Connect with us

National

പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും കഴിവുറ്റ നേതാക്കള്‍: രാഹുല്‍ ഗാന്ധി

Published

|

Last Updated

ലക്‌നൗ: സഹോദരി പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നല്ല
കഴിവുകളുള്ള പ്രിയങ്കയുടെ വരവ് പാര്‍ട്ടിക്ക് ഏറെ ഗുണപ്രദമാകും. എ ഐ സി സി ജനറല്‍ സെക്രട്ടറിയുടെ ചുമതലകള്‍ കൃത്യമായും ഭംഗിയായും നിര്‍വഹിക്കാന്‍ പ്രിയങ്കക്കു കഴിയുമെന്നും രാഹുല്‍ പറഞ്ഞു.

പടിഞ്ഞാറന്‍ യു പിയുടെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയും കാര്യങ്ങള്‍ നന്നായി നിര്‍വഹിക്കാന്‍ പ്രാപ്തിയുള്ളയാളാണ്. ഇരുവരിലും പൂര്‍ണ വിശ്വാസമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പു കാലയളവിലെ രണ്ടു മാസത്തേക്കു മാത്രമായല്ല അവരെ നിയമിച്ചിട്ടുള്ളത്. പാര്‍ട്ടിയുടെ ആശയാദര്‍ശങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കേണ്ട ഉത്തരവാദിത്തവും ഇരുവര്‍ക്കുമുണ്ട്. കിഴക്കന്‍ യു പിയുടെ ചുമതലയാണ് പാര്‍ട്ടി പ്രിയങ്കക്കു നല്‍കിയിട്ടുള്ളത്.

സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ചേര്‍ന്ന് സഖ്യമുണ്ടാക്കിയതില്‍ എതിര്‍പ്പൊന്നുമില്ലെന്നും അഖിലേഷിനോടോ മായാവതിയോടോ യാതൊരു ശത്രുതയുമില്ലെന്നും രാഹുല്‍ പറഞ്ഞു. ബി ജെ പിയെ പരാജയപ്പെടുത്തുകയാണ് മൂന്നു പാര്‍ട്ടികളുടെയും ലക്ഷ്യമെന്നതിനാല്‍ അവരുമായി കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് ആശയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി.