മഠാധിപതികള്‍ രാഷ്ട്രീയം സംസാരിക്കുന്നതിനു പിന്നില്‍ ആര്‍ എസ് എസ് അജന്‍ഡ: കോടിയേരി

Posted on: January 22, 2019 11:40 pm | Last updated: January 23, 2019 at 10:22 am

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ടു നടന്ന അയ്യപ്പ സംഗമത്തില്‍ ആത്മീയാചാര്യന്മാരും മഠാധിപതികളുമൊക്കെ രാഷ്ട്രീയം സംസാരിച്ചതിനു പിന്നില്‍ ആര്‍ എസ് എസ് അജന്‍ഡയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തെ ഗുജറാത്താക്കി മാറ്റാന്‍ കഴിയുമോ എന്നാണ് ബി ജെ പി നോക്കുന്നത്. ബി ജെ പിയും കോണ്‍ഗ്രസും ഉള്‍പ്പടെയുള്ള ഇതര സംഘടനകള്‍ വിട്ട് സി പി എമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചവര്‍ക്കു പാര്‍ട്ടി നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു കോടിയേരി.

കമ്മ്യൂണിസ്റ്റുകാര്‍ക്കും ഇടതു പക്ഷത്തിനുമെതിരെ ആത്മീയാചാര്യന്മാര്‍ പരസ്യ നിലപാടെടുക്കുന്നതിനു പിന്നില്‍ ആര്‍ എസ് എസാണ്. ആത്മീയാചാര്യന്മാരെക്കൊണ്ട് കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായി പറയിച്ച് കേരളത്തില്‍ തങ്ങള്‍ക്കനുകൂലമായ മാറ്റമുണ്ടാക്കാന്‍ സാധിക്കുമോ എന്നാണവര്‍ നോക്കുന്നത്. എന്നാല്‍, വര്‍ഗീയ പിന്തിരിപ്പന്‍ ശക്തികള്‍ക്കെതിരെ എന്നും ശക്തമായ നിലപാടു സ്വീകരിച്ച ചരിത്രമുള്ള കേരളത്തില്‍ ഈ മോഹം പൂവണിയാന്‍ പോകുന്നില്ല.

11 വര്‍ഷം മുമ്പ് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനോട് അനുകൂലാഭിപ്രായം പ്രകടിപ്പിച്ച അമൃതാനന്ദമയി അയ്യപ്പ സംഗമത്തിലെത്തിയപ്പോള്‍ നിലപാട് തിരുത്തിയിരിക്കുകയാണ്. ഇത് ആര്‍ എസ് എസ് പറഞ്ഞതു കൊണ്ടാണോ എന്ന് വ്യക്തമാക്കാന്‍ അവര്‍ തയാറാവണം.

വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാനാണ് ആര്‍ എസ് എസ് ശ്രമമെന്നും ഇതിനായി കമ്മ്യൂണിസ്റ്റുകാര്‍ ക്ഷേത്ര ധ്വംസകരാണെന്ന പ്രചാരണം നടത്തുകയാണെന്നും കോടിയേരി പറഞ്ഞു. കേന്ദ്രത്തില്‍ മോദിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. ബി ജെ പിക്കു ബദലാകാന്‍ കോണ്‍ഗ്രസിന് ഒരിക്കലും കഴിയില്ല. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷം വന്‍ മുന്നേറ്റം നടത്തുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.