ബി ജെ പിക്കു വേണ്ടി പ്രചാരണത്തിന് പൊതു പണം ചെലവിടുന്നു; മോദിക്കെതിരെ കോണ്‍ഗ്രസ്

Posted on: January 22, 2019 8:44 pm | Last updated: January 22, 2019 at 8:44 pm

ന്യൂഡല്‍ഹി: ബി ജെ പിക്കു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പ്രധാനമന്ത്രി പൊതുപണം ദുരുപയോഗപ്പെടുത്തുന്നതായി കോണ്‍ഗ്രസ്. വാരണസിയില്‍ പ്രവാസി ഭാരതീയ ദിവസ് പരിപാടിക്കിടെ മോദി തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയെന്നും വിഷയത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇടപെടണമെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

6000 കോടി രൂപയാണ് മോദി പ്രചാരണത്തിനായി ചെലവിട്ടത്. അധികാരത്തിലിരുന്ന ഇക്കാലമത്രയും സ്വന്തം പാര്‍ട്ടിക്കു വേണ്ടി തിരഞ്ഞെടുപ്പു പ്രചാരണം നടത്താനാണ് പ്രധാന മന്ത്രി വിനിയോഗിച്ചത്. ഇക്കാര്യത്തിനു ഇത്രയധികം പൊതു പണം ദുരുപയോഗപ്പെടുത്തിയ മറ്റൊരു പ്രധാന മന്ത്രി ഇന്ത്യയുടെ ചരിത്രത്തിലില്ല. പൊതു മേഖലാ സ്ഥാപനങ്ങള്‍ വന്‍ തുക ചെലവഴിച്ചാണ് സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നതെന്നും ആനന്ദ് ശര്‍മ പറഞ്ഞു.

രാജ്യം അതിവേഗം പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി അവകാശപ്പെടുമ്പോള്‍ സമ്പദ് വ്യവസ്ഥ പിറകോട്ടടിക്കുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് തൊഴിലവസരങ്ങള്‍ വലിയ തോതില്‍ നഷ്ടപ്പെടുന്നതായും ശര്‍മ കൂട്ടിച്ചേര്‍ത്തു.