Connect with us

Editorial

രാജ്യം സമ്പന്നരുടെ കൈകളില്‍

Published

|

Last Updated

സാമൂഹിക സമത്വം വിഭാവനം ചെയ്യുന്ന സോഷ്യലിസം അടിസ്ഥാന തത്വമായി അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. 1976ലാണ് ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയെ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആക്കി മാറ്റിയത്. പിന്നീട് ഗരീബി ഹഠാവോ പോലുള്ള ആകര്‍ഷകമായ മുദ്രാവാക്യങ്ങളും സര്‍ക്കാറുകള്‍ ഉയര്‍ത്തിപ്പിടിച്ചു. എന്നാല്‍ സോഷ്യലിസ്റ്റ് പ്രഖ്യാപനത്തിന് ശേഷം നാല് പതിറ്റാണ്ടിലേറെ കടന്നു പോയിട്ടും സമൂഹത്തിലെ സാമ്പത്തിക അസമത്വം ഒട്ടും കുറഞ്ഞിട്ടില്ലെന്നു മാത്രമല്ല, അടിക്കടി വര്‍ധിച്ചു കൊണ്ടിരിക്കയുമാണ്. ഇതിന്റെ ഏറ്റവും പുതിയ സാക്ഷ്യമാണ് സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറം വാര്‍ഷിക ഉച്ചകോടിക്ക് മുന്നോടിയായി ഓക്‌സ്ഫാം പുറത്തിറക്കിയ പഠനറിപ്പോര്‍ട്ട്.

ഇന്ത്യയിലെ 28 ലക്ഷം കോടി വരുന്ന സമ്പത്തില്‍ 77.4 ശതമാനവും 10 ശതമാനം വരുന്ന അതിസമ്പന്നരുടെ കൈകളിലാണെന്നും ജനസംഖ്യയുടെ 60 ശതമാനത്തോളം സാധാരണക്കാര്‍ക്ക് ലഭ്യമായത് ദേശീയ സമ്പത്തിന്റെ 4.8 ശതമാനം മാത്രമാണെന്നും പഠനം പറയുന്നു. ഇതില്‍ തന്നെ 50 ശതമാനം പേരുടെ സ്വത്ത് വെറും ഒമ്പത് ഡോളര്‍ കോടീശ്വരന്മാരുടെ സ്വത്തിന് തുല്യവും. രാജ്യത്തെ കോടീശ്വരന്മാരുടെ കഴിഞ്ഞ വര്‍ഷത്തെ ശരാശരി ദിവസ വരുമാനം 2,200 കോടി രൂപയാണ്. 36 ശതമാനമാണ് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ സമ്പത്തിലെ വര്‍ധന. ജനസംഖ്യയുടെ 10 ശതമാനം വരുന്ന ഏറ്റവും താഴെത്തട്ടിലുള്ള 13.6 കോടി ജനങ്ങള്‍ 2004 മുതല്‍ കടക്കെണിയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മൂന്ന് മാസം മുമ്പ് പ്രസിദ്ധീകരിച്ച 119 രാജ്യങ്ങളുടെ ദാരിദ്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 103 ആണ്. കഴിഞ്ഞ വര്‍ഷം 100-ാം സ്ഥാനത്തും 2014ല്‍ 55ാ-ാം സ്ഥാനത്തുമായിരുന്നു. ഇന്ത്യയില്‍ പട്ടിണി രൂക്ഷമാണെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്നും രാജ്യത്തെ ബാല്യങ്ങള്‍ കടുത്ത ആരോഗ്യ ശോഷണമാണ് നേരിടുന്നതെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. സൂചികയില്‍ ഇന്ത്യയുടെ അയല്‍ രാജ്യമായ ചൈനയുടെ സ്ഥാനം 25-ാമതാണ്. ബംഗ്ലാദേശ് (86) നേപ്പാള്‍ (72) ശ്രീലങ്ക (67) മ്യാന്‍മര്‍ (68) എന്നിങ്ങനെയാണ് മറ്റു അയല്‍ രാജ്യങ്ങളുടെ അവസ്ഥ. ഐക്യരാഷ്ട്രസംഘടനയുടെ കണക്ക് പ്രകാരം, ഇന്ത്യയില്‍ ഏതാണ്ട് 40 ശതമാനത്തിന് മുകളില്‍ ആളുകള്‍ ദേശീയ ദാരിദ്ര്യരേഖക്ക് താഴെയാണ് ജീവിക്കുന്നത്. 26 ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ളതിനേക്കാള്‍ ദരിദ്രര്‍ ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലുണ്ടെന്നാണ് ഓക്‌സ്‌ഫോര്‍ഡ് പോവര്‍ട്ടി ആന്റ് ഹ്യൂമന്‍ ഡവലപ്‌മെന്റിന്റെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, നമ്മുടെ സര്‍ക്കാറിന്റെ കണക്കില്‍ ദരിദ്രരുടെ എണ്ണം 30 ശതമാനത്തില്‍ താഴെയാണ്. ദാരിദ്ര്യ നിര്‍ണയ മാനദണ്ഡത്തിലെ വ്യത്യാസമാണ് കാരണം. ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ ഒരു കുടുംബത്തിന്റെ ചെലവുകളുടെ കണക്കുകളെ കുറിച്ച് നടത്തുന്ന സര്‍വേയുടെ അടിസ്ഥാനത്തില്‍ അണ് ഇന്ത്യയില്‍ ദാരിദ്ര്യം അളക്കുന്നത്. ഗ്രാമത്തില്‍ ഒരു ദിവസം 27.2 രൂപയും നഗരത്തില്‍ ദിവസം 33.3 രൂപയും ചെലവാക്കുന്നവര്‍ ദാരിദ്ര്യരേഖക്ക് താഴെയും അതിനേക്കാള്‍ കൂടുതല്‍ വരുമാനമുള്ളവര്‍ രേഖക്ക് മുകളിലുമാണെന്നുമാണ് 2011ല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ നിര്‍ണയിച്ചത്. ഇതനുസരിച്ച് അഞ്ച് പേര്‍ അടങ്ങുന്ന കുടുംബം മാസം 4,080 രൂപയോ അതിന് മുകളിലോ ചെലവിടുന്നുണ്ടെങ്കില്‍ ദാരിദ്ര്യ രേഖക്ക് മുകളിലാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലയും വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെ ചെലവും കുതിച്ചുയര്‍ന്ന ഇന്നത്തെ സാഹചര്യത്തില്‍ ഒരു കുടുംബത്തിന് 4,080 എത്ര പരിമിതമാണ്. സര്‍ക്കാറിന്റെ ഈ മാനദണ്ഡം കടുത്ത വിമര്‍ശത്തിന് വിധേയമായിട്ടുണ്ട്. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ദാരിദ്ര്യരേഖക്ക് മുകളിലാണെന്ന് അവകാശപ്പെടാനാണ് ഇത്രയേറെ താഴ്ന്ന ഒരു പരിധി നിര്‍ണയിച്ചതെന്നാണ് വിമര്‍ശകരുടെ അഭിപ്രായം. മറ്റു രാജ്യങ്ങളില്‍ നിര്‍ണയ രീതിവ്യത്യസ്തമാണ്. യൂറോപ്പില്‍ രാജ്യത്തിന്റെ ദേശീയ ശരാശരിയുമായി ബന്ധപ്പെടുത്തിയാണ് ദരിദ്രരെയും അല്ലാത്തവരെയും തീരുമാനിക്കുന്നത്. അവിടെ ഒരു കുടുംബത്തിന് ആഴ്ചയില്‍ 250 പൗണ്ട് അഥവാ 22,500 രൂപ സമ്പാദിക്കാന്‍ കഴിവില്ലെങ്കില്‍ അവര്‍ ദരിദ്ര വിഭാഗത്തില്‍പ്പെടും. ഈ മാനദണ്ഡം സ്വീകരിച്ചാല്‍ ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം കുത്തനെ ഉയരും.

