സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകള്‍ നിലക്കുന്നു

കൊച്ചി
Posted on: January 22, 2019 2:29 pm | Last updated: January 22, 2019 at 2:29 pm

കൊച്ചി: കണ്‍സ്യൂമര്‍ ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകള്‍ അവതാളത്തില്‍. കാലാവധി പുതുക്കാത്തതിനാലും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എടുക്കാത്തതിനാലും ത്രിവേണി വാഹനങ്ങളില്‍ അറുപത് ശതമാനവും കട്ടപ്പുറത്തായി. ഇത് കണ്‍സ്യൂമര്‍ ഫെഡിന് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. കണ്‍സ്യൂമര്‍ ഫെഡിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന എറണാകുളം ജില്ലയില്‍ സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകള്‍ പൂര്‍ണമായി നിലച്ചു. സംസ്ഥാനത്താകെ 141 മൊബൈല്‍ ത്രിവേണി സ്റ്റോറുകള്‍ ആരംഭിച്ചിരുന്നുവെങ്കിലും നിലവില്‍ പ്രവര്‍ത്തിക്കുന്നത് 60 എണ്ണം മാത്രമാണ്. പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതിനാല്‍ ഇതിന്റെയും നിലനില്‍പ്പ് ഭീഷണിയിലാണ്.

2011ല്‍ ജി സുധാകരന്‍ സഹകരണ മന്ത്രിയായിരിക്കെയാണ് സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഫെഡ് വഴി സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകള്‍ ആരംഭിച്ചത്. കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്ക് പലചരക്ക് ഉത്പന്നങ്ങള്‍ നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതിക്ക് തുടക്കം. ഒരു നിയോജക മണ്ഡലത്തിന് ഒന്നെന്ന കണക്കിലാണ് 141 മൊബൈല്‍ ത്രിവേണികള്‍ നിരത്തിലിറക്കിയത്. എന്നാല്‍ രണ്ട് വര്‍ഷം പൂര്‍ത്തിയായതോടെ ഇവ യുടെ പ്രവര്‍ത്തനം നിലക്കാന്‍ തുടങ്ങി. അധികൃതരുടെ കെടുകാര്യസ്ഥതയാണ് പ്രവര്‍ത്തനം താളം തെറ്റിച്ചത്. വാഹനങ്ങളുടെ സര്‍വീസ് മുടങ്ങിയതോടെ ഇവയിലുണ്ടായിരുന്ന ലക്ഷങ്ങള്‍ വിലപിടിപ്പുള്ള പ്രിന്ററും കമ്പ്യൂട്ടറുകളും അഴിച്ചുവെക്കാനും അധികൃതര്‍ തയ്യാറായില്ല. ഇതോടെ ഇവയും നശിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ ആദ്യത്തെ മൊബൈല്‍ ത്രിവേണി സ്റ്റോറായ അമ്പലപ്പുഴ മണ്ഡലത്തിലെ വാഹനവും രണ്ടര വര്‍ഷമായി കട്ടപ്പുറത്താണ്.

നാട്ടിന്‍പുറത്തെ സാധാരണക്കാരാണ് ഈ സംവിധാനത്തിന്റെ മുഖ്യഗുണഭോക്താക്കള്‍. വീടുകള്‍ക്ക് മുമ്പില്‍ എത്തുന്ന മൊബൈല്‍ ത്രിവേണി സ്റ്റോറുകള്‍ സാധാരണ ജനങ്ങള്‍ക്ക് വളരെയേറെ ഉപകാരപ്രദമായിരുന്നു. ആവശ്യത്തിന് വ്യാപാര സ്ഥാപനങ്ങളില്ലാത്ത മലയോര, ആദിവാസി മേഖലകളിലും ത്രിവേണിയുടെ ഈ സേവനം ആശ്വാസമായിരുന്നു. ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വാഹനങ്ങള്‍ വന്‍ തുക വീണ്ടും ചെലവാക്കിയാണ് സ്റ്റോറുകളാക്കി മാറ്റിയെടുത്തത്. ഇതിന് ചെലവായ തുകയുടെ പകുതി പോലും നേടിയെടുക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന് കഴിഞ്ഞിട്ടില്ല.

ലാഭകരമല്ലാത്തതിനാലാണ് മൊബൈല്‍ ത്രിവേണി സ്റ്റോറുകളുടെ എണ്ണം കുറച്ചതെന്നാണ് കണ്‍സ്യൂമര്‍ ഫെഡ് പറയുന്നതെങ്കിലും അധികൃതരുടെ നിസ്സംഗത തന്നെയാണ് മലയോര മേഖലയിലുള്‍പ്പെടെ ഇതിന്റെ സേവനം എത്തിക്കാനാകാത്തതിന് പിന്നിലെന്നാണ് ആക്ഷേപം. വാഹനത്തിനുണ്ടായ തകരാറുകള്‍ പരിഹരിച്ച് വീണ്ടും നിരത്തിലിറങ്ങാനാകുമെന്ന പ്രതീക്ഷ നേരത്തെയുണ്ടായിരുന്നുവെങ്കിലും ഈ പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കാനാണ് കണ്‍സ്യൂമര്‍ ഫെഡ് തീരുമാനമെന്നാണ് സൂചന.

തിരുവനന്തപുരത്ത് 12ഉം കൊല്ലത്ത് 11ഉം കോട്ടയത്ത് 10ഉം പാലക്കാട് ആറും തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ അഞ്ച് വീതവും ആലപ്പുഴയില്‍ നാലും പത്തനംതിട്ടയില്‍ മൂന്നും കണ്ണൂരിലും മലപ്പുറത്തും രണ്ട് വീതവുമാണ് നിലവില്‍ സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകളുള്ളത്.