ഐ എസ് ബന്ധം; മഹാരാഷ്ട്രയില്‍ ഒമ്പതു പേര്‍ അറസ്റ്റില്‍

Posted on: January 23, 2019 1:58 pm | Last updated: January 23, 2019 at 1:58 pm

മുംബൈ: ഐ എസ് ബന്ധമാരോപിച്ച് കൗമാരക്കാരനുള്‍പ്പടെ ഒമ്പതു പേരെ മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് (എ ടി എസ്) അറസ്റ്റു ചെയ്തു. മുംബ്‌റ, താനെ, ഔറംഗബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്.

17 വയസുകാരനു പുറമെ സല്‍മാന്‍ ഖാന്‍, ഫഹദ് ഷാ, സമന്‍ കുട്പടി, മൊഹ്‌സീന്‍ ഖാന്‍, മുഹമ്മദ് മസ്ഹര്‍ ഷെയ്ഖ്, താകി ഖാന്‍, സര്‍ഫറാസ് അഹമ്മദ്, സാഹിദ് ഷെയ്ഖ് എന്നിവരാണ് പിടിയിലായതെന്ന് എ ടി എസ് വ്യക്തമാക്കി. ഇവരില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍, കത്തി, മൊബൈല്‍ ഫോണ്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, സിം കാര്‍ഡുകള്‍, ആസിഡ് നിറച്ച കുപ്പി തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.

നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിനു കീഴില്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും എ ടി എസ് അറിയിച്ചു.