Connect with us

Articles

യന്ത്രങ്ങളിലെ അട്ടിമറിയും തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയും

Published

|

Last Updated

ന്ത്യന്‍ ജേര്‍ണലിസ്റ്റ്‌സ് അസോസിയേഷന്‍ യൂറോപ്യന്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ലണ്ടനില്‍ നടന്ന പരിപാടിയിലാണ് അമേരിക്കന്‍ സൈബര്‍ വിദഗ്ധനായ സയ്യിദ് ശുജ ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് നടത്തിയാണ് 2014ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി വിജയിച്ചതെന്നാണ് ശുജ വ്യക്തമാക്കിയത്. ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തലിനോടൊപ്പം നരേന്ദ്ര മോദി സര്‍ക്കാറില്‍ അംഗമായിരുന്ന ഗോപിനാഥ് മുണ്ടെയുടെയും മാധ്യമ പ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷിന്റെയും ഉള്‍പ്പെടെ മരണങ്ങള്‍ക്ക് ഈ ക്രമക്കേടുമായി ബന്ധമുണ്ടെന്നും സയ്യിദ് ശുജ ആരോപിക്കുന്നു.

ലണ്ടനില്‍ നടന്ന പരിപാടിയില്‍ അമേരിക്കയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ശുജ പങ്കെടുത്തത്. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി വോട്ടിംഗ് യന്ത്രം നിര്‍മിക്കാറുള്ള ഇലക്‌ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ 2009-2014ല്‍ അദ്ദേഹം ജോലി ചെയ്തിരുന്നു. അദ്ദേഹത്തിനും മരണഭീഷണി ഉണ്ടായിരുന്നുവെന്നും അതിനെ തുടര്‍ന്നാണ് അദ്ദേഹം അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടിയതെന്നുമാണ് ശുജ പറയുന്നത്. ഈ സമയത്ത് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടിംഗ് യന്ത്രത്തില്‍ അട്ടിമറി നടത്താന്‍ കഴിയുമോ എന്ന് അന്വേഷിച്ച് അദ്ദേഹത്തെ സമീപിച്ചിരുന്നു പോലും. ബി ജെ പി നേതാക്കള്‍ക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ അട്ടിമറിക്കാന്‍ കഴിയുമെന്ന് അറിയാമായിരുന്നു.

2014ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി വ്യാപകമായി തന്നെ വോട്ടിംഗ് യന്ത്രങ്ങളിലെ അട്ടിമറി ഉപയോഗിച്ചിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നു. ബി ജെ പി നടത്തുന്ന അട്ടിമറി അറിഞ്ഞ് തങ്ങള്‍ ഇടപെട്ടതുകൊണ്ടാണ് രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അവര്‍ പരാജയപ്പെട്ടതെന്നും അദ്ദേഹം അവകാശപ്പെടുന്നു. വോട്ടിംഗ് യന്ത്രങ്ങള്‍ അട്ടിമറിച്ച കാര്യം അറിയാമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ അപകട മരണം യഥാര്‍ഥത്തില്‍ കൊലപാതകമാണ്. ഈ കേസ് അനേ്വഷിച്ച എന്‍ ഐ എ ഉദേ്യാഗസ്ഥനും പിന്നീട് വധിക്കപ്പെട്ടു. വോട്ടിംഗ് യന്ത്രത്തിലെ അട്ടിമറി സംബന്ധിച്ച് താന്‍ നല്‍കിയ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താനിരിക്കെയാണ് ഗൗരിലങ്കേഷ് വധിക്കപ്പെട്ടതെന്നും ശുജ വെളിപ്പെടുത്തുന്നു. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യുന്ന ദൃശ്യങ്ങള്‍ തത്സമയം പുറത്തുവിട്ട ഹാക്കര്‍ പരിപാടിയില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് സയ്യിദ് ശുജ മറുപടിയും നല്‍കി.

ഞെട്ടിപ്പിക്കുന്നതാണ് ഈ സൈബര്‍ വിദഗ്ധന്റെ വെളിപ്പെടുത്തലുകള്‍. രാജ്യമെത്തിപ്പെട്ട അത്യാപത്കരമായ സാഹചര്യത്തെയാണ് ശുജയുടെ ഈ വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തകര്‍ക്കുകയെന്നത് ജനാധിപത്യത്തെ ഇല്ലാതാക്കലാണ്. ജനാധിപത്യ സംവിധാനങ്ങളെ കോര്‍പറേറ്റ് പണവും സാങ്കേതിക വിദ്യയും ഉപയോഗിച്ച് ഹൈജാക്ക് ചെയ്യുകയാണ് ബി ജെ പിയെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഈ വെളിപ്പെടുത്തലിലൂടെ രാജ്യമറിയുന്നത്. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത സംരക്ഷിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവേണ്ടതുണ്ട്. സംഘടിതമായ ഹാക്കിംഗിലൂടെ മാത്രമേ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ കഴിയൂ. അതായത് നൂറുകണക്കിന് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ കഴിയണം. അത്തരം ഒരു നീക്കം സാധ്യമാണോയെന്ന കാര്യത്തില്‍ സംശയമുണ്ടാകാം. പ്രശ്‌നം ഒരു യന്ത്രത്തില്‍ പോലും ക്രമക്കേടുണ്ടാകാന്‍ പാടില്ലായെന്നതാണ്.

2010ലും ഇതുപോലെ ഹാക്കിംഗ് നടത്തിയെന്ന് വെളിപ്പെടുത്തലുണ്ടായിരുന്നു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ തങ്ങള്‍ ഹാക്ക് ചെയ്തതായി അവകാശവാദമുന്നയിച്ചത് യു എസിലെ മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷകസംഘമായിരുന്നു. ബി ബി സിയാണ് അത് റിപ്പോര്‍ട്ട് ചെയ്തത്. പ്രൊഫ. ജെ അലക്‌സ് ഹാള്‍ഡര്‍മാന്റെ നേതൃത്വത്തിലായിരുന്നു ഹാക്കിംഗ്. അന്ന് അതിന്റെ വീഡിയോയും ഇന്റര്‍നെറ്റില്‍ പോസ്റ്റ്‌ചെയ്തു. ഇ വി എം ഡിസ്‌പ്ലേക്ക് സമാന്തരമായി നിര്‍മിച്ച ഡിസ്‌പ്ലേയില്‍ ഇ വി എമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം കൃത്യമായി തെളിഞ്ഞുവെന്ന് ഹാള്‍ഡര്‍മാനും സംഘവും അവകാശപ്പെട്ടു.

ഇതിനായി മൈക്രോപ്രൊസസറും ബ്ലൂടൂത്ത് റേഡിയോയുമാണ് ഉപയോഗിച്ചത്. ഇതിലൂടെ സോഫ്റ്റ്‌വെയര്‍ സാന്നിധ്യമില്ലാത്ത ഇ വി എമ്മില്‍ വോട്ടുകളുടെ എണ്ണത്തില്‍ മാറ്റം വരുത്താമെന്നും അവര്‍ അവകാശപ്പെട്ടു. എന്നാല്‍, അന്ന് ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണറായിരുന്ന അലോക് ശുക്ല ഈ അവകാശവാദം തള്ളിക്കളയുക മാത്രമല്ല ഒരു പഴുതുപോലും നല്‍കാതെയാണ് ഇ വി എം രൂപ്പകല്‍പന ചെയ്തിരിക്കുന്നതെന്നും പേപ്പര്‍ സീലിലും വാക്‌സിലും പോലും കൃത്രിമം സാധ്യമല്ലെന്നും പ്രഖ്യാപിച്ചു. എന്നാല്‍ വേണമെങ്കില്‍ പേപ്പര്‍ സീലിന്റെയും വ്യാജന്‍ നിര്‍മിക്കാമെന്നാണ് ഹാള്‍ഡര്‍മാന്റെ പക്ഷം.

കഴിഞ്ഞ ചില തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി വന്‍വിജയം നേടിയത് വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേടിലൂടെയാണെന്ന ആരോപണം നിലനില്‍ക്കെയാണ് വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്. ക്രമക്കേട് നടക്കുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നതിനാല്‍ പല പ്രതിപക്ഷ പാര്‍ട്ടികളും വോട്ടിംഗ് യന്ത്രം ഉപേക്ഷിച്ച് ബാലറ്റിലേക്ക് മടങ്ങണമെന്ന ആവശ്യം ഉന്നയിച്ചു. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ റാലിയില്‍ പൊതുതിരഞ്ഞെടുപ്പിലെ ഇ വി എം മെഷീനുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രതേ്യക സമിതി രൂപവത്കരിച്ചതായി അറിയിച്ചിരുന്നു.

സയ്യിദ് ശുജയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക്‌ലവാസെ ഇത്തരമൊരു പരിപാടിയെക്കുറിച്ച് തങ്ങള്‍ക്കറിവില്ലെന്നാണ് പറഞ്ഞത്. വോട്ടിംഗ് യന്ത്രങ്ങളില്‍ ഒരു കാരണവശാലും കൃത്രിമം നടത്താന്‍ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. സി പി എം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ഇത്രയും സംഘടിതമായ ഹാക്കിംഗ് നടത്താനാവുമോയെന്ന് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാ ബൂത്തിലും വി വി പാറ്റ്-വോട്ട് റസിപ്റ്റ്-സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

നേരത്തേ ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ വോട്ടിംഗ് യന്ത്രങ്ങളുടെ അട്ടിമറിയെക്കുറിച്ച് ആരോപണം ഉന്നയിച്ചിട്ടുള്ളതാണ്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപകമായി തിരിമറി നടന്നുവെന്ന് മായാവതിയും ആരോപണം ഉന്നയിച്ചിരുന്നു. മധ്യപ്രദേശില്‍ വോട്ടിംഗ് യന്ത്രത്തിലെ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി ജെ പിക്ക് വോട്ട് വീഴുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ തന്നെയാണ് പുറത്തുകൊണ്ടുവന്നത്. ഇന്ത്യയില്‍ സ്വന്തമായി വോട്ടിംഗ് മെഷീന്‍ വികസിപ്പിച്ചെടുത്തത് ഇലക്‌ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡും ചേര്‍ന്നാണ്. 1980ലാണ് ആദ്യമായി ഇന്ത്യ സ്വന്തം ഇലക്‌ട്രോണിക്‌സ് മെഷീന്‍ വികസിപ്പിച്ചെടുത്തത്. 1982-ല്‍ വടക്കന്‍ പറവൂരിലാണ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ പരീക്ഷിക്കുന്നത്. ആദ്യ പരീക്ഷണം തന്നെ വിവാദമായതും കോടതി റദ്ദ് ചെയ്തതുമായിരുന്നു.

…………………….

കെ ടി കുഞ്ഞിക്കണ്ണന്‍

Latest