Connect with us

Malappuram

വേങ്ങരയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജിവെച്ചില്ല; നേതൃത്വം വെട്ടിലായി

Published

|

Last Updated

വേങ്ങര: സാമൂഹിക മാധ്യമങ്ങളില്‍ പാര്‍ട്ടി വിരുദ്ധ പരാമര്‍ശം നടത്തിയ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് ഒഴിയണമെന്ന നിര്‍ദേശം പാലിച്ചില്ല. 12 ാം വാര്‍ഡ് അംഗം കെ കെ മന്‍സൂറാണ് മുസ്‌ലിം ലീഗ് നേതൃത്വത്തെ തള്ളി നിര്‍ദേശം പാലിക്കാതിരുന്നത്. ഇതേ തുടര്‍ന്ന് പഞ്ചായത്ത് നേതൃത്വം സമ്മര്‍ദത്തിലായി. രണ്ടാഴ്ച മുമ്പാണ് മന്‍സൂര്‍ വിവാദമായ പരാമര്‍ശം നടത്തിയത്.

കെ എന്‍ എ ഖാദര്‍ എം എല്‍ എ. മണ്ഡലത്തില്‍ വികസനങ്ങളൊന്നും കൊണ്ട് വന്നിട്ടില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടിയും പഞ്ചായത്തും കൊണ്ട് വന്ന വികസനങ്ങളുടെ അവകാശ വാദം എം എല്‍ എ ഉന്നയിക്കുകയാണെന്നും ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നത്. ഇതോടെ മന്‍സൂറുമായി ഭിന്നതയുള്ളവര്‍ പരാതിയുമായി നേതൃത്വത്തെ സമീപിക്കുകയും ജില്ലാ നേതൃത്വം അന്വേഷണത്തിന് പ്രതിനിധിയെ നിയമിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഈ മാസം ഇരുപതാം തീയതിക്കകം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുകയും വിവരം പഞ്ചായത്ത് കമ്മിറ്റിയെ അറിയിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി കത്തും നല്‍കിയിരുന്നു.

കത്ത് കിട്ടിയതോടെ താന്‍ വാര്‍ഡ് അംഗത്വം തന്നെ രാജി വെക്കുന്നതായി അറിയിച്ച് മന്‍സൂര്‍ വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. അതോടൊപ്പം മന്‍സൂര്‍ രാജി വെക്കുന്നതോടെ തങ്ങളും മെമ്പര്‍ സ്ഥാനം രാജി വെക്കുമെന്ന് പഞ്ചായത്ത് ബോര്‍ഡിലെ മൂന്ന് ലീഗ് മെമ്പര്‍മാരും നിലപാട് പ്രഖ്യാപിച്ചു. ഇതോടെ പഞ്ചായത്ത് കമ്മിറ്റി കൂടുതല്‍ സമ്മര്‍ദത്തിലായി. പാര്‍ട്ടിക്കെതിരെയും മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയും സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയ മന്‍സൂറിനെതിരെ നടപടികളെടുക്കാതിരിക്കാന്‍ കാരണം ഇയാള്‍ക്ക് ലീഗിലെ ഉന്നത നേതൃത്വങ്ങളുമായുള്ള ബന്ധമാണെന്നാണ് പ്രാദേശിക ലീഗ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. അണികളുടെ രോഷം തണുപ്പിക്കാനുള്ള തന്ത്രം മാത്രമാണ് മന്‍സൂറിന്റെ രാജി ആവശ്യപ്പെടലിലൂടെ ലീഗ് നേതൃത്വം നടപ്പിലാക്കിയതെന്നും ആക്ഷേപമുണ്ട്.