ശബരിമല സീസണ്‍: കെ എസ് ആര്‍ ടി സി വരുമാനത്തില്‍ മൂന്നിരട്ടി വര്‍ധന

Posted on: January 22, 2019 3:07 pm | Last updated: January 22, 2019 at 3:07 pm

തിരുവനന്തപുരം: ശബരിമല സീസണില്‍ കെ എസ് ആര്‍ ടി സി വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം. കഴിഞ്ഞ സീസണിലേതിനേക്കാള്‍ മൂന്നിരട്ടി വര്‍ധനയാണ് ഇത്തവണ കെ എസ് ആര്‍ ടി സിക്ക് ലഭിച്ചത്.
കഴിഞ്ഞ ദിവസം അവസാനിച്ച ഈ സീസണില്‍ 42.5 കോടി രൂപയാണ് ശബരിമലയില്‍ നിന്നുള്ള കെ എസ് ആര്‍ ടി സിയുടെ വരുമാനം. കഴിഞ്ഞ സീസണില്‍ ഇത് 15.2 കോടി രൂപയായിരുന്നു. പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസുകളില്‍ നിന്ന് 31.2 കോടി രൂപയും, ദീര്‍ഘദൂര സര്‍വീസുകളില്‍ നിന്നും 14 കോടിയും വരുമാനം ലഭിച്ചു. കെ എസ് ആര്‍ ടി സി ചരിത്രത്തിലാദ്യമായി ക്യൂ ആര്‍ കോഡ് സംവിധാനമുള്ള ടിക്കറ്റിംഗ് സമ്പ്രദായമാണ് ഇത്തവണ ഏര്‍പ്പെടുത്തിയിരുന്നത്. ഇതുവഴി തീര്‍ഥാടകര്‍ ദര്‍ശനത്തിനെത്തുന്നതും തിരിച്ചിറങ്ങുന്നതും കൃത്യമായി രേഖപ്പെടുത്താന്‍ കഴിഞ്ഞിരുന്നു.

ഡിജിറ്റല്‍ ടിക്കറ്റിംഗ് സംവിധാനത്തിലൂടെ കണ്ടക്ടര്‍ ഇല്ലാതെ ഡ്രൈവറെ മാത്രം ഉപയോഗിച്ചുള്ള സര്‍വീസ് ക്രമീകരിച്ചത് കോര്‍പറേഷന്റെ വരുമാനത്തിന് പ്രധാന ഘടകമായി. ഇതിന് പുറമെ തീര്‍ഥാടകര്‍ക്ക് വാഹനത്തിന് വേണ്ടി കാത്തു നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കിയതിനാല്‍ തിരക്കേറിയ മകര വിളക്ക് കാലത്തും സുഗമമായ തീര്‍ഥാടനം സാധ്യമായിരുന്നു. പൂര്‍ണമായും സ്വകാര്യമേഖലയെ ഒഴിവാക്കി പൊതുഗതാഗതത്തെ മാത്രം ഉപയോഗപ്പെടുത്തിയാണ് കെ എസ് ആര്‍ ടി സി യാത്രാ ക്രമീകരണം ഏര്‍പ്പെടുത്തിയത്.

99 നോണ്‍ എസി ബസും, 44 എസി ബസുകളും 10 ഇലക്ട്രിക്ക് ബസുകളുമാണ് പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസില്‍ സ്ഥിരമായി ഓടിച്ചത്. പമ്പയില്‍ നിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് സ്ഥിരമായി 70 ബസുകളും ഉപയോഗിച്ചു. മകര വിളക്ക് ദിവസത്തെ തിരക്ക് പരിഗണിച്ച് ബസുകളുടെ എണ്ണം 1000 ആക്കി ഉയര്‍ത്തിയിരുന്നു.