കരിങ്കടലിലെ കപ്പല്‍ അപകടം: മരിച്ചവരില്‍ ആറ് ഇന്ത്യക്കാരും

Posted on: January 23, 2019 8:42 pm | Last updated: January 24, 2019 at 10:26 am

മോസ്‌കോ: റഷ്യക്കും ക്രിമയക്കും ഇടയില്‍ കെര്‍ഷ് കടലിടുക്കില്‍ രണ്ട് കപ്പലുകള്‍ക്ക് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ആറ് ഇന്ത്യക്കാരും. ആറ് ഇന്ത്യക്കാരെ കാണാതായതായും സ്ഥിരീകരിച്ചു. രക്ഷപ്പെട്ടവരില്‍ മലയാളിയായ അശോക് നായരും ഉള്‍പ്പെടും. നാല് മലയാളികളെ രക്ഷപ്പെടുത്തിയതായാണ് വിവരം. അപകടത്തില്‍ 15 പേര്‍ മരിച്ചിട്ടുണ്ട്.

തിങ്കളാഴ്ചയാണ് കരിങ്കടലില്‍വെച്ച് രണ്ട് ചരക്ക് കപ്പലുകള്‍ക്ക് തീപ്പിടിച്ചത്. ദ്രവീക്യത ഇന്ധനം വഹിച്ചിരുന്ന വെനീസ് , മെയ്‌സ്‌ട്രോ എന്നീ ടാന്‍സാനിയന്‍ കപ്പലുകളാണ് അപകടത്തില്‍പ്പെട്ടത്. ഒരു കപ്പലില്‍നിന്നും മറ്റൊരു കപ്പലിലേക്ക് ഇന്ധനം നിറക്കവെയാണ് തീപ്പിടുത്തം. സ്‌ഫോടനത്തോടെ തീ മറ്റൊരു കപ്പലിലേക്ക് പടരുകയായിരുന്നു. രണ്ട് കപ്പലുകളിലുമായി 15ഓളം ഇന്ത്യന്‍ ജീവനക്കാരുണ്ട്. മരിച്ചവരുടേയും രക്ഷപ്പെട്ടവരുടേയും പൂര്‍ണ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. കടല്‍ പ്രക്ഷുബ്ധമായത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്.