടെയെ വധിക്കാനായി മനഃപൂര്‍വം സൃഷ്ടിച്ചതായിരുന്നുവെന്നാണ് അമേരിക്കന്‍ സൈബര്‍ വിദഗ്ധന്‍ സയ്യിദ് ശുജയുടെ വെളിപ്പെടുത്തല്‍. വോട്ടിംഗ് മെഷീനുകളില്‍ വ്യാപകമായി കൃത്രിമം നടത്തിയാണ് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ വന്‍ ഭൂരിപക്ഷം നേടിയത്. ഇക്കാര്യം ഗോപിനാഥ് മുണ്ടെക്ക് അറിയാമായിരുന്നുവെന്നും മുണ്ടെ ഇക്കാര്യം വെളിപ്പെടുത്തുമെന്ന് സന്ദേഹമുയര്‍ന്നപ്പോഴാണ് വാഹനാപകടം ആസൂത്രണം ചെയ്തതെന്നും ശുജ പറയുന്നു.

മുണ്ടെയുടെ വാഹനാപകട കേസ് അന്വേഷിച്ച എന്‍ ഐ എ ഓഫീസര്‍ തന്‍സീല്‍ അഹമ്മദും കൊല്ലപ്പെടുകയുണ്ടായി. ഒരു വിവാഹ ചടങ്ങ് കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ തന്‍സീല്‍ അഹമ്മദും കുടുംബവും സഞ്ചരിച്ച കാറിന് നേരെ ബൈക്കിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മുണ്ടെയുടെ മരണം കൊലപാതകമാണെന്ന് കാണിച്ച് എഫ് ഐ ആര്‍ സമര്‍പ്പിക്കാനിരിക്കെയാണ് ഈ അന്വേഷണ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതെന്നും മുണ്ടെയുടെ മരണവുമായി ഇതിന് ബന്ധമുണ്ടെന്നുമാണ് സയ്യിദ് ശുജയുടെ പക്ഷം. ഇന്ത്യന്‍ ജേര്‍ണലിസ്റ്റസ് അസോസിയേഷന്‍ ലണ്ടനില്‍ സംഘടിപ്പിച്ച ഹാക്കത്തണ്‍ പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ശുജ ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

മുണ്ടെയുടെ മരണത്തെക്കുറിച്ച് നേരത്തെ തന്നെ സംശയം ഉയര്‍ന്നതാണ്. വാഹനാപകടത്തെ കുറിച്ച് വ്യത്യസ്തമായ വിവരണങ്ങളായിരുന്നു അന്ന് ദൃക്‌സാക്ഷികളും ഡ്രൈവറും പോലീസ് ഉള്‍പ്പെടെയുള്ള അധികൃതരും നല്‍കിയിരുന്നത്. മുണ്ടെയുടെ ഡ്രൈവറെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതായിരുന്നു ഏറെയും. പിന്‍സീറ്റില്‍ ഇരുന്ന മുണ്ടെക്ക് സാരമായ പരുക്കേറ്റപ്പോള്‍ ഡ്രൈവര്‍ നിസ്സാര പരുക്കുകള്‍ കൊണ്ട് രക്ഷപ്പെട്ടു. അറസ്റ്റിലായ ഡ്രൈവര്‍ ദിവസങ്ങള്‍ക്കകം 30,000 രൂപയുടെ ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. ഡ്രൈവറും സഹായികളുമാണ് മുണ്ടെയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്ര ഗുരുതരമായ പരുക്കേറ്റിട്ടില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ ആദ്യ നിഗമനം. എന്നാല്‍, ഏറെ താമസിയാതെ അദ്ദേഹം മരണപ്പെടുകയും ചെയ്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം മരണ കാരണം അപകടത്തെ തുടര്‍ന്നുള്ള ഹൃദയാഘാതമാണ്. കേസ് ഏറ്റെടുത്ത സി ബി ഐ നാല് മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി അപകടത്തില്‍ സംശയിക്കത്തക്കതൊന്നുമില്ലെന്ന മട്ടില്‍ റിപ്പോര്‍ട്ടും നല്‍കി.

മുണ്ടെ മാത്രമല്ല, സംഘ്പരിവാറിനോ ഭരണകൂടത്തിനോ എന്തെങ്കിലും ഭീഷണിയാകാന്‍ സാധ്യതയുള്ള പലരും അസാധാരണ സാഹചര്യത്തില്‍ മരണപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ബി എച്ച് ലോയയുടെയും സുഹൃത്തുക്കളായ ജഡ്ജി പ്രകാശ് തോംബരെ, അഭിഭാഷകന്‍ ശ്രീകാന്ത് ഖണ്ഡാല്‍കര്‍ എന്നിവരുടെയും മരണത്തിലെ ദുരൂഹത ഇപ്പോഴും തുടരുകയാണ്. സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബി ജെ പി നേതാവ് അമിത് ഷാ കോടതിയില്‍ ഹാജരായി വിചാരണ നേരിടണമെന്ന് ഉത്തരവിട്ടതിന് പിന്നാലെയാണ് ജസ്റ്റിസ് ലോയ നാഗ്പൂരില്‍ സംശയകരമായ സാഹചര്യത്തില്‍ മരിക്കുന്നത്. അമിത് ഷായെ ഈ കേസില്‍ നിന്ന് ഒഴിവാക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ജസ്റ്റിസ് ലോയയോട് ഭീഷണി സ്വരത്തില്‍ ആവശ്യപ്പെട്ടിരുന്നതായും ഈ വിവരം ലോയ സുഹൃത്തുക്കളായ പ്രകാശ് തോംബരെയും ഖണ്ഡാല്‍കറെയും അറിയിച്ച പശ്ചാത്തലത്തിലാണ് ഇവരുടെ ദുരൂഹമരണമുണ്ടായതെന്നും അഭിഭാഷകനായ സതീഷ് പറയുന്നു. ലോയയുടെ മരണശേഷം ഖണ്ഡാല്‍കറെ കാണാതാവുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ മൃതദേഹം നാഗ്പൂര്‍ കോടതി വളപ്പില്‍ കണ്ടെത്തുകയുമായിരുന്നു. 2016 മെയില്‍ ബെംഗളൂരുവിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ ഹൈദരാബാദില്‍ വെച്ചായിരുന്നു ജഡ്ജി പ്രകാശ് തോംബരെയുടെ ദുരൂഹ മരണം.
ഇത്തരം ദുരൂഹ മരണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും മറ്റും രംഗത്തു വരാറുണ്ടെങ്കിലും അധികൃതര്‍ ചെവികൊടുക്കാറില്ല. കോടതികളെ സമീപിച്ചാലും രക്ഷയില്ല. ഏതോ ബാഹ്യശക്തികളെ ഭയപ്പെടുന്നുണ്ടോയെന്ന് സംശയം ജനിപ്പിക്കുന്ന തരത്തിലാണ് ഇന്ന് ജുഡീഷ്യറിയുടെ നീക്കങ്ങള്‍. ഭരണകൂട ഭീകരതക്കെതിരായ കേസുകളില്‍ വിശേഷിച്ചും. കാര്യങ്ങള്‍ ഈ നിലയില്‍ തന്നെ മുന്നോട്ടു പോയാല്‍ ദുരൂഹമരണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. സത്യസന്ധമായ അന്വേഷണത്തിലൂടെ ഇവയുടെയെല്ലാം ചുരുളഴിക്കേണ്ടതുണ്ട്. മുണ്ടെയുടെ മരണത്തെക്കുറിച്ച് സൈബര്‍ വിദഗ്ധന്‍ ശുജയുടെ പുതിയ വെളിപ്പെടുത്തല്‍ വന്ന സാഹചര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുണ്ടെയുടെ അനന്തരവനും എന്‍ സി പി നേതാവുമായ ധനഞ്ജയ് മുണ്ടെ രംഗത്തു വന്നിട്ടുണ്ട്. സി ബി ഐയില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാലായിരിക്കണം റോ അല്ലെങ്കില്‍ സുപ്രീം കോടതി ജഡ്ജി വിഷയം അന്വേഷിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അധികൃതരില്‍ നിന്ന് അനുകൂല പ്രതികരണം പ്രയാസമാണ്.