വോട്ടിംഗ് യന്ത്രത്തില്‍ തിരിമറിയെന്ന ആരോപണം: ഹാക്കര്‍ക്കെതിരെ എഫ് ഐ ആര്‍

Posted on: January 23, 2019 12:59 pm | Last updated: January 23, 2019 at 6:56 pm

ന്യൂഡല്‍ഹി: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തിയതായി ആരോപിച്ച യു എസ് ഹാക്കര്‍ സയ്യിദ് ഷൂജക്കെതിരെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി പോലീസാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചത്.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും യു പി. ഗുജറാത്ത്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടന്നുവെന്നായിരുന്നു ഹാക്കറുടെ ആരോപണം. ഇതിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഡല്‍ഹി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വെളിപ്പെടുത്തല്‍ സംബന്ധിച്ച് അന്വേഷിക്കണമെന്നും പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കമ്മീഷന്‍ പോലീസിനെ സമീപിച്ചത്.

ബി ജെ പി നേതാവ് ഗോപിനാഥ് മുണ്ടെയ്ക്കും 2014ല്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന വി എസ് സമ്പത്തിനും ഹാക്കിംഗ് വിവരങ്ങള്‍ അറിയാമായിരുന്നുവെന്ന് ഹാക്കര്‍ ചൂണ്ടിക്കാട്ടുന്നു. വിവരങ്ങള്‍ വെളിപ്പെടുത്താനിരിക്കെയാണു മുണ്ടെ മരിച്ചത്. ഹാക്കിംഗിനെക്കുറിച്ച് അറിയാവുന്നതിനാല്‍ ഗോപിനാഥ് മുണ്ടെയെ കൊലപ്പെടുത്തിയതാണെന്നും സൈബര്‍ വിദഗ്ധന്‍ ആരോപിച്ചിട്ടുണ്ട്.