ഹര്‍ത്താല്‍ നിരോധിക്കുന്നതിനോട് യോജിക്കാനാകില്ല: എളമരം

Posted on: January 22, 2019 2:34 pm | Last updated: January 22, 2019 at 2:34 pm
കോഴിക്കോടിനെ കലാപഭൂമിയാക്കുന്നതിനെതിരെ മുതലക്കുളത്ത് എല്‍ ഡി എഫ് സംഘടിപ്പിച്ച മതനിരപേക്ഷ കൂട്ടായ്മ എളമരം കരീം എം പി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഹര്‍ത്താല്‍ നിരോധിക്കണമെന്ന അഭിപ്രായത്തോട് ഒരിക്കലും യോജിക്കാനാകില്ലെന്ന് സി പി എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം. എം പി കോഴിക്കോടിനെ കലാപ ഭൂമിയാക്കാന്‍ അനുവദിക്കില്ല എന്ന പ്രമേയത്തില്‍ എല്‍ ഡി എഫ് സിറ്റി കമ്മിറ്റി സംഘടിപ്പിച്ച മതനിരപേക്ഷ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹര്‍ത്താലിന്റെ മറവില്‍ ആര്‍ എസ് എസും മറ്റും നടത്തുന്ന പേക്കൂത്തിനോട് യോജിക്കാനാകില്ല. നേരത്തെ പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകളോട് ഞങ്ങള്‍ക്ക് വിയോജിപ്പില്ല. ബ്രിട്ടീഷ് സാമ്രാജ്യത്തോട് സമരം ചെയ്തപ്പോള്‍ അതിനോട് വിയോജിച്ചവരുണ്ട്. അതേപോലെ ഏത് സമര രീതിയോടും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരുണ്ടാകും.

ഉത്തരവാദിത്വബോധമുള്ള അച്ചടക്ക ലംഘനമായി ഹര്‍ത്താലിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
മിന്നല്‍ ഹര്‍ത്താലിന്റെ സാഹചര്യങ്ങള്‍ രാജ്യത്തുണ്ടാകാം. ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ച സമയത്ത് നടന്ന ഹര്‍ത്താല്‍ അത്തരത്തിലൊരു സന്ദര്‍ഭമാണെന്നും പ്രക്ഷോഭ സമരങ്ങളില്‍ എല്ലാവരും മര്യാദ പാലിക്കണമെന്നും എളമരം കരീം പറഞ്ഞു. പി കെ നാസര്‍ അധ്യക്ഷത വഹിച്ചു. എം മോഹനന്‍, ആര്‍ ശശി, കെ ലോഹ്യ, സൂര്യനാരായണന്‍, എന്‍ സി മോയിന്‍കുട്ടി, അസീസ്, നവീന്ദ്രന്‍, സി കെ വിജയന്‍, കെ സുനില്‍ പ്രസംഗിച്ചു.