വരള്‍ച്ച: പുഴകളും അരുവികളും വറ്റിവരളുന്നു

Posted on: January 22, 2019 3:55 pm | Last updated: January 22, 2019 at 3:55 pm

കല്‍പ്പറ്റ: കൊടും വരള്‍ച്ച നേരത്തെ എത്തുമെന്ന മുന്നറിയിപ്പുമായി പുഴകളും അരുവികളും തോടുകളും വറ്റിവരളുന്നു. പ്രളയത്തിനു ശേഷം ജില്ലയില്‍ സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ജില്ലയിലെ പ്രധാന നദികളടക്കം വറ്റിവരളുകയാണ്.
കമ്പനിയുടെ കൈവഴികളായ മാനന്തവാടി, കൊയാലേരി, പനമരം, വെണ്ണിയോട് ബാവലി തുടങ്ങി പല ഭാഗങ്ങളിലും വരള്‍ച്ച രൂക്ഷമാവുകയാണ്. ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകളിലെല്ലാം വെള്ളം വലിഞ്ഞു തുടങ്ങി. വേനല്‍ ശക്തമാകുന്ന ഏപ്രില്‍ മെയ് മാസങ്ങളില്‍ കഴിഞ്ഞ തവണ കൊടും വരള്‍ച്ചയാണ് ജില്ല നേരിട്ടത് ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശക്തമായ വരള്‍ച്ചയുണ്ടാകുമെന്നാണ് മരം കോച്ചുന്ന മകരത്തിലെ തണുപ്പിലും വരള്‍ച്ച നല്‍കുന്ന സൂചന.

ജില്ലയില്‍ പല ഭാഗങ്ങളിലും കാര്‍ഷിക വിളകള്‍ വരള്‍ച്ചയില്‍ കരിഞ്ഞുണങ്ങി തുടങ്ങിയിട്ടുണ്ട്. പരമ്പരാഗത ജലസ്രോതസ്സുകളൊക്കെ തന്നെ വറ്റി തുടങ്ങി ഡിസംബറില്‍ തന്നെ പല ഭാഗങ്ങളിലും കുടിവെള്ള ക്ഷാമരടക്കം നേരിട്ടു തുടങ്ങിയിരുന്നു. നഗരങ്ങളിലും ജലസ്രോതസ്സുകളാക്കെ വറ്റിവരളുന്ന അവസ്ഥയാണ് നിലവിലുള്ളത് വയലുകളില്‍ നെല്ല് വിളവെടുപ്പ് ആയെങ്കിലും വാഴകൃഷി മറ്റ് പച്ചക്കറി കൃഷികള്‍ എന്നിവയെ വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ജില്ലയിലെ പല ഭാഗങ്ങളിലും പരമ്പരാഗത ജലസ്രോതസ്സുകളില്‍ നിന്നും പുഴകളില്‍ നിന്നുമൊക്കെയാണ് വെള്ളം ശേഖരിച്ചിരുന്നത് എന്നാല്‍ പ്രളയത്തിനു ശേഷം ഈ ജലസ്രോതസ്സുകളൊക്കെ വറ്റി കൊണ്ടിരിക്കുകയാണ് പുഴകളില്‍ പ്രളയത്തില്‍ ഒലിച്ചു വന്ന മണ്ണ് തടയണകളായി വെള്ളം കെട്ടി നിന്ന് ഒഴുക്ക് തന്നെ ഇല്ലാതായിരിക്കുകയാണ് പ്രളയം ഏറ്റവും കൂടുതല്‍ തകര്‍ത്ത പൊഴുതന അച്ചൂര്‍ വെണ്ണിയോട് ഭാഗങ്ങളില്‍ നദികളില്‍ മുട്ടിനു താഴെയെ വെള്ളമുള്ളൂ.

വരള്‍ച്ച നേരത്തെ തന്നെ എത്തുന്നത് കടുത്ത ആശങ്കക്കിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കുടിവെള്ളത്തിനായി നെട്ടോട്ടമോടിയവരൊക്കെ ഇത്തവണ കൂടുതല്‍ ആശങ്കയിലാണ് പ്രളയത്തിനു ശേഷമുള്ള കാലാവസ്ഥാ വ്യതിയാനം ജനങ്ങള്‍ക്കിടയില്‍ വലിയ മാനസിക സംഘര്‍ഷമുണ്ടാക്കുന്നുണ്ട്
പ്രളയം ഇത്തവണ തന്നെ കര്‍ഷകരുടെ നട്ടെല്ലൊടിച്ചിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷം കര്‍ഷകര്‍ എങ്ങിനെ കൃഷിയിറക്കുമെന്ന ആശങ്കയിലാണ്. വരള്‍ച്ച ശക്തമായാല്‍ കാര്‍ഷിക വിളകളെല്ലാം കരിഞ്ഞുണങ്ങും കഴിഞ്ഞ വര്‍ഷം തന്നെ വരള്‍ച്ചയില്‍ നെല്ല്, വാഴ തുടങ്ങിയ കാര്‍ഷിക വിളകള്‍ ഒന്നടങ്കം നഷ്ടത്തിലായിരുന്നു. ഇതുമൂലം ബാങ്കുകളിലടക്കം വന്‍ ബാധ്യതകള്‍ കര്‍ഷകര്‍ക്ക് ഉണ്ടാക്കിയിരുന്നു. കടുത്ത മാനസിക സംഘര്‍ഷത്തിലാണ് കര്‍ഷകര്‍ 2019 പിറന്നപ്പോള്‍ തന്നെ ജില്ലയില്‍ രണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കാര്‍ഷിക മേഖലയുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ അധികൃതര്‍ വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ലെന്ന പരാതി ശക്തമാണ്.
കൊടും വരള്‍ച്ചയും പിന്നീട് വന്ന മഹാപ്രളയവുമാണ് വയനാട്ടിലെ കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിച്ചത്. ജില്ലയിലെ പല ഭാഗങ്ങളിലും വരള്‍ച്ച ശക്തമാകുന്നത് ഭീതിയോടെയാണ് കര്‍ഷകരടക്കമുള്ള ജനങ്ങള്‍ കാണുന്നത്.