ഇത് സഫീര്‍; നാട്ടുകാരുടെ ബാവക്ക; ഹീറോസിന്റെ സൂപ്പര്‍ ഹീറോ

Posted on: January 23, 2019 3:52 pm | Last updated: January 23, 2019 at 3:52 pm

വോളിബോള്‍ എന്ന കളിയെ ഭ്രാന്തമായി പ്രണയിച്ച ഒരു ചെറുപ്പക്കാരന്‍. പിന്നീട് അയാള്‍ ആഗോളതലത്തില്‍ ശ്രദ്ധേയമായ ഒരു ഐടി ഗ്രൂപ്പിന്റെ ഉടമയാകുന്നു. അപ്പോഴും വോളിബോളിനോടുള്ള ആരാധന അയാള്‍ കൈവിട്ടില്ല. വോളിബോള്‍ താരങ്ങളെ തന്റെ കമ്പനിയില്‍ നിയമിച്ചും കമ്പനിയുടെ പേരില്‍ സ്വന്തമായി ടീമുണ്ടാക്കിയും അയാള്‍ കൈപ്പന്തുകളിയോടുള്ള സ്‌നേഹം നിലനിര്‍ത്തിപ്പോന്നു. ഇപ്പോള്‍ ഐപിഎല്‍, ഐഎസ്എല്‍, പ്രോ കബഡി ലീഗ് മാതൃകയില്‍ വോളിബോളിലും ചരിത്രം കുറിക്കാന്‍ ഒരുങ്ങുന്ന പ്രോ വോളിബോള്‍ ലീഗിലെ ഒരു ടീമിന്റെ ഉടമയായും അയാള്‍ മാറി. ഇത് ഒരു സിനിമാ കഥയല്ല. കാലിക്കറ്റ് ഹീറോസ് ടീമിന്റെ ഉടമയും ബീക്കണ്‍ ഇന്‍ഫോടെക് സിഇഒയും ബീക്കണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ പി ടി സഫീര്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതമാണ്. തിരൂര്‍ പൊന്‍മുണ്ടം സ്റ്റേജ്പടി സ്വദേശിയാണ് സഫീര്‍. നാട്ടുകാര്‍ ബാവക്കയെന്ന് സ്‌നേഹത്തോടെ വിളിക്കുന്ന സഫീര്‍ പ്രോ വോളി ലീഗിനെക്കുറിച്ചും കാലിക്കറ്റ് ഹീറോസിനെക്കുറിച്ചും സിറാജ് ലൈവിനോട് സംസാരിക്കുന്നു…

പ്രചോദനം…

കളിക്കാരനായും സംഘാടകനായും എട്ട് വര്‍ഷത്തോളമായി വോളിബോള്‍ രംഗത്തുണ്ട് ഞാന്‍. നാട്ടുകാര്‍ക്ക് കളിക്കാന്‍ കോര്‍ട്ടില്ലാത്ത സ്ഥിതിയുണ്ടായപ്പോള്‍ അവിടെ സ്ഥലം വാങ്ങി ഒരു ഫഌഡ്‌ലിറ്റ് കോര്‍ട്ട് നിര്‍മിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം ക്ലബ്ല് ടൂര്‍ണമെന്റിനും മറ്റും സ്ഥിരമായി കളിക്കാന്‍ പോകാറുണ്ടായിരുന്നു. രസകരമായിരുന്നു ആ കാലം. ദേശീയതലത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചത് നാടിന് വലിയ ഈര്‍ജമാണ് നല്‍കിയത്. കളിയുള്ളപ്പോള്‍ നാടിന് ഉത്സവാന്തരീക്ഷമായിരുന്നു. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നാട്ടില്‍ ഒരു രാജ്യാന്തര മത്സരം സംഘടിപ്പിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഈ വേളയിലാണ് പ്രോ വോളിയുടെ ആഗമനം. തുടര്‍ന്ന് ഒരു ടീമിനെ സ്വന്തമാക്കിയാലോ എന്ന ചിന്ത കടന്നുവരികയായിരുന്നു. വോളിബോളിനോടുള്ള താത്പര്യവും ഒരുപിടി താരങ്ങള്‍ക്ക് അവസരമൊരുക്കാന്‍ കഴിയുമെന്ന വിശ്വാസവുമാണ് ടീമിനെ സ്വന്തമാക്കുന്നതിലേക്ക് നയിച്ചത്.

പ്രതീക്ഷ…

പ്രതീക്ഷകള്‍ വളരെ വലുതാണ്. ആദ്യ സീസണില്‍ തന്നെ കിരീടം ഉയര്‍ത്താന്‍ തന്നെയാണ് ഹീറോസ് ലക്ഷ്യമിടുന്നത്. ലീഗിലെ ആറ് ടീമുകളില്‍ ഏറ്റവും മികച്ചത് ഹീറോസ് ആണെന്ന് മറ്റു ഫ്രാഞ്ചൈസികള്‍ പോലും പറയുന്നു. ഭാഗ്യവും വോളിബോളിലുള്ള പരിചയസമ്പത്തും ഒത്തുവന്നതുകൊണ്ടാണ് ഇങ്ങനെയൊരു ടീം സാധ്യമായത്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ അമേരിക്കയുടെ പോള്‍ ലോട്മാനെ ടീമിലെത്തിക്കാന്‍ കഴിഞ്ഞു. ഇന്ത്യന്‍ ഐക്കണ്‍ ജെറോം വിനീത്, പുതിയ താരോദമായ അജിത് ലാല്‍, കോഴിക്കോട് മൂലാട് സ്വദേശി ലിബറോ സികെ രതീഷ് എന്നീ കരുത്തരെ ഒരുമിച്ച് ടീമിലെടുക്കാന്‍ കഴിഞ്ഞു എന്നത് ഹീറോസിന്റെ പ്രത്യേകതയാണ്. കോംഗോ താരമായ ഇലൗനി ഗാംപൊറുവും ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. യുവത്വവും പരിചയസമ്പത്തും ഒത്തുചേരുന്നതാണ് ടീമിന്റെ ഘടന. പ്രോ വോളി വലിയൊരു വിജയമായി മാറുമെന്നാണ് പ്രതീക്ഷ.

ആരാധകരെക്കുറിച്ച്…

രാജ്യത്ത് എവിടെ മത്സരം നടന്നാലും അവിടെയെത്തി കളികാണുന്നവരാണ് കോഴിക്കോട്ടെ വോളിബോള്‍ പ്രേമികള്‍. എന്നാല്‍,
ടീമിന്റെ പേരില്‍ കാലിക്കറ്റ് ഉണ്ടെങ്കിലും ഒരിക്കലും ഒരു കോഴിക്കോട്ടെ ടീം മാത്രമല്ല, മറിച്ച് കേരളത്തിലുടനീളമുള്ള വോളിബോള്‍ പ്രേമികളുടെ ടീമാണ്. ടീമിന്റെ ഫാന്‍സ് മീറ്റ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് സംഘടിപ്പിച്ചപ്പോള്‍ കൊച്ചിയില്‍ നിന്നുള്ള നിരവധി പേരാണ് പങ്കെടുക്കാനെത്തിയത്. വോളിബോളിന് ബീക്കണ്‍ നല്‍കിയ സംഭാവനകളെ ഇരുകൈയും നീട്ടി സ്വീകരിച്ചവരാണ് അവര്‍. ടീമും ആരാധകരുമാണ് യഥാര്‍ത്ഥത്തില്‍ ഹീറോസ്.

കിഷോര്‍ കുമാറിന്റെ സാന്നിധ്യം

ബീക്കണ്‍ ഗ്രൂപ്പിന് പ്രോ വോളിയില്‍ ടീമിനെ സ്വന്തമാക്കുന്നതിന് ധൈര്യമേകിയത് മുന്‍ ഇന്ത്യന്‍ താരമായ കിഷോര്‍ കുമാറിന്റെ സാന്നിധ്യമാണ്. വലിയ പ്രചോദനാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സാമ്പത്തിക ലാഭമോ മറ്റോ പ്രതീക്ഷിക്കാതെയാണ് അദ്ദേഹം ടീമിന്റെ ഭാഗമായത്. ബീക്കണ്‍ ഗ്രൂപ്പിന്റെ ബീക്കണ്‍ സ്‌പോര്‍ട്‌സ് വോളിബോള്‍ ടീമിന്റെ പരിശീലകനും ഹീറോസിന്റെ ഉപദേശകനുമാണ് അദ്ദേഹം. എറണാകുളത്ത് നിന്ന് ആഴ്ചയില്‍ രണ്ട് ദിവസം ഡ്രൈവ് ചെയ്ത് വന്നാണ് പ്രാക്ടീസ് നല്‍കുന്നത്.

ടീമിന്റെ പരിശീലനം കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തുടങ്ങി. കശ്മീരില്‍ നിന്നുള്ള സജാദ് ഹുസൈന്‍ മാലിക്കാണ് ടീമിന്റെ പരിശീലകന്‍. ബേസ് ലൈന്‍ വെഞ്ചഴ്‌സും ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയും (വിഎഫ്‌ഐ) സംയുക്തമായി സംഘടിപ്പിക്കുന്ന പ്രൊ വോളി ലീഗിന്റെ ഉദ്ഘാടന പതിപ്പ് ഫെബ്രുവരി രണ്ട് മുതല്‍ 22 വരെയാണ് നടക്കും. ആറ് ടീമുകളാണ് ലീഗിന്റെ ആദ്യ പതിപ്പില്‍ ഏറ്റുമുട്ടുന്നത്. കാലിക്കറ്റ് ഹീറോസിനെ കൂടാതെ മുത്തൂറ്റ് ഗ്രൂപ്പ് ഉടമകളായ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സാണ് കേരളത്തില്‍ നിന്നുള്ള മറ്റൊരു ടീം.

ബോണ്‍ഹോമീ സ്‌പോര്‍ട്‌സ് ഇവന്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, യു സ്‌പോര്‍ട്‌സിന്റെ ഉടമസ്ഥതയിലുള്ള യു മുംബ വോളി, അജൈല്‍ എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ബ്ലാക്ക് ഹോക്ക്‌സ് ഹൈദരാബാദ്, ചെന്നൈ സ്പാര്‍ട്ടന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ സ്പാര്‍ട്ടന്‍സ് തുടങ്ങിയവയാണ് മറ്റ് ടീമുകള്‍. കൊച്ചിയില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും യു മുംബാ വോളിയും തമ്മിലാണ് ഉദ്ഘാടന മത്സരം. മൂന്നിന് കാലിക്കറ്റ് ഹീറോസ് ആദ്യ മത്സരത്തില്‍ ചെന്നൈ സ്പാര്‍ടന്‍സിനെ നേരിടും.