Connect with us

Gulf

ദുബൈ ഹെല്‍ത്ത്‌ ഫോറത്തില്‍ പ്രതിനിധികളുടെ മനം കവര്‍ന്ന് മന്ത്രി ശൈലജ

Published

|

Last Updated

ദുബൈ :ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മന്ത്രിമാരും ആരോഗ്യരംഗത്തെ വിദഗ്ധരും പങ്കെടുത്ത ദുബൈ ഹെല്‍ത് ഫോറത്തില്‍ ഇന്നലെ കേരളവും ആരോഗ്യ, കുടുംബക്ഷേമ മന്ത്രി കെ കെ ശൈലജയും തിളങ്ങി. നിപ്പ വൈറസ്, പ്രളയ ശേഷം സാംക്രമിക രോഗം എന്നിവയെ കരുത്തോടെ അതിജീവിച്ച കേരളത്തെയും നേതൃത്വം നല്‍കിയ മന്ത്രി ശൈലജയെയും മിക്ക പ്രതിനിധികളും അഭിനന്ദിച്ചു. സ്വദേശി, വിദേശീ വ്യത്യാസമില്ലാതെ സ്ത്രീകള്‍ മന്ത്രിയോടൊപ്പം സെല്‍ഫിയെടുക്കാന്‍ മത്സരിച്ചു.

ദുബൈ ഹെല്‍ത് ഫോറത്തില്‍ ഇന്നലെയായിരുന്നു കേരളത്തിന്റെ അവതരണം. സാംക്രമിക രോഗങ്ങള്‍ പടരുന്നത് തടയുന്നതില്‍ കേരളം വിജയിച്ചിട്ടുണ്ടെങ്കിലും ജീവിത ശൈലീ രോഗങ്ങള്‍ വര്‍ധിച്ചുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ദുബൈ ഹെല്‍ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖുതാമി, ഡോ. ആസാദ് മൂപ്പന്‍, ഡോ. ഷാജിര്‍ ഗഫാര്‍ തുടങ്ങി നിരവധിപേര്‍ മന്ത്രിയുടെ അവതരണം ശ്രവിക്കാന്‍ ഉണ്ടായിരുന്നു. കേരള ആരോഗ്യ, കുടുംബക്ഷേമ അഡീഷണല്‍ ചീഫ് സെക്രട്ടറി സദാനന്ദന്‍ ഐ എ എസ് സംസാരിച്ചു.
കഴിഞ്ഞ ദിവസം യു എ ഇ ആരോഗ്യമന്ത്രി അബ്ദുര്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസുമായി താന്‍ നടത്തിയ കൂടിക്കാഴ്ച ഏറെ ആഹ്ലാദകരമായ അനുഭവമായിരുന്നുവെന്ന് മന്ത്രി ശൈലജ സിറാജിനോട് പറഞ്ഞു. “യു എ ഇ മന്ത്രി താമസിയാതെ കേരളം സന്ദര്‍ശിക്കും. പല മേഖലകളിലും പരസ്പര സഹകരണം യു എ ഇ വാഗ്ദാനം ചെയ്തിട്ടുണ്ട്.”- മന്ത്രി ശൈലജ വ്യക്തമാക്കി.
മന്ത്രിയും ഉദ്യോഗസ്ഥരും ദുബൈ ഓട്ടിസം സെന്റര്‍ സന്ദര്‍ശിച്ചു.

Latest