മില്‍മ: ക്ഷീര കര്‍ഷകര്‍ക്കുള്ള ആനുകൂല്യം വെട്ടിക്കുറച്ചു

കോഴിക്കോട്
Posted on: January 22, 2019 2:53 pm | Last updated: January 22, 2019 at 2:53 pm

സ്വകാര്യ ഏജന്‍സികള്‍ വെല്ലുവിളി ഉയര്‍ത്തിയതോടെ ലാഭവിഹിതം കുറഞ്ഞ മില്‍മ ക്ഷീര കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു. ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്ന മലബാര്‍ മേഖലയിലാണ് കര്‍ഷകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന തുക വെട്ടിക്കുകുറച്ചത്. മലബാറില്‍ 2016- 2017 വര്‍ഷത്തില്‍ 30.99 കോടി രൂപയായിരുന്നു കര്‍ഷകര്‍ക്ക് നല്‍കിയ ഇന്‍സന്റീവ് തുക. എന്നാല്‍, ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷകമാകട്ടെ 10.52 കോടിയേ മില്‍മക്ക് ഈയിനത്തില്‍ നല്‍കാനായിട്ടുള്ളൂ. സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകാന്‍ ഏതാനും മാസങ്ങള്‍ മാത്രമേയുള്ളൂവെന്നിരിക്കെ ഈ വര്‍ഷം ആകെ കൊടുത്തത് 2.88 കോടി രൂപ മാത്രം.
എറണാകുളം റീജ്യനലിലും ഇന്‍സന്റീവ് നിരക്ക് കുറക്കാനുള്ള നിര്‍ദേശങ്ങള്‍ ബോര്‍ഡ് മുമ്പാകെ ചര്‍ച്ചയിലാണ്. ഇക്കഴിഞ്ഞ 18ന് നടന്ന ബോര്‍ഡ് യോഗം ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും അടുത്ത രണ്ട് മാസം കഴിഞ്ഞ് ഇന്‍സന്റീവ് തുക കുറക്കുന്നത് സംബന്ധിച്ച് പരിഗണിക്കാമെന്ന ധാരണയിലെത്തുകയായിരുന്നു.
കര്‍ഷകരില്‍ നിന്ന് വാങ്ങുന്ന പാലിന് നല്‍കുന്ന 35 രൂപ 40 പൈസക്ക് പുറമെ മില്‍മക്ക് ലഭിക്കുന്ന ലാഭത്തിന്റെ നിശ്ചിത ശതമാനം കര്‍ഷകര്‍ക്ക് പ്രോത്സാഹന തുകയായി നല്‍കുന്നതാണ് ഇന്‍സന്റീവില്‍ ഒരിനം. കാലിത്തീറ്റ വാങ്ങുന്നതിനായി നല്‍കുന്ന തുകയാണ് മറ്റൊന്ന്. ഇവ രണ്ടിലും കാര്യമായ കുറവ് വന്നതോടെ ക്ഷീര കര്‍ഷകര്‍ നിരാശയിലാണ്.

ഏകദേശം നാല് ലക്ഷത്തോളം ക്ഷീര കര്‍ഷകരാണ് മില്‍മയെ ആശ്രയിച്ചു ജീവിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സര്‍ക്കാറിന്റെ വിവിധ പ്രോത്സാഹന പദ്ധതികള്‍ കാരണം കര്‍ഷകരുടെ എണ്ണം കൂടുകയും പാല്‍ ഉത്പാദനം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് ഇക്കഴിഞ്ഞ വര്‍ഷം മുക്കാല്‍ ലക്ഷം ലിറ്റര്‍ പാല്‍ സംഭരണം വര്‍ധിച്ചിട്ടുണ്ട്. മലബാറിലും എറണാകുളത്തുമെല്ലാം ഏകദേശം പത്ത് ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് പ്രളയം കാരണം പല സംരംഭങ്ങളും നശിച്ചതോടെയാണ് ക്ഷീര കര്‍ഷകരുടെ എണ്ണം വര്‍ധിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പാല്‍ നിശ്ചിത തുകക്ക് മില്‍മ ഏറ്റെടുക്കുമെന്നിരിക്കെ ഉറച്ച വരുമാനം എന്ന നിലക്കാണ് ക്ഷീര കാര്‍ഷിക രംഗം കണക്കാക്കപ്പെടുന്നത്. എന്നാല്‍, സ്വകാര്യ ഏജന്‍സികള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യുന്നതോടെ കേരളത്തിലെ മില്‍മ ഭീഷണിയുടെ നിഴലിലാകും ഒപ്പം ക്ഷീര കാര്‍ഷിക രംഗം തകര്‍ന്ന് തരിപ്പണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഉമര്‍ മായനാട്
കോഴിക്കോട്