ബൗളര്‍മാര്‍ നിറഞ്ഞാടി; ഇന്ത്യക്ക് അനായാസ ജയം

Posted on: January 23, 2019 10:39 am | Last updated: January 23, 2019 at 6:42 pm

നേപ്പിയര്‍: ന്യൂസിലാഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് അനായാസ ജയം. ന്യൂസിലാന്‍ഡ് മുന്നോട്ടുവെച്ച 157 റണ്‍സിന്റെ വിജയലക്ഷ്യം 34.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ശിഖര്‍ ധവാന്‍ (75), വിരാട് കോഹ്‌ലി (45) എന്നിവര്‍ തിളങ്ങി. രോഹിത് ശര്‍മ 11 റണ്‍സെടുത്ത് പുറത്തായി. 13 റണ്‍സുമായി അമ്പട്ടി റായിഡു പുറത്താകാതെ നിന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് 38 ഓവറില്‍ 157 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് ഷാമിയും ചേര്‍ന്നാണ് കിവികളുടെ ചിറകരിഞ്ഞത്. യുസ്‌വേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റെടുത്തു. ഷാമിയാണ് കളിയിലെ താരം.

അര്‍ധ സെഞ്ച്വറി നേടിയ നായകന്‍ കാന്‍ വില്ല്യംസണ്‍ (64) ആണ് ടോപ് സ്‌കോറര്‍. ടെയ്‌ലര്‍ 24 റണ്‍സെടുത്തു. ഓപണര്‍മാരായ ഗപ്റ്റിലിനേയും (5), മണ്‍റോയേയും (എട്ട്) തുടക്കത്തില്‍ തന്നെ മടക്കിയ ഷാമി സന്ദര്‍ശകരെ പ്രതിരോധത്തിലാക്കി. ടെയ്‌ലറേയും ലാഥമിനേയും (11) വീഴ്ത്തി ചാഹലും ആഞ്ഞടിച്ചതോടെ ന്യൂസിലാന്‍ഡ് നാലിന് 76 എന്ന നിലയിലായി. കുല്‍ദീപ് യാദവിന്റെ കറങ്ങുന്ന പന്തുകള്‍ക്ക് മുന്നില്‍ വാലറ്റവും കീഴടങ്ങിയപ്പോള്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായി.

വിക്കറ്റ് വേട്ടയില്‍ ഷാമിക്ക് റെക്കോര്‍ഡ്

ഏകദിന മത്സരങ്ങളില്‍ ഏറ്റവും വേഗത്തില്‍ നൂറ് വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും മത്സരത്തിനിടെ ഷാമി സ്വന്തമാക്കി. ഗപ്റ്റിലിനെ പുറത്താക്കിയാണ് ഷാമി ഈ നേട്ടത്തിലെത്തിയത്. 56 മത്സരങ്ങളില്‍ നിന്നാണ് ഷാമിയുടെ നേട്ടം. 59 മത്സരങ്ങളില്‍ നിന്ന് നൂറ് തികച്ച ഇര്‍ഫാന്‍ പത്താന്റെ റെക്കോര്‍ഡാണ് ഷാമി മറികടന്നത്. മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷാമിയുടെ വിക്കറ്റ് നേട്ടം ഇതോടെ 102 ആയി.