അഭ്യൂഹങ്ങള്‍ക്ക് വഴിമരുന്നിട്ട് ജ്യോതിരാദിത്യ സിന്ധ്യ-ശിവ്‌രാജ് സിംഗ് ചൗഹാന്‍ കൂടിക്കാഴ്ച

Posted on: January 22, 2019 9:59 pm | Last updated: January 23, 2019 at 10:21 am

ഭോപാല്‍: രാഷ്ട്രീയ വൃത്തങ്ങളില്‍ അമ്പരപ്പും ആശ്ചര്യവും പടര്‍ത്തി കോണ്‍ഗ്രസ് എം പി ജ്യോതിരാദിത്യ സിന്ധ്യയും മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ശിവരാജ് സിംഗ് ചൗഹാനും തമ്മില്‍ കൂടിക്കാഴ്ച. തിങ്കളാഴ്ച രാത്രി വൈകി ചൗഹാന്റെ വസതിയിലെ അടച്ചിട്ട മുറിയില്‍ നടന്ന കൂടിക്കാഴ്ച നാല്‍പതു മിനുട്ട് നീണ്ടുനിന്നു.

സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകരോട് സിന്ധ്യ പറഞ്ഞു. ചൗഹാനും ഇത് ശരിവച്ചു. എന്നാല്‍, നിരവധി കാര്യങ്ങള്‍ സംസാരിച്ചതായും ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും ഇരുവരും പ്രതികരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കൂടിക്കാഴ്ചക്ക് നിര്‍ണായക പ്രാധാന്യമുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

തന്റെ രണ്ടു വിശ്വസ്തരുടെ ബന്ധുക്കളുടെ മരണത്തില്‍ അനുശോചനം അറിയിക്കുന്നതിനാണ് തിങ്കളാഴ്ച വൈകിട്ട് 6.15ഓടെ സിന്ധ്യ ഭോപാലിലെത്തിയത്. ഇവരുടെ വസതികള്‍ സന്ദര്‍ശിച്ച ശേഷം പൊടുന്നനെയാണ് ചൗഹാനെ കാണാനുള്ള തീരുമാനം സിന്ധ്യ കൈക്കൊണ്ടത്. ചൗഹാന്‍ ന്യൂഡല്‍ഹി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെയായിരുന്നു ഇത്.

തിരക്കിട്ട പരിപാടികളിലായിരുന്നിട്ടും ചൗഹാനെ സന്ദര്‍ശിക്കാന്‍ സിന്ധ്യയെടുത്ത തീരുമാനം രാഷ്ട്രീയ വൃത്തങ്ങളെ തെല്ലൊന്നുമല്ല ആശ്ചര്യപ്പെടുത്തിയത്.
കൂടിക്കാഴ്ച കഴിഞ്ഞ് മടങ്ങുമ്പോള്‍ തങ്ങളെ വളഞ്ഞ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഇരുവരും മറുപടി നല്‍കി.

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബി ജെ പി വ്യക്തിപരമായി നടത്തിയ ആക്ഷേപങ്ങളെ കുറിച്ചു ചോദിച്ചപ്പോള്‍ സിന്ധ്യയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘ജീവിതകാലം മുഴുവന്‍ വിരോധവും വെറുപ്പും കൊണ്ടുനടക്കണമെന്ന കാഴ്ചപ്പാടുകാരനല്ല ഞാന്‍. ഒരു കാര്യം നടന്നു കഴിഞ്ഞാല്‍ ഇരുട്ടി വെളുക്കുന്നതോടെ അത് അവസാനിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് കലഹവും വാഗ്വാദവുമെല്ലാം ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍, ഫലം പുററത്തു വരുന്നതോടെ അതില്ലാതാകും. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുകയെന്നതാണ് നിലപാട്.’

പ്രതിപക്ഷം എല്ലായിപ്പോഴും സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണക്കുകയും പ്രശംസിക്കുകയും വീഴ്ചകളെ തുറന്നുകാണിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ചൗഹാന്റെ കര്‍ത്തവ്യത്തെ കുറിച്ചു ചോദിച്ചപ്പോള്‍ സിന്ധ്യ പറഞ്ഞു. പ്രതിപക്ഷം സഹായകരവും സൃഷ്ടിപരവുമായ നിലപാടുകള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

കൂടിക്കാഴ്ച വ്യാപക ഊഹാപോഹങ്ങള്‍ക്ക് വഴിമരുന്നിട്ടിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഏതെങ്കിലും തരത്തിലുള്ള നീക്കുപോക്കുകള്‍ ഉണ്ടാക്കലോ മധ്യപ്രദേശിലെ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികളോ ആവാം ചര്‍ച്ചാ വിഷയമായതെന്നാണ് ചില രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തല്‍. തന്റെ മണ്ഡലമായ ഗുന-ശിവ്പുരിയില്‍ നിന്നു തന്നെ ഇത്തവണയും ജനവിധി തേടുമെന്ന് സിന്ധ്യ വ്യക്തമാക്കിയിട്ടുണ്ട്. ഈ സീറ്റില്‍ സിന്ധ്യയുടെ അടുത്ത ബന്ധുവായ യശോദര രാജെയെ മത്സരിപ്പിക്കാനാണ് ബി ജെ പി നീക്കം.

മൂന്നു തവണ മുഖ്യമന്ത്രിയായ ചൗഹാന് പ്രതിപക്ഷ നേതൃ സ്ഥാനം നല്‍കാതെ പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ് പദവി മാത്രമാണ് ബി ജെ പി നല്‍കിയത്. ഇതില്‍ ചൗഹാനുള്ള അതൃപ്തി കണ്ടറിഞ്ഞാണോ കോണ്‍ഗ്രസ് നീക്കമെന്ന് ബി ജെ പിയില്‍ ആശങ്കയുയര്‍ന്നിട്ടുണ്ട്.