അജൈവ മാലിന്യ സംസ്‌കരണം; തെക്കേപ്പുറം മാതൃകയാകുന്നു

Posted on: January 22, 2019 2:39 pm | Last updated: January 22, 2019 at 2:39 pm
ആക്ഷന്‍ ഫോര്‍ ക്ലീന്‍ തെക്കേപ്പുറത്തിന്റെ ഖരമാലിന്യ ശേഖരണ ഭാഗമായി എം എം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നു

കുറ്റിച്ചിറ: ‘മാലിന്യ മുക്തം എന്റെ തെക്കേപ്പുറം’ എന്ന പദ്ധതിയുടെ ഭാഗമായി കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ് അസോസിയേഷനുമായി സഹകരിച്ചുള്ള തെക്കേപ്പുറത്തെ മാലിന്യ മുക്ത പദ്ധതി ശ്രദ്ധേയമാകുന്നു. പ്രദേശത്തെ റസിഡന്‍സ് പരിധിയിലെ മുഴുവന്‍ വീടുകളിലുമെത്തി ചാക്കൊന്നിന് നിശ്ചിത ഫീസ് ഈടാക്കി അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതാണ് തെക്കേപ്പുറം ശബ്ദത്തിന്റെ കീഴിലുള്ള ആക്ഷന്‍ ഫോര്‍ ക്ലീന്‍ തെക്കേപ്പുറത്തിന്റെ പദ്ധതി.

ഇതിനായി തിരഞ്ഞെടുത്ത പതിനെട്ട് റസിഡന്‍സ് അസോസിയേഷനുകളിലും പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശേഖരണാര്‍ഥം ബാസ്‌ക്കറ്റുകള്‍ വിതരണം ചെയ്തിരുന്നു. വിതരണം ചെയ്ത ബാസ്‌ക്കറ്റുകള്‍ നിറയുന്നതോടെ ആ ഏരിയക്കായി ചുമതലപ്പെടുത്തിയ സംഘാടകനെ വീട്ടുകാര്‍ വിളിക്കുകയും തുടര്‍ന്ന് നിശ്ചിത വീടുകളാകുന്നതോടെ വാഹനത്തിലെത്തി മാലിന്യങ്ങള്‍ ശേഖരിക്കുന്ന വിധത്തിലാണ് പദ്ധതി സംവിധാനിച്ചിരിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ മിശ്ക്കാല്‍ റസിഡന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍, വയലില്‍ റസിഡന്‍സ് അസോസിയേഷന്‍, വാടിയില്‍ റസിഡന്‍സ് അസോസിയേഷന്‍, ഇടിയങ്ങര സൗത്ത് റസിഡന്‍സ് അസോസിയേഷന്‍, നന്മ റസിഡന്‍സ് അസോസിയേഷന്‍, പുതിയ തോപ്പ് തൊടുക റസിഡന്‍സ് അസോസിയേഷന്‍, കുണ്ടുങ്ങല്‍ റസിഡന്‍സ് അസോസിയേഷന്‍, എം എം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാലിക്കറ്റ് ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുണ്ടുങ്ങല്‍ ഗവ. യു പി എന്നിവിടങ്ങളില്‍ നിന്നായി 600 ചാക്ക് ഖരമാലിന്യങ്ങള്‍ നീക്കം ചെയ്തു.