രണ്ട് വര്‍ഷത്തിനിടെ ട്രംപിന് 8,000ത്തിലധികം അബദ്ധങ്ങള്‍

Posted on: January 23, 2019 9:13 am | Last updated: January 23, 2019 at 10:40 am

വാഷിംഗ്ടണ്‍: അധികാരത്തിലേറിയ ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 8,158 തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്. ട്രംപ് അധികാരത്തിലേറി രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. പ്രസിഡന്റായി അധികാരമേറ്റ ആദ്യ വര്‍ഷത്തില്‍ പ്രതിദിനം അഞ്ചിലധികം തെറ്റുകളോ തെറ്റായ അവകാശവാദങ്ങളോ അദ്ദേഹത്തില്‍ നിന്ന് സംഭവിച്ചു. എന്നാല്‍ രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിച്ചതോടെ ഇത് പ്രതിദിനം 16ന് മുകളിലെത്തി.

പ്രസിഡന്റ് പുറത്തുവിട്ട ഒരോ പ്രസ്താവനയും സസൂക്ഷ്മം പരിശോധിക്കുകയും വിലയിരുത്തുകയും യാഥാര്‍ഥ്യത്തോട് ചേര്‍ത്തുവെച്ചുമാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
പ്രസിഡന്റായി ആദ്യ നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 492 തെറ്റായ വാദങ്ങളാണ് അദ്ദേഹമുന്നയിച്ചത്. അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടന്ന കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ 1,200 തെറ്റുകളോ തെറ്റിദ്ധാരണ പരത്തുന്ന അവകാശ വാദങ്ങളോ അദ്ദേഹത്തില്‍ നിന്ന് സംഭവിച്ചുവെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു.

ഏറ്റവും വലിയ തെറ്റായ അവകാശവാദങ്ങള്‍ സംഭവിച്ചത് കുടിയേറ്റ വിഷയത്തിലാണ്. മൊത്തം എണ്ണത്തില്‍ 1433ഉം ഈ ഇനത്തിലാണ്. വിദേശ നയങ്ങളില്‍ 900ഉം വ്യാപാര വിഷയത്തില്‍ 854ഉം സാമ്പത്തിക വിഷയത്തില്‍ 790ഉം തൊഴില്‍ വിഷയത്തില്‍ 755ഉം തെറ്റുകള്‍ അദ്ദേഹം വരുത്തി. മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചതുള്‍പ്പടെയുള്ള തെറ്റായ പ്രചാരണങ്ങളുടെ എണ്ണം 899 ആണ്. തെറ്റുകളോ തെറ്റായ അവകാശവാദങ്ങളോ ഉന്നയിക്കാത്ത 82 ദിവസങ്ങളാണ് രണ്ട് വര്‍ഷത്തിനിടയില്‍ ആകെ ഉണ്ടായതെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു.