വിട്ടുവീഴ്ചയില്ലാതെ മമത; റാലിയില്‍ പങ്കെടുക്കാനാകാതെ അമിത്ഷാ മടങ്ങി

Posted on: January 23, 2019 1:34 pm | Last updated: January 23, 2019 at 7:33 pm

കൊല്‍ക്കത്ത: നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാന്‍ മമത ബാനര്‍ജി തയാറാകാത്തതിനെ തുടര്‍ന്ന് ബി ജെ പി റാലിയില്‍ പങ്കെടുക്കാനെത്തിയ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്ക് തിരിച്ചുപോകേണ്ടി വന്നു. ഇതോടെ തെക്കന്‍ പശ്ചിമ ബംഗാളിലെ ജാര്‍ഗ്രാമില്‍ നടത്താനിരുന്ന റാലി റദ്ദാക്കിയതായാണ് വിവരം.

റാലിയില്‍ പങ്കെടുക്കാനായി ഇന്ന് രാവിലെയാണ് അമിത്ഷാ ഹെലികോപ്ടറില്‍ എത്തിയത്. ഹെലികോപ്ടര്‍ ഇറക്കുന്നതിനുള്ള അനുമതിക്കായി ബി ജെ പി അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും വിഫലമായി. തുടര്‍ന്ന് ആകാശത്ത് ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം അമിത്ഷാ മടങ്ങുകയായിരുന്നു.

മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കടുംപിടിത്തമാണ് ഹെലികോപ്ടറിനു ലാന്‍ഡിംഗ് അനുമതി നിഷേധിക്കാന്‍ ഇടയാക്കിയതെന്ന് ബി ജെ പി ആരോപിച്ചു. കഴിഞ്ഞ ദിവസം മാല്‍ഡ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനും അമിത്ഷായുടെ ഹെലികോപ്ടറിന് അനുമതി നല്‍കിയിരുന്നില്ല.

അതേസമയം, സുരക്ഷാ കാരണങ്ങളാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വി വി ഐപികളുടെ ഹെലികോപ്ടറുകള്‍ ഇറങ്ങാന്‍ അനുവദിക്കുന്നില്ലെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ വിശദീകരണം. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ഇത് ബാധകമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു.