ശ്രീശാന്തിന്റെ മുഖത്തടിച്ചത് ജീവിതത്തിലെ വലിയ തെറ്റ്, മാപ്പു ചോദിക്കുന്നു: ഹര്‍ഭജന്‍

Posted on: January 22, 2019 10:26 pm | Last updated: January 22, 2019 at 10:26 pm

മുംബൈ: 2008ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ പി എല്‍) മത്സരം നടക്കുന്നിതിനിടെ മലയാളി താരം എസ് ശ്രീശാന്തിന്റെ മുഖത്തടിച്ചതില്‍ പരസ്യ ക്ഷമായാചന നടത്തി സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും അതിനെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായി കണക്കാക്കുന്നുവെന്നും ബാജി പറഞ്ഞു.

ഒരുപാടാളുകള്‍ ആ സംഭവത്തെ കുറിച്ചു സംസാരിക്കുന്നു. ആ നിമിഷത്തിലേക്കു തിരിച്ചുപോയി തെറ്റു തിരുത്താന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നു. പ്രതിഭയുള്ള മികച്ച താരമാണ് ശ്രീശാന്ത്. ഇപ്പോഴും സഹോദരനെ പോലെയാണ് അദ്ദേഹത്തെ കാണുന്നത്. ശ്രീശാന്തിനും കുടുംബത്തിനും ആശംസകള്‍ നേരുന്നു- ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

പത്തു വര്‍ഷം മുമ്പ് ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍ മത്സരിക്കുന്നതിനിടെയാണ് പിച്ചില്‍ വച്ച് ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മുഖത്തടിച്ചത്.