Connect with us

Organisation

മൊറോക്കോ യൂനിവേഴ്‌സിറ്റിയില്‍ മര്‍കസ് സംഘത്തിന് ഉജ്ജ്വല സ്വീകരണം

Published

|

Last Updated

മൊറോക്കയിലെ ഫെസില്‍ സ്ഥിതി ചെയ്യുന്ന അല്‍ ഖറാവിയ്യീനില്‍ നല്‍കിയ സ്വീകരണത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും സയ്യിദ് അലി ബാഫഖി തങ്ങളും യൂനിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. അമാല്‍ ജലാലിനൊപ്പം

ഫെസ് (മൊറോക്കോ): ലോകത്തെ പ്രഥമ യൂനിവേഴ്‌സിറ്റിയായി ഐക്യരാഷ്ട്ര സഭ അടയാളപ്പെടുത്തിയ മൊറോക്കോയിലെ ഫെസിലുള്ള അല്‍ ഖറാവിയ്യീന്‍ യൂനിവേഴ്‌സിറ്റിയില്‍ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന് പ്രൗഢ സ്വീകരണം. യൂനിവേഴ്‌സിറ്റി ചാന്‍സലറും മൊറോക്കോയിലെ പ്രമുഖ പണ്ഡിതനുമായ ഡോ. അമാല്‍ ജലാലിന്റെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്.
1160 വര്‍ഷം മുമ്പ് നിര്‍മിക്കപ്പെട്ട ഈ യൂനിവേഴ്‌സിറ്റി പൗരാണിക കാലത്ത് രൂപപ്പെട്ട് ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വൈജ്ഞാനിക കേന്ദ്രം എന്ന നിലയില്‍ ലോകപ്രശസ്തമാണ്. മാലികി മദ്ഹബ് പ്രകാരം ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലും ആധ്യാത്മികത, വിശ്വാസ ശാസ്ത്രം എന്നീ ജ്ഞാനശാഖകളിലും ആഴത്തിലുള്ള ഉപരിപഠനത്തിന് ഇപ്പോഴും അല്‍ ഖറാവിയ്യീനില്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇസ്‌ലാമിക തനിമയും പഴക്കവുമുള്ള ഞങ്ങളുടെ നാട്ടിലേക്ക് സമാന വിധത്തില്‍ നൂറുകണക്കിന് വര്‍ഷത്തെ ജ്ഞാന പാരമ്പര്യവും പണ്ഡിതരുടെ സജീവ ഇടപെടലുകളും ഉണ്ടായ കേരളത്തില്‍ നിന്ന് മഹാപണ്ഡിതന്റെ നേതൃത്വത്തിലുള്ള സംഘമെത്തുന്നത് ഹൃദ്യമായ അനുഭവമാണെന്ന് യൂനിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണത്തില്‍ അല്‍ ഖറാവിയ്യീന്‍ ചാന്‍സലര്‍ അമാല്‍ ജമാല്‍ പറഞ്ഞു. അറിവ് സ്വീകരിക്കാനും അതിന്റെ പ്രചാരണത്തിനുമായി അതിര്‍ത്തികള്‍ നോക്കാതെ സഞ്ചാരം നടത്തിയ മഹാന്‍മാരായ പണ്ഡിതരുടെ യാത്രയെ ഇതോര്‍മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കലാതിവര്‍ത്തിയായി നിലനില്‍ക്കുന്ന വിജ്ഞാനമാണ് ഇസ്‌ലാമിന്റേതെന്നും ഫെസ് എന്ന പട്ടണം ആയിരക്കണക്കിന് പണ്ഡിതരെ രൂപപ്പടുത്തിയ കേന്ദ്രമാണെന്നും കാന്തപുരം പറഞ്ഞു. ഇന്ത്യയിലെ ഇസ്‌ലാമിക പണ്ഡിത ചരിത്രത്തെ കുറിച്ച് രചിച്ച ഗ്രന്ഥം കാന്തപുരം യൂനിവേഴ്‌സിറ്റി ലൈബ്രറിക്ക് കൈമാറി. യൂനിവേഴ്‌സിറ്റിയുടെ ഉപഹാരം അധികൃതര്‍ കാന്തപുരത്തിനും സമ്മാനിച്ചു.

ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി മര്‍കസിന്റെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് സംസാരിച്ചു. ഡോ. അബ്ദുസ്സലാം മുഹമ്മദ്, തറയിട്ടാല്‍ ഹസന്‍ സഖാഫി, അലിക്കുഞ്ഞി മുസ്‌ലിയാര്‍, ഉസ്മാന്‍ സഖാഫി തിരുവത്ര, സയ്യിദ് ഹുസൈന്‍ വാടാനപ്പള്ളി, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, നാസര്‍ ഹാജി ഓമച്ചപ്പുഴ, ഷൗക്കത്തലി മുണ്ടകാട്ടില്‍, അന്‍വര്‍ സാദത്ത്, മുനീര്‍ പാണ്ടിയാല, അബ്ദുല്‍ ഗഫാര്‍ സഅദി, മുഹമ്മദ് നൂറാനി ചടങ്ങില്‍ സംബന്ധിച്ചു.

Latest