കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കെ എന്‍ പണിക്കര്‍ക്കും ആറ്റൂര്‍ രവിവര്‍മക്കും വിശിഷ്ടാംഗത്വം

Posted on: January 23, 2019 6:12 pm | Last updated: January 23, 2019 at 6:12 pm

തൃശൂര്‍: 2017ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കെ എന്‍ പണിക്കരും ആറ്റൂര്‍ രവിവര്‍മയും അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് അര്‍ഹരായി. 50,000 രൂപയും രണ്ടു പവന്‍ വരുന്ന സ്വര്‍ണപതക്കവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം പഴവിള രമേശന്‍, എം പി പരമേശ്വരന്‍, കുഞ്ഞപ്പ പട്ടാനൂര്‍, ഡോ. കെ ജി പൗലോസ്, കെ അജിത, സി എല്‍ ജോസ് എന്നിവര്‍ക്കു ലഭിച്ചു. 30,000 രൂപ, സാക്ഷ്യപത്രം, പൊന്നാട ഫലകം എന്നിവയാണ് അവാര്‍ഡ്.

വിവിധ വിഭാഗങ്ങളിലെ പുരസ്‌കാരത്തിന് വീരാന്‍കുട്ടി, വി ജെ ജെയിംസ്, അയ്മനം ജോണ്‍, എസ് വി വേണുഗോപാലന്‍ നായര്‍, കല്‍പ്പറ്റ നാരായണന്‍, എന്‍ ജെ കെ നായര്‍, ജയചന്ദ്രന്‍ മൊകേരി, സി വി ബാലകൃഷ്ണന്‍, രമാ മേനോന്‍, വി ആര്‍ സുധീഷ്, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി എന്നിവര്‍ അര്‍ഹരായി. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം.

പി പവിത്രന്‍, മുരളി തുമ്മാരുകുടി, പി കെ ശ്രീധരന്‍, എസ് കലേഷ്, അബിന്‍ ജോസഫ്, ഡോ. പി സോമന്‍, ശീതള്‍ രാജഗോപാല്‍ എന്നിവര്‍ക്ക് വിവിധ എന്‍ഡോവ്‌മെന്റുകള്‍ ലഭിച്ചു.