Connect with us

Ongoing News

നികുതി വെട്ടിപ്പു കേസ്: 1.8 ദശലക്ഷം ഡോളര്‍ പിഴ നല്‍കി റൊണാള്‍ഡോ തടിയൂരി

Published

|

Last Updated

മാഡ്രിഡ്: നികുതി വെട്ടിപ്പു കേസില്‍ വന്‍ തുക പിഴയൊടുക്കി ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ തുടര്‍ നിയമ നടപടികളില്‍ നിന്ന് ഒഴിവായി. 1.8 ദശലക്ഷം ഡോളര്‍ (153 കോടിയോളം രൂപ) പിഴയൊടുക്കുന്ന കരാറില്‍ മാഡ്രിഡ് കോടതിയിലെത്തി ഒപ്പിട്ടാണ് താരം രക്ഷപ്പെട്ടത്.

2010-14 കാലയളവില്‍ സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡിനു വേണ്ടി കളിക്കുമ്പോള്‍ റൊണാള്‍ഡോ നികുതി വെട്ടിപ്പു നടത്തിയെന്നാണ് കേസ്. നിയമ പ്രകാരം ഇത്തരം കേസുകളില്‍ 23 മാസത്തെ ജയില്‍ ശിക്ഷ കൂടി ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍, സ്‌പെയിനില്‍ ക്രിമിനല്‍ കേസുകള്‍ ഒഴികെയുള്ളവക്ക് തടവുശിക്ഷ ലഭിച്ചാലും ജയിലില്‍ കഴിയേണ്ടെന്ന പ്രത്യേക സംവിധാനമുള്ളതിനാല്‍ റൊണാള്‍ഡോക്കു ജയിലില്‍ പോകേണ്ടി വരില്ല.

സ്‌പെയിന്‍കാരിയായ പ്രതിശ്രുത വധു ജോര്‍ജിന റോഡ്രിഗസിനൊപ്പം എത്തിയ റൊണാള്‍ഡോ 15 മിനുട്ടോളം കോടതിയില്‍ ചെലവഴിച്ചു. മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിവാകാന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം അനുവദിക്കണമെന്ന റൊണാള്‍ഡോയുടെ അപേക്ഷ ജഡ്ജി തള്ളിയിരുന്നു.