സര്‍ക്കാറിന്റെ തെറ്റായ നയങ്ങളാണ് രാജ്യത്തെ സാമ്പത്തിക അസമത്വം രൂക്ഷമാക്കുന്നത്. വ്യവസായ പുരോഗതിയുടെ പേരിലും മറ്റും കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവ്, കടം എഴുതിത്തള്ളല്‍ തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങളും ഇളവുകളും നല്‍കുമ്പോള്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും പാവപ്പെട്ടവരുടെ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതു മേഖലാവിഭാഗത്തിനും നീക്കി വെക്കുന്ന വിഹിതം പരിമിതമാണ്. പൊതുജനാരോഗ്യം, ചികിത്സ, ശുചിത്വം, ജലവിതരണം എന്നിവക്കുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ആകെ റവന്യൂമൂലധന ചെലവ് മുകേഷ് അംബാനിയുടെ ആകെ സമ്പത്തിനേക്കാള്‍ കുറവാണ്. 2.08 ലക്ഷം കോടി രൂപയാണ് ഈവിഭാഗങ്ങളില്‍ സര്‍ക്കാര്‍ ചെലവ്. മുകേഷ് അംബാനിയുടെ സ്വത്ത് 2.8 ലക്ഷം കോടിയും. ജനങ്ങളില്‍ പകുതിയിലേറെയും ഉപജീവനമാര്‍ഗമായി സ്വീകരിച്ചിരിക്കുന്നത് കൃഷിയാണെങ്കിലും കാര്‍ഷിക മേഖലയുടെ വികസനത്തില്‍ സര്‍ക്കാര്‍ മതിയായ ശ്രദ്ധ പതിപ്പിക്കുന്നില്ല. രാജ്യമെമ്പാടും കര്‍ഷകര്‍ പ്രക്ഷോഭങ്ങിലേക്കിറങ്ങാന്‍ ഇടയാക്കിയത് കാര്‍ഷിക മേഖലയോടുള്ള സര്‍ക്കാറിന്റെ വിമുഖതയാണ്. അതിസമ്പന്നരും മറ്റുള്ളവരും തമ്മിലുള്ള സാമ്പത്തിക അസന്തുലിതത്വം ഈ നിലയില്‍ തുടര്‍ന്നാല്‍ രാജ്യത്തെ സാമൂഹിക, ജനാധിപത്യ ഘടന തകിടംമറിയുമെന്നാണ് രാഷ്ട്രീയ മീമാംസകരുടെ മുന്നറിയിപ്പ്. ഇന്ത്യ അത് അനുഭവിച്ചു വരികയുമാണ്. സാമ്പത്തിക അസന്തുലിതാവസ്ഥയാണല്ലോ രാജ്യത്തിന്റെ സമാധാന ജീവിതത്തിന് കടുത്ത ഭീഷണിയുയര്‍ത്തുന്ന മാവോവാദികളുടെയും തീവ്രവാദി സംഘടനകളുടെയും പിറവിക്കും വളര്‍ച്ചക്കും കാരണം.

Latest