വേനലവധി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂര്‍-ഷാര്‍ജ വിമാന സര്‍വീസ് പ്രതിദിനമാക്കുന്നു

Posted on: January 23, 2019 9:10 pm | Last updated: January 23, 2019 at 9:10 pm

ദുബൈ: ഗള്‍ഫ്-ഇന്ത്യ മേഖലയില്‍ വേനലവധിക്കാലത്ത് യാത്രാ ക്ലേശം ഒഴിവാക്കാന്‍ കൂടുതല്‍ വിമാനങ്ങള്‍ പറത്തുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സി ഇ ഒ കെ ശ്യാംസുന്ദര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 31നാണ് വേനല്‍കാല ഷെഡ്യൂള്‍ തുടങ്ങുന്നത്. പുതിയ ഷെഡ്യൂള്‍ അനുസരിച്ച് ആഴ്ചയില്‍ 653 വിമാനങ്ങള്‍ പറത്തും. നിലവില്‍ 621 വിമാനങ്ങളാണ് പറത്തുന്നത്. നിലവില്‍ ബോയിംഗ് 737-800, 25 വിമാനങ്ങളാണ് പറത്തുന്നത്. എയര്‍ക്രാഫ്റ്റുകളുടെ ഉപയോഗം വര്‍ധിപ്പിച്ചുകൊണ്ടാണ് സര്‍വീസ് വര്‍ധന സാധ്യമാക്കുക. ദിവസം 13.3 മണിക്കൂര്‍ പ്രവര്‍ത്തനക്ഷമത എന്നത് 13.4 ആയി വര്‍ധിപ്പിക്കും.

കണ്ണൂര്‍-ഷാര്‍ജ സര്‍വീസ് ആഴ്ചയില്‍ നാല് എന്നത് പ്രതിദിനമാക്കും. അബുദാബി കണ്ണൂര്‍ മേഖലയില്‍ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പെടുത്തും. തിങ്കളാഴ്ചകളിലും വെള്ളിയാഴ്ചകളിലും രണ്ട് വിമാനങ്ങള്‍ സര്‍വീസ് നടത്തും. അങ്ങിനെവരുമ്പോള്‍ ആഴ്ചയില്‍ അഞ്ച് വിമാന സര്‍വീസുകളുണ്ടാകും. കണ്ണൂര്‍-മസ്‌കത്ത് റൂട്ടില്‍ ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഐ എക്‌സ് 713 സര്‍വീസുകളുണ്ടാകും. കണ്ണൂരില്‍ നിന്ന് വൈകീട്ട് 5.35ന് പുറപ്പെടുന്ന വിമാനം മസ്‌കത്തില്‍ വൈകീട്ട് 7.50ന് എത്തും. മസ്‌കത്തില്‍ നിന്ന് 8.50ന് പുറപ്പെട്ട് കണ്ണൂരില്‍ പുറ്റേന്ന് പുലര്‍ച്ചെ 2.05ന് എത്തും. കണ്ണൂരിലേക്കുള്ള യാത്രാ നിരക്ക് ഭീമമാണെന്ന് പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് മനപ്പൂര്‍വമല്ല, കണ്ണൂരിലേക്ക് കോഴിക്കോടിനെ അപേക്ഷിച്ച് വിമാനങ്ങള്‍ കുറവായതാണ് കാരണം. നിരക്ക് കുറക്കാന്‍ സാധ്യമായതെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പു കൊടുത്തിട്ടുണ്ട്. കണ്ണൂരിനും ദുബൈക്കുമിടയില്‍ സര്‍വീസ് നടത്താന്‍ നിലവിലെ സാഹചര്യം അനുവദിക്കുന്നില്ല. ഇന്ത്യക്കും ഗള്‍ഫിനുമിടയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് അനുവദിക്കപ്പെട്ട സീറ്റുകള്‍ എല്ലാം ഉപയോഗപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്.

കൂടുതല്‍ സീറ്റുകള്‍ ലഭ്യമായാലേ ദുബൈ കണ്ണൂര്‍ സര്‍വീസ് തുടങ്ങാന്‍ കഴിയുകയുള്ളൂ. ഈ വര്‍ഷം അത് സാധ്യമാകണമെങ്കില്‍ ഇന്ത്യയും യു എ ഇയും തമ്മില്‍ നയതന്ത്ര ഇടപെടല്‍ ഉണ്ടാകണം. കണ്ണൂരില്‍ നിന്ന് ബഹ്‌റൈന്‍ വഴി കുവൈത്തിലേക്ക് സര്‍വീസ് നടത്തും. ആഴ്ചയില്‍ രണ്ട് വീതം വിമാനങ്ങളാണ് ഉണ്ടാവുക. നിലവില്‍ കണ്ണൂരിനും ദോഹക്കുമിടയില്‍ വിമാന സര്‍വീസുണ്ട്. ആഴ്ചയില്‍ അഞ്ച് വിമാനങ്ങളായി വര്‍ധിപ്പിക്കും. കോഴിക്കോട്-റിയാദ് മേഖലയില്‍ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പെടുത്തും. വേനല്‍കാല ഷെഡ്യൂളില്‍പെടുത്തിയാണിത്. വെള്ളിയാഴ്ചകളിലാണ് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പെടുത്തുക.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതിയ എയര്‍ ക്രാഫ്റ്റുകള്‍ വാങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ട്. 2018-19 സാമ്പത്തിക വര്‍ഷം വിറ്റുവരവ് 4000 കോടി രൂപ കവിഞ്ഞു. കഴിഞ്ഞ വര്‍ഷം അവസാന എട്ട് മാസത്തിനിടയില്‍ ഇന്ധന വില വര്‍ധിച്ചിട്ടും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലാഭത്തിലാണ്. ഈ വര്‍ഷം 250 കോടി രൂപ ലാഭം നേടുമെന്ന് പ്രതീക്ഷിക്കുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്ന സര്‍വീസുകളില്‍ 65 ശതമാനം യു എ ഇയെ ലക്ഷ്യമാക്കിയാണ്. കൊച്ചി ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ആവശ്യമെങ്കില്‍ ടിക്കറ്റ് നിരക്ക് എല്ലാ റൂട്ടുകളിലും കുറക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ശ്യാം സുന്ദര്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫ് മിഡിലീസ്റ്റ് ആഫ്രിക്ക റീജ്യണല്‍ മാനേജര്‍ മോഹിത് സയിന്‍, അറേബ്യന്‍ ട്രാവല്‍ ഏജന്‍സി ജനറല്‍ മാനേജര്‍ വി സി വേണുഗോപാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. ഷാര്‍ജ-സൂറത്ത് വിമാന സര്‍വീസ് ഫെബ്രുവരി 16ന് ആരംഭിക്കും. ഷാര്‍ജയില്‍ നിന്ന് വൈകീട്ട് 7.35ന് പുറപ്പെടും. സൂറത്തില്‍ രാത്രി 11.45ന് എത്തും. തിങ്കളാഴ്ചകളിലും ശനിയാഴ്ചകളിലുമാണ് വിമാനം. വേനല്‍ കാലത്ത് ഇത് നാല് ദിവസങ്ങളിലായി വര്‍ധിപ്പിക്കും. സൂറത്ത്-ഷാര്‍ജ വിമാന സര്‍വീസ് ഗള്‍ഫിനും ഇന്ത്യക്കുമിടയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 47-ാമത് ഡയറക്ട് സര്‍വീസുകളാണ്.

കെ എം അബ്ബാസ